സിഗരറ്റിന്റെ വരണ്ട മണമുള്ള ബോംബെ തെരുവു വഴികളിൽ ഭായ് നടക്കുമ്പോൾ അയാളുടെ ഹൃദയമിടിപ്പിന്റെ താളത്തിനൊത്ത് കണ്ണുകളിലെ ചുവപ്പിൽ നിന്ന് തീ പാറുന്നത് കാണാം. കാമാത്തിപ്പുരയുടെ പഴകി ദ്രവിച്ചു വീഴാറായ ചുവരുകളിൽ, ലിപ്സ്റ്റിക്കിട്ട് വരച്ചപോലെ പെണ്ണുങ്ങളുടെ കണ്ണീരിന്റെ കറുപ്പ് ഒരിക്കലും മായുകില്ലെന്നു തോന്നുന്നുണ്ട്. അവിടേക്കാണ് മൂത്തോനെ അന്വേഷിച്ചു എട്ടും പൊട്ടുമറിയാത്തൊരു കുട്ടി വരുന്നത്.
കടപ്പുറത്ത് കാലമൊരുപാട് കഴിച്ചുകൂട്ടിയിട്ടും പിടയ്ക്കുന്ന മീനിന്റെ വഴുവഴുപ്പിനേക്കാൾ, പിടിവിടാതെ മനസ്സിൽ ഇഴുകി ചേർന്നത് തന്റെ മൂത്തോന്റെ മങ്ങിയ ഒരോർമ്മ മാത്രമാണ്. ഓർമ എന്നു പോലും വിളിക്കാനാവില്ല. യാഥാർഥ്യങ്ങളിൽ നിന്നൊളിച്ചോടാൻ നമ്മൾ സ്വയം കണ്ടെത്തുന്ന ഒരഭയകേന്ദ്രം പോലെ എന്തോ ഒന്ന്.
അന്നന്നത്തെ ആഹാരത്തിനു വേണ്ടി ശരീരം വിൽക്കേണ്ടി വരുന്ന റോസിയുടെ അടച്ചിട്ട വാതിലിനു പിന്നിൽ ഒളിച്ചിരിക്കുമ്പോൾ, സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ചൂടും ചൂരുമുള്ള മുലപ്പാൽ വഴിഞ്ഞൊഴുകുന്നത് അറിയാനാകും.
ജീവിക്കാൻ ആണ് പെണ്ണാവുന്ന പെണ്ണ് ആണാവുന്ന, ആണിനുള്ളിൽ പെണ്ണിന്റെയും പെണ്ണിനുള്ളിൽ ആണിന്റെയും മനസുണ്ടാവുന്ന, ജീവിതത്തിന്റെ വഴിത്തിരിവുകളിൽപ്പെട്ട് ഒറ്റപ്പെട്ടാലും വിട്ടുകൊടുക്കാതെ പൊരുതുന്ന മനുഷ്യരുടെ ചങ്കൂറ്റത്തിന്റെ കെട്ടുറപ്പ് നേരിട്ടറിയാനാവും.
A modern day classic
ഒരാണിനും പെണ്ണിനും എന്ന പോലെ പെണ്ണിനും പെണ്ണിനും ആണിനും ആണിനും സ്നേഹിക്കാൻ കഴിയുമെന്ന് തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സ്വവർഗ്ഗ ലൈംഗികതയെ പരിഹസിക്കുന്ന, അറപ്പോടെ നോക്കിക്കാണുന്ന അറിവില്ലായ്മക്ക് മുന്നിലേക്ക്, കടലോരത്ത് പരസ്പരം കണ്ണുകളിലേക്ക് നോക്കി രണ്ടു പുരുഷന്മാർ തിരമാലയുടെ ശബ്ദത്തിനൊപ്പം, നിലാവിന്റെ വെള്ളിവെളിച്ചത്തിൽ അവരുടെ പ്രണയം കൈമാറുന്നത് കാണിക്കുക എളുപ്പമല്ല. അതിതിനേക്കാൾ മനോഹരമായി എങ്ങനെ അവതരിപ്പിക്കാനാണ്?
സലീമിനും ഭായ്ക്കും കൂടെയുള്ള കൊച്ചു പിള്ളേർക്കുമൊപ്പം ആ വലിയ നഗരത്തിന്റെ വേഗതക്കൊപ്പം ഓടിയെത്താൻ കഴിയാതെ പോവുന്ന ദുരവസ്ഥയെ നമുക്കനുഭവിക്കാൻ കഴിയും.
ഭായ് യുടെ ചോരയും മദ്യവും മണക്കുന്ന മുഷിഞ്ഞ കറുത്ത കുർത്തയിൽ സ്നേഹത്തിന്റെ മുല്ലമൊട്ടുകൾക്ക് മുള പൊട്ടുന്നത് കണ്ണ് നനക്കാതിരിക്കുന്നതെങ്ങനെ? ഇരുട്ടിനൊപ്പം അയാൾ നടന്ന് നീങ്ങുമ്പോൾ കാലിലെ കൊലുസ്സിന്റെ താളം വിടാതെ പിൻതുടരുന്നുണ്ട്.
പശ്ചാത്തല സംഗീതം നമ്മുടെ ഹൃദയമിടിപ്പ് പോലെ ഉയർന്നു പൊങ്ങുമ്പോൾ നാം കണ്ടിട്ടില്ലാത്ത കേട്ടിട്ടില്ലാത്ത എവിടേക്കോ ചെന്നു പെട്ട പ്രതീതി ആണ്.
സ്വയം കുത്തി മുറിവേല്പിച്ചു പൊഴിച്ച ചോരയിൽ വേദന തോന്നുന്നിടത്തു നിന്ന് ഭായ് രണ്ടാം ജന്മത്തിലേക്ക് കാലെടുത്തു വക്കുകയാണ്. അവിടെ ആണ്, നാട്ടുകാരും വീട്ടുകാരും അയാളെ തിരിച്ചറിയാതെ പോവുന്നത്. അപ്പോഴാണ് അയാൾ സ്വയം രക്ഷ തേടാൻ പെടാപ്പാടു പെടുന്നത്.
ജീവിതത്തിന്റെ ഏറ്റവും ഭീകരമായ വേഷപ്പകർച്ചകൾ കെട്ടിയാടുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥകളെ ഇതിനേക്കാൾ ഭംഗിയായി എങ്ങനെയാണ് വരച്ചു കാട്ടുക! നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത എത്രയെത്ര കഥകൾ, പ്രണയങ്ങൾ, പോരാട്ടങ്ങൾ.
എല്ലാം പക്ഷേ എത്തിച്ചേരുന്നത് ഒറ്റയിടത്താണ്. സ്നേഹത്തിന്റെ തീരത്ത്. അവിടെ യാത്ര അവസാനിക്കുകയാണ്. അതിനുമപ്പുറത്തു വേറെ എന്ത് നിധി ഉണ്ടെന്നാണ് നിങ്ങൾ കരുതുന്നത്? യാതൊന്നുമില്ല. എല്ലാ പോരാട്ടങ്ങളുടെയും ജയതോൽവികൾ പഠിപ്പിക്കുന്നത് ഒടുവിൽ സ്നേഹത്തെ കുറിച്ചാണ്. തിരിച്ചറിവുണ്ടാവുന്നതും പശ്ചാത്താപമുണ്ടാവുന്നതും കുറ്റബോധമുടലെടുക്കുന്നതും സ്നേഹത്തിന് വേണ്ടിയാണ്. അവിടെ മനുഷ്യൻ മൃഗമാവും. ഭയമവനെ കീഴടക്കിയെന്നും വരും.
കണ്ണും കാതും തുറന്നു വേണം അവരുടെ കഥയെ സ്വീകരിക്കാൻ. പച്ചമനുഷ്യരായി വേണം കഥ കേൾക്കാൻ. നിങ്ങളെ ഈ കഥ വിട്ടൊഴിയുകില്ല തീർച്ച.
Geethu Mohandas and her team
നിവിൻ പോളിയുടെ കരിയർ ബെസ്റ്റാണ് ഇതെന്ന കാര്യം എടുത്തു പറയേണ്ടത് പോലുമില്ല. അതിശയിപ്പിച്ചു കളഞ്ഞു നിങ്ങൾ. ബാലതാരമായി എത്തിയ സഞ്ജന ദീപു, റോഷൻ, ദിലീഷ് പോത്തൻ എല്ലാവരും ഒന്നിനൊന്ന് മെച്ചം.
പക്ഷേ ഇത് ഗീതു, സത്യത്തിൽ നിങ്ങളുടെ വിജയമാണ്. വാക്കുകൾ തികയാതെ പോവും ‘മൂത്തോനെ’ കുറിച്ചു പറയുമ്പോൾ. ഇത്രമേൽ ആഴവും പരപ്പുമുള്ള ഒരുപാട് ജീവിതങ്ങളെ ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചതിന്, പുനർവിചിന്തനത്തിന് വേളയൊരുക്കിയതിന്, ഭയപ്പെടുത്തിയതിന്, കണ്ണ് നനയിച്ചതിന്, വിട്ടൊഴിയാതെ പിൻതുടരുന്നതിന്, എങ്ങനെ ആണ് നിങ്ങളോട് നന്ദി പറയുക? മലയാള സിനിമ നിങ്ങളെ പോലുള്ളവരുടെ കയ്യിൽ ഭദ്രമാണ്, സംശയമില്ല.

Be the first to comment on "Moothon (Malayalam Review) – നിങ്ങളെ ഈ കഥ വിട്ടൊഴിയുകില്ല"