സാധാരണ 3D പ്രിന്‍റിംഗ് ആയാലും വിഷ്വല്‍ ആയാലും അത് കാണാന്‍ ഒരു കണ്ണട ആവശ്യമുണ്ടെന്നുള്ളതാണ് അതിന്‍റെ ഏറ്റവും വലിയ പോരായമ. കണ്ണട ധരിക്കുന്നത് പലര്‍ക്കും അസൌകര്യമുണ്ടാക്കുകയും തലവേദന സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് 3D സിനിമയുടെ ആസ്വാദനത്തെ വലിയൊരളവില്‍ തടസ്സപ്പെടുത്തുകയും ചെയ്യും. കണ്ണടയില്ലാതെ 3D കാണാന്‍ കഴിയുക എന്നത് സാങ്കേതിക വിദഗ്ദ്ധര്‍ എക്കാലവും കൊണ്ടുനടന്ന സ്വപ്നമായിരുന്നു. കണ്ണടയില്ലാതെ 3D കാണാന്‍ കഴിയുന്ന സാങ്കേതിക വിദ്യ കണ്ടെത്തുന്നതിനായി ലോകമെമ്പാടും ധാരാളം പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ചെറിയ വലിപ്പത്തിലുള്ള സ്ക്രീനുകളില്‍ ഒരു പരിധിവരെ അത്തരം പരീക്ഷണങ്ങള്‍ വിജയം നേടി എന്നുപറയാം.
പ്രിന്‍റ് മീഡിയയില്‍ വളരെക്കാലം മുന്‍പ് മുതല്‍ തന്നെ കണ്ണടയില്ലാതെ 3D കാണാന്‍ കഴിയുന്ന സാങ്കേതിക വിദ്യകണ്ടെത്തിക്കഴിഞ്ഞിരുന്നു. എച് സി ജെ ഡീക്സ് എന്നയാള്‍ 1906ല്‍ ആദ്യമായി 3D പ്രിന്‍റിംഗിന്‍റെ ആദിമ രൂപം നിര്‍മ്മിച്ചെടുത്തു. അതിന്‍റെ ആധുനിക സാങ്കേതമാണ് ലെന്‍റിക്കുലര്‍ പ്രിന്‍റിംഗ് ടെക്നോളജി. ലെന്‍റിക്കുലറില്‍ പ്രിന്‍റിംഗില്‍ ഒരു സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റില്‍ ഉരുണ്ട് നീണ്ട വളരെ ചെറിയ ലെന്‍സുകള്‍ ഒട്ടിച്ചുവച്ചിരിക്കും. ഇങ്ങനെ ആനേകം ലെന്‍സുകള്‍ ചെറിയൊരു ഷീറ്റില്‍ തന്നെ ചേര്‍ത്തിട്ടുണ്ടാകും. ഈ ലെന്‍സിന്‍റെ പ്രത്യേകത അതിന്‍റെ തൊട്ടു താഴെയുള്ള രൂപത്തിന്‍റെ ഇടതും വലതുമായ ദൃശ്യങ്ങള്‍ ഇതതു വലത് കണ്ണുകള്‍ക്ക് പ്രത്യേകമായാണ് കാണാന്‍ കഴിയുക എന്നതാണ്. ഈ ലെന്‍റിക്കുലര്‍ പാളിക്ക് തൊട്ടുതാഴെ 3ഡിയില്‍ കാണേണ്ട ചിത്രം വയ്ക്കുന്നു. ഇങ്ങനെ വയ്ക്കുന്ന ചിത്രം പ്രത്യേക രീതിയില്‍ പ്രിന്‍റ് ചെയ്തതാണ്.
3ഡി സിനിമ പ്രദര്‍ശിപ്പിക്കുമ്പോഴെന്നപോലെ 3ഡി ദൃശ്യത്തിനാവശ്യമായ ഇടത് വലത് ചിത്രങ്ങള്‍ ഇവിടെയും ആവശ്യമാണ്. എന്നാല്‍ അത് പ്രിന്‍റ് ചെയ്തിരിക്കുന്നത് ഒരുമിച്ചാണെന്ന് മാത്രം. നേര്‍ത്തവരകാളായാണ് ചിത്രങ്ങള്‍ പ്രിന്‍റ് ചെയ്തിരിക്കുന്നത്. ആദ്യം ഇടത്തേ ചിത്രത്തിന്‍റെ വരയാണെങ്കില്‍ അടുത്തവര വലത്തേ ചിത്രത്തിന്‍റേതായിരിക്കും. ഇങ്ങനെ തുടര്‍ച്ചയായ ഇടകലര്‍ന്ന വരകളിലൂടെ ഇടതുവലതു ചിത്രങ്ങള്‍ ഒരുമിച്ച് പ്രിന്‍റ് ചെയ്ത ഷീറ്റ് ലെന്‍റിക്കുലാര്‍ ഷീറ്റിനടിയില്‍ വയ്ക്കുന്നു. ലെന്‍റിക്കുലര്‍ ഷീറ്റിലെ ലെന്‍സിലൂടെ നോക്കുമ്പോള്‍ ഓരോ ലെന്‍സും ഇടതു വലത് ചിത്രങ്ങളുടെ ഭാഗങ്ങള്‍ ഇടതു വലതു കണ്ണുകള്‍ക്ക് പ്രത്യേകമായി കാണാന്‍ കഴിയുന്നു. അത് 3ഡി ചിത്രമായി കാഴ്ചക്കാര്‍ക്ക് അനുഭവപ്പെടുകയും ചെയ്യുന്നു.
ഇടതുവലത് ചിത്രങ്ങള്‍ പ്രിന്‍റ് ചെയ്ത ഷീറ്റ് ലെന്‍റിക്കുലര്‍ ഷീറ്റിന് അടിയില്‍ വയ്ക്കുമ്പോള്‍ ലെന്‍റിക്കുലര്‍ ഷീറ്റിലെ ലെന്‍സുമായി കൃത്യമായി ചെര്‍ന്നിരിക്കേണ്ടതുണ്ട്. അതിന് അല്‍പമെങ്കിലും വ്യത്യാസം വരികയാണെങ്കില്‍ ചിത്രത്തിന്‍റെ 3ഡി ഇഫക്ട് ഇല്ലാതാകുമെന്ന് മാത്രമല്ല ചിത്രം വ്യക്തമായി കാണന്‍ തന്നെ കഴിയാതെവരുന്നു. അതുപോലെ കണ്ണില്‍ നിന്നും ഒരു പരിധിക്കപ്പുറം അകലേയ്ക്ക് മാറ്റിപ്പിടിച്ച് നോക്കുകയാണെങ്കില്‍ ലെന്‍റിക്കുലര്‍ പ്രിന്‍റിന്‍റെ 3ഡി ഇഫക്ട് ലഭിക്കാതെ പോകും. കാരണം വളരെ ചെറിയ ലെന്‍സുകളാണ് ലെന്‍റിക്കുലാര്‍ ഷീറ്റിലുള്ളത്. കണ്ണില്‍ നിന്നും ഒരു പരിധിക്കപ്പുറം ദൂരേയ്ക്ക് മാറുമ്പോള്‍ ലെന്‍സിന്‍റെ രണ്ടുവശങ്ങളും നമ്മുടെ രണ്ടുകണ്ണുകള്‍ക്കും ഒരു പോലെ ദൃശ്യമാകുന്നു. അങ്ങനെ വരുമ്പോല്‍ ഇടതുവലത് ചിത്രങ്ങള്‍ കൂടിക്കലര്‍ന്ന് അവ്യക്തമായ ഒരു ചിത്രമാണ് നമുക്ക് കാണാന്‍ കഴിയുക.
പാശ്ചാത്യ രാജ്യങ്ങളില്‍ ലെന്‍റിക്കുലര്‍ കാര്‍ഡുകളും സ്റ്റാമ്പുകളും ബുക്കുകളുമൊക്കെ 1950 കളില്‍ തന്നെ പ്രചരിച്ചു തുടങ്ങിയിരുന്നു.
ലെന്‍റിക്കുലര്‍ ഉപയോഗിച്ചുള്ള ഓട്ടോസ്റ്റീരിയോസ്കോപിക് 3ഡി സിനിമകള്‍ നിര്‍മ്മിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ 1930 കളില്‍ തന്നെ നടന്നിരുന്നു. കുറച്ചു കാണികള്‍ മാത്രമടങ്ങുന്ന ഒരു ഗ്രൂപ്പിനുമുന്നില്‍ മാത്രം കാണിക്കാന്‍ കഴിയുന്ന തരത്തിലായിയിരുന്നു ലെന്‍റിക്കുലര്‍ സിനിമ. തുടക്കത്തില്‍ തന്നെ അത് പരാജയപ്പെടുകയാണുണ്ടായത്.
ആദ്യത്തെ ലെന്‍റിക്കുലര്‍ ഓട്ടോസ്റ്റീരിയോസ്കോപിക് 3ഡി ടെലിവിഷന്‍ നിര്‍മ്മിക്കപ്പെട്ടത് 1954ല്‍ ആയിരുന്നു. പ്രിന്‍റിംഗിലേതുപോലെ സിലിണ്ട്രിക്കല്‍ ലെന്‍സുകള്‍ ലംബമായി ക്രമീകരിച്ചുകൊണ്ടുള്ളതായിരുന്നു ഓട്ടോസ്റ്റീരിയോസ്കോപ്പിക് 3ഡി ടെലിവിഷനുകളും. 2000 ത്തില്‍ ജപ്പാന്‍ ടെലിവിഷന്‍ നിര്‍മ്മാണ കമ്പനിയായ ഷാര്‍പ്പ് ഈ ടെക്നോളജിയെ കൂടുതല്‍ മെച്ചപ്പെടുത്തി ലാപ്ടോപ് കമ്പ്യൂട്ടറില്‍ അവതരിപ്പിക്കുകയുണ്ടായി. ഷാര്‍പ് തന്നെ ലോകത്തിലെ ആദ്യത്തെ 3ഡി മൊബൈല്‍ ഫോണ്‍ പുറത്തിറക്കുകയുണ്ടായി 2002 ല്‍. പിന്നീട് 2009 ല്‍ ഹിറ്റാച്ചിയും തുടര്‍ന്ന് എല്‍ ജി, മൈക്രോ മാക്സ്, തുടങ്ങി ധാരാളം ജപ്പാന്‍-ചൈന മൊബൈല്‍ കമ്പനികള്‍ 3ഡി മൊബൈല്‍ ഫോണുകള്‍ ഇറക്കുകയുണ്ടായി. 3ഡി മൊബൈല്‍ പെട്ടെന്നൊരു തരംഗമായെങ്കിലും ക്രമേണ അത് കുറഞ്ഞുവന്നു.
കണ്ണട ആവശ്യമില്ലാത്ത 3ഡീ ടെലിവിഷനുകള്‍ പല കമ്പനികളും പുറത്തിറക്കുന്നുണ്ട്. തോഷിബയും സോണിയും പുറത്തിറക്കുന്ന ഇത്തരം ടെലിവിഷന് മൂന്ന് ലക്ഷത്തിനുമേല്‍ വിലയുണ്ട്. ഫിലിപ്സ് കമ്പനി WOW vx എന്ന പേരില്‍ വിശാലമായ സ്ക്രീനില്‍ കണ്ണട വേണ്ടാത്ത ടെലിവിഷന്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഒരു കൂട്ടം ആള്‍ക്കാര്‍ക്ക് പോലും ഒരുമിച്ച് ഇതിലൂടെ കണ്ണടയില്ലാതെ 3D ആസ്വദിക്കാന്‍ കഴിയും എന്നതാണിതിന്‍റെ പ്രത്യേകത. വില കുറഞ്ഞ മോഡലിനായി പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. താമസിയാതെ സാധാരണ ടിവിയുടെ വിലയില്‍ കണ്ണട ആവശ്യമില്ലാത്ത 3D ടിവി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.
അവതാറിന്‍റെ രണ്ടാം ഭാഗം റിലീസ് ചെയ്യുമ്പോള്‍ കണ്ണട ആവശ്യമില്ലാത്ത 3ഡി പ്രൊജക്ഷന്‍ സാധ്യമാക്കാനുള്ള പരീക്ഷണങ്ങളിലാണ് ജെയിംസ് കാമറൂണ്‍.

Stereoscopic 3D Visualizer. Column Writer
Be the first to comment on "3D Visuals Without Glasses | Malayalam Article"