ആയിരം കോടി മുടക്കി എം ടി യുടെ രണ്ടാം ഊഴം എന്ന മഹാഭാരതത്തിലെ കഥാപാത്രങ്ങളെ ആഷ്പതമാക്കിയുള്ള നോവൽ സിനിമ ആവുകയാണ്. മോഹൻലാൽ ആണ് നായകൻ. ഇങ്ങനെ ഒരു സിനിമ വരുമ്പോൾ അതിനനുസരിച്ചു ചർച്ചകളും വരേണ്ടതല്ലേ. വന്നു. വന്നുകൊണ്ടിരിക്കുന്നു.
ബാഹുബലി വന്നപ്പോഴും വന്നിരുന്നല്ലോ ഒരു കൂട്ടം ആളുകൾ അത് ഹിന്ദുത്വ സിനിമ ആണെന്നും പറഞ്ഞു. ബാഹുബലിയിൽ മുസ്ലിം കഥാപാത്രങ്ങൾ ഇല്ലാത്തതു കൊണ്ട് ആ സിനിമയെ പുകഴ്ത്തേണ്ട ആവശ്യമില്ലെന്നു ഒരു ക്രിസ്ത്യൻ എഴുത്തുകാരി എഴുതികൂട്ടിയിരുന്നു. ശകുനി ഇങ്ങനെ ആയിരുന്നു എന്നാണ് കേട്ടത്. ഇവിടെയും വന്നു ഇതുപോലെ ഒരു ടീം. അങ്കമാലി ഡയറീസ്ന്റെ റിവ്യൂ എന്ന പേരിൽ ഒരു ടീവി ചാനലിൽ ഒരുത്തൻ അത് ഒരു ക്രിസ്ത്യൻ സിനിമ എന്ന് ആരോപിച്ചു. അപ്പോൾ വെറുതെ ഉസ്താദ് ഹോട്ടൽ എന്ന ഇസ്ലാം സിനിമയെക്കുറിച്ചും വാത്സല്യം എന്ന ഹിന്ദുത്വ സിനിമയെ കുറിച്ചും ഓർത്തു പോയി. ഇനിയിപ്പോൾ സിനിമയെ കുറിച്ച് പറയുമ്പോൾ ഇങ്ങനെയും പറയേണ്ടി വരുമോ? ഇങ്ങനെ ആണെങ്കിൽ അങ്ങനെയും വരും എന്നാണ് തോന്നുന്നത്. ഇനി ലേറ്റസ്റ്റ് വിഷയത്തിലേക്കു വരാം. രണ്ടാം ഊഴവും മഹാഭാരതവും.
രണ്ടാം ഊഴം മഹാഭാരതം എന്ന പേരിൽ സിനിമയാക്കുന്നതിനു എതിരെ ആണ് ഭീക്ഷണിയുമായി ഹിന്ദു ഐക്യ വേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല വന്നിരിക്കുന്നത്. ഹിസ്റ്ററി ടീച്ചർ ആണ് അവർ. എല്ലാവരും അവരെ ടീച്ചർ ടീച്ചർ ടീച്ചർ എന്നാണു വിളിക്കുക. എന്ത്കൊണ്ടാണ് മഹാഭാരതം എന്ന പേരിനോട് അവർക്കിത്ര ദേഷ്യം എന്നറിയാൻ ഗൂഗിളിനോട് ഞാൻ സംസാരിച്ചു അപ്പോഴാണ് ടീച്ചറിന്റെ ഒരു കിടിലം കണ്ടുപിടിത്തത്തെ പറ്റിയറിയാൻ കഴിഞ്ഞത്. ഓ മൈ ഗാഡ്!!! ഞാൻ ഞെട്ടി. ശരിക്കും ഞെട്ടി. ഡാ വിഞ്ചി കോഡ് എന്ന സിനിമ ബൈബിളിനെ ആഷ്പതമാക്കിയാണത്രെ! ത്രെ ത്രെ ത്രെ! ബൈബിൾ എങ്ങനെ ‘ഡാ വിഞ്ചി കോഡ്’ ആയി എന്ന് ടീച്ചർ വിശദീകരിക്കും എന്ന വിശ്വാസത്തോടെ നമ്മൾക്ക് കാത്തിരിക്കാം. “ബൈബിൾ സിനിമ ആയപ്പോൾ ഡാ വിൻസി കോഡ് എന്നാണു പേരിട്ടത്, എന്ത് കൊണ്ടാണ് ബൈബിൾ എന്ന് ഇടാതിരുന്നത്” ടീച്ചർ ചോദിക്കുന്നു. അറിവില്ലായ്മ ഒരു തെറ്റല്ലല്ലോ.
ഇത് എഴുതേണ്ടി വന്നത് അവർ മഹാഭാരതം എന്ന പേരിടാൻ പാടില്ല എന്നപറഞ്ഞു വന്നതു കൊണ്ടല്ല. അഭിപ്രായ സ്വാതന്ത്രം എല്ലാവര്ക്കും ഉണ്ട്. മറിച്ചു അതിനെ ‘ഡാ വിഞ്ചി കോഡും’ ആയി കൂട്ടി കുഴച്ചു പിന്നെ ‘ഡാ വിഞ്ചി കോഡ്’ ബൈബിൾ ആണെന്നും പറഞ്ഞു വന്നതിനാലാണ്, അതിനു സപ്പോർട്ട് ചെയ്യാൻ കുറെ ആളുകളും. വാദിക്കാൻ വേറെ പല കാര്യങ്ങളും പറയാം. കഥയ്ക്കനുസരിച്ചു ‘രണ്ടാം ഊഴം’ എന്ന പേര് തന്നെ ആണ് നല്ലതു. അല്ലെങ്കിൽ ‘ഭീമൻ’ അങ്ങനെ എന്തെങ്കിലും. ‘മഹാഭാരതം’ എന്ന പേര് ഒരു ബിസിനസ് തന്ത്രം തന്നെ ആണ്. പക്ഷെ പടം എക്കുന്നവരുടെ തീരുമാനല്ലേ. ഇനിയിപ്പോ ‘ഭഗവത് ഗീത’ എന്നാണു ഇടുന്നതെങ്കിൽ ഇവർ പറയുന്നതിന്റെ പകുതിയെങ്കിലും മനസിലാകും പക്ഷെ ഇത് ഇപ്പൊ! ഇങ്ങനെ വിഡ്ഢിത്തങ്ങൾ പറഞ്ഞു നടക്കരുത്. അതല്ലെങ്കിൽ പടം തുടങ്ങുന്നതിനു മുൻപിൽ ഈ കഥയോ കഥാപാത്രങ്ങളോ മഹാഭാരതത്തിൽ ഉള്ളവരുമായോ ഇല്ലാത്തവരുമായോ സാമ്യം തോന്നുന്നുവെങ്കിൽ തികച്ചും യാദൃശ്ചികം എന്ന് ഒരു ബോർഡ് കൊടുത്താലോ!
അതെ സമയം പാലാരിവട്ടത്തു രണ്ടാം ഊഴത്തെ പറ്റി പ്രസംഗിച്ചു കൊണ്ടിരുന്ന ശശിയുടെ അടുത്തേക്ക് പ്രഭാകരൻ ഓടി വന്നു “മാഷേ നാളെ ടീവിയിൽ കുഞ്ഞി രാമായണവും അഭിമന്യുവും രാവണനും”
ശശി ഞെട്ടി “പ്രഭാകരാ!”
Be the first to comment on "ബൈബിളും, ഡാ വിഞ്ചി കോഡും, രണ്ടാം ഊഴം സിനിമയും പിന്നെ ശശികല ടീച്ചറും"