Palthu Janwar (Malayalam Review)

Basil Joseph in Palthu Janwar

മനോഹരമായ മലയോര ഗ്രാമം, അവിടെ ഉള്ള മനുഷ്യർ, മതം, ഗ്രാമീണ ജീവിതത്തിന്റെ നല്ലതും ചീത്തയും, അതുപോലെ ചില അന്ധവിശ്വാസങ്ങളും ഒക്കെ ആയ ആ ഗ്രാമത്തെ ഇഷ്ടപെടുന്ന രീതിയിൽ തിരശീലയിൽ അവതരിപ്പിച്ചിട്ടുണ്ട് നവാഗത സംവിധായകൻ സംഗീത് പി രാജൻ. സംഗീത് തെരെഞ്ഞെടുത്ത കഥാപാത്രങ്ങൾ മുതൽ അവരുടെ പശ്ചാത്തലം, അഭിനേതാക്കൾ എന്നിങ്ങനെ എല്ലാവിധത്തിലും അദ്ദേഹം വിജയിച്ചു.

പിതാവിന്റെ മരണശേഷം പ്രസൂൺ, തനിക്കു താൽപര്യമില്ലെങ്കിൽ കൂടി, Livestock ഇൻസ്പെക്ടറായി ജോലിക്ക് ചേരുന്നു. നമ്മിൽ മിക്കവർക്കും ഈ കഥാപാത്രവുമായി ബന്ധിപ്പിക്കാൻ കഴിയും. നമ്മുടെ ജീവിതത്തിലുടനീളം അദ്ദേഹത്തിനു സമാനമായ സാഹചര്യങ്ങൾ നാം നേരിട്ടിട്ടുണ്ടാകാം. ചില സംഭാഷണങ്ങൾ ശരിക്കും നമ്മുടെ മനസിനെ തൊടുന്നുമുണ്ട്. Eg. പ്രസൂണും ചേച്ചിയും തമ്മിൽ ഉള്ള സംഭാഷണം. പ്രസൂൺ “ചേച്ചി, എന്റെ പാഷൻ”, ചേച്ചി “വിട്ടു കള. എന്റെ വാവേനെ കൊണ്ട് അതിനൊന്നും ആകുല… വിട്ടു കള”. കുടിയാൻമല ഗ്രാമപഞ്ചായത്തിന്റെ മൃഗാശുപത്രിയിൽ അദ്ദേഹം മടിയോടെ ജോലി തുടരുന്നു. മടി എങ്ങനെ മാറുന്നു എന്നതാണ് രണ്ടാം പകുതി.

Indrans in Palthu Janwar
Indrans

വിനോയ് തോമസും അനീഷ് അഞ്ജലിയും ചേർന്ന് എഴുതിയ തിരക്കഥ വളരെ മികച്ചതാണ്. നായകൻ മാത്രമല്ല, സഹ കഥാപാത്രങ്ങളും തികഞ്ഞ വ്യക്തതയോടെ ആണ് എഴുതിയിരിക്കുന്നത്. ഉദാഹരണം: തന്റെ ചുമതലകൾ മനഃപൂർവം അവഗണിക്കുന്ന ഒരു പഞ്ചായത്ത് അംഗം. ഈ കഥാപാത്രം നന്നായി എഴുതുകയും ഇന്ദ്രൻസ് വളരെ നന്നായി അവതരിപ്പിച്ചിട്ടുമുണ്ട്.

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് “പാൽത്തു ജൻവാർ”. അവരുടെ മുൻ ചിത്രങ്ങളെപ്പോലെ ഇതും മികച്ചതാണ്.

Dileesh Pothan and Johny Antony

Justin Varghese’s Music

ജസ്റ്റിൻ വർഗീസിന്റെ പാശ്ചാത്തല സംഗീതം പടത്തിനു ശരിയായ ആക്കം കൂട്ടുന്നുണ്ട്. മികച്ച കലാസംവിധാനം എടുത്ത് പറയേണ്ടത് തന്നെ ആണ്. അതെ പോലെ VFXഉം.

തന്റെ ജീവിതരീതി തിരഞ്ഞെടുക്കുന്നതിൽ പരിമിതി അനുഭവിക്കുന്ന പ്രസൂൺ എന്ന കഥാപാത്രത്തിന്റെ ശക്തിയില്ലായ്മയെ തന്റെ കണ്ണുകളിലൂടെയും മുഖഭാവങ്ങളിലൂടെയും ബേസിൽ ജോസഫ് വളരെ തന്മയത്വത്തോടെയാണ് അവതരിപ്പിച്ചിട്ടുള്ളത്. ബേസിൽ ഓരോ സിനിമ കഴിയുമ്പോഴും ഒരു നടൻ എന്ന രീതിയിൽ വളർന്നു വരുന്നത് കാണാം. ഷമ്മി തിലകന്റെ വിവിധ ഹാസ്യ മുഖഭാവങ്ങൾ കാണുന്നത് തന്നെ രസകരമായിരുന്നു. ചില സീനുകളിൽ തിലകനെ ഓർമിപ്പിക്കുന്നു. ഇനിയും ഇതുപോലെയുള്ള സിനിമകളും സിനിമ വേഷങ്ങളും അദ്ദേഹം ചെയ്യട്ടെ എന്ന് ആശംസിക്കുന്നു.

Johny Antony and others

ജോണി ആന്റണിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് കന്നുകാലി കർഷകനായ ഡേവിസ്. പള്ളീലച്ചനായി ദിലീഷ് പോത്തനും പഞ്ചായത്ത് മെമ്പർ ആയി വരുന്ന ഇന്ദ്രൻസും ഉൾപ്പെടെയുള്ള എല്ലാവരും യഥാർത്ഥ പ്രകടനങ്ങൾ ആണ് കാഴ്ച വച്ചിരിക്കുന്നത്. കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നതിലെ അഭിനേതാക്കളുടെ അസാമാന്യമായ വൈദഗ്ധ്യം പ്രേക്ഷകരെ അമ്പരപ്പിക്കും.

Shammy Thilakan New Photo Palthu Janwar
Shammy Thilakan

ഈ സിനിമ “അതിനും” ഒരു മനുഷ്യനെപ്പോലെ ഒരു ജീവിതമുണ്ടെന്ന് ഓർമിപ്പിക്കുന്നു. സംഗീത് പി.രാജൻ ആദ്യമായി സംവിധാനം ചെയ്ത “പാൽത്തു ജൻവാർ” നർമ്മവും നാടകീയതയും കൊണ്ട് നിറഞ്ഞതാണ്. ഒരു കൊച് നല്ല സിനിമ. സിനിമ അതിലെ കഥാപാത്രങ്ങളേയും നടന്മാരെയും വളരെയധികം ആശ്രയിച്ചിരിക്കുന്നു. എല്ലാവരും അത് മികച്ച രീതിയിൽ തന്നെ ചെയ്തിരിക്കുന്നുമുണ്ട്. നടി നടന്മാർക്ക് വേണ്ടി തന്നെ ഈ പടം വീണ്ടും കാണാം. ഈ സിനിമയിൽ എല്ലാവരും പെർഫെക്ട് ആയി അഭിനയിച്ചു എന്ന് പറയുമ്പോൾ അത് അതിശയോക്തി അല്ല.

3.5 Rating

Share with:


Be the first to comment on "Palthu Janwar (Malayalam Review)"

Leave a comment

Your email address will not be published.