ഹൊറർ സിനിമകൾ എന്നും ഒരു ലഹരി ആയിരുന്നു. പേടി കൂടുതൽ ഉള്ളവർ ആണ് അത്തരം സിനിമകളെ ഇഷ്ടപ്പെടുന്നത് എന്ന് പണ്ടൊക്കെ വീട്ടുകാർ പറഞ്ഞു കളിയാക്കിയിരുന്നു.. വെള്ള സാരിയുടുത്ത, പാട്ടുപാടുന്ന, മുടി അഴിച്ചിട്ട് ഭയപ്പെടുത്തുന്ന പഴയ മലയാള സിനിമകളിലെ പ്രേതങ്ങൾ മടുത്ത് ഹോളിവുഡിലായിരുന്നു താല്പര്യം മുഴുവൻ. വളരുന്നതനുസരിച്ച് സിനിമയെ നോക്കിക്കാണുന്ന രീതിയും അതിനോടുള്ള അഭിരുചിയും രൂപവും ഭാവവും മാറിക്കൊണ്ട് ഒപ്പം വളർന്നു.അത് കൊണ്ടാവാം പിന്നീട് എപ്പോഴോ അത്തരം സിനിമകളും മടുത്തു തുടങ്ങി. രാത്രി ഇരുട്ടത്ത് മൂടിപ്പുതച്ചു സുഖമായുറങ്ങുന്നതിന് പകരം ടോർച്ചുമെടുത്തിറങ്ങുന്ന വികൃതി പിള്ളേര്. നട്ടപ്പാതിരക്ക് കേട്ട ശബ്ദത്തിന് പിന്നാലെ പുറകിലേക്ക് തിരിഞ്ഞു നോക്കാതെ നടക്കുന്ന ധൈര്യമുള്ള യുവനായികാ നായകന്മാർ. കഥാപാശ്ചാത്തലവും കഥാപാത്രങ്ങളും ചെറുതായൊക്കെ മാറുമെങ്കിലും എന്തൊക്കെയോ എവിടെയൊക്കെയോ ഒരുപോലെ ആയി തോന്നിത്തുടങ്ങി.
പിന്നീട് ആവേശമായത് ത്രില്ലർ സിനിമകളാണ്, പ്രത്യേകിച്ചും ഹോളിവുഡ്. ഒരൊറ്റ സംഭവത്തെ അടിസ്ഥാനമാക്കി കേവലം ഒന്നൊന്നര മണിക്കൂറിൽ പറഞ്ഞു തീർക്കുന്ന സിനിമകൾ ശ്വാസമടക്കി പിടിച്ചു കണ്ടിരിക്കുന്നതും ഹോസ്റ്റൽ രാത്രികൾ അവ കണ്ടും അവയെ കുറിച്ച് വാതോരാതെ സംസാരിച്ചും ഉറക്കമിളയ്ക്കുന്നതും പുതിയ ഹോബി ആയി മാറിയത് പെട്ടെന്നായിരുന്നു. ചെവി പൊത്തിപ്പിടിച്ചും കണ്ണ് പാതി അടച്ചുമൊക്കെ കണ്ട പല സിനിമകളും ഇന്ന് മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല. അത്തരം സിനിമകളുടെ ഏറ്റവും വലിയ പ്രത്യേകത അവ ഒരുക്കുന്ന ദൃശ്യവിരുന്നിൽ ഏറ്റവും പ്രധാനപ്പെട്ടത് അതിന്റെ ശബ്ദമാണ് എന്നത് തന്നെയാണ്. പേടിപ്പെടുത്തുന്ന സീനുകൾ പലതും സിനിമ കണ്ട് ദിവസങ്ങളും മാസങ്ങളും കഴിഞ്ഞാലും വിട്ടുപോവില്ല. അത്തരത്തിൽ ഏറ്റവും പ്രിയപ്പെട്ട 10 സിനിമകളെ കുറിച്ച് പറയാൻ വേണ്ടിയാണ് ഈ എഴുത്ത്. ത്രില്ലർ മൂവികൾ കണ്ട് തന്നെ അനുഭവിക്കേണ്ടവ ആണ്. കൂടുതൽ പറഞ്ഞാൽ അതിന്റെ ഭംഗി നഷ്ടപ്പെടും. എന്നാൽ അവയിലേക്ക് നൽകുന്ന ഒരു ചെറിയ എത്തിനോട്ടം സിനിമയെ കൂടുതൽ ഭംഗിയാക്കാൻ ഉപകരിച്ചെന്നു വരാം. അതാണ് ഉദ്ദേശിക്കുന്നതും.
Orphan (2009)
അച്ഛനും അമ്മയും മക്കളും… അതിലൊരാൾ ദത്തെടുത്ത കുഞ്ഞുമോളാണ്. പക്ഷേ സ്നേഹം വാരിക്കോരി പകുത്തുനൽകുന്നതിൽ എവിടെയും പക്ഷപാതമെന്നൊന്നില്ല. പക്ഷേ ദത്തെടുത്ത മകൾക്ക് പിന്നിൽ എന്തൊക്കെയോ നിഗൂഢതകൾ. ചുരുളഴിച്ചെടുക്കാൻ പറ്റാത്ത അത്രയും രഹസ്യങ്ങളുടെ കലവറയാണ് അവൾ. അവളുടെ ചെയ്തികളാണ് കഥയെ മുന്നോട്ട് കൊണ്ടുപോവുന്നത്. പേടിപ്പെടുത്തുന്ന കഥാ പശ്ചാത്തലത്തിനൊടുവിൽ ഞെട്ടിക്കുന്ന തിരിച്ചറിവുകൾ ആവും നമ്മെ കാത്തിരിക്കുക. കണ്ടറിയേണ്ടവ തന്നെയാണ്.
Hush (2016)
എഴുത്തുകാർക്ക് ഏകാന്തത ചിലപ്പോഴൊക്കെ പ്രിയപ്പെട്ടതാണ്. ശാന്തമായ അന്തരീക്ഷവും നിശബ്ദതയും എഴുത്തിന് ആവശ്യവുമാണ്. പക്ഷേ ഇവിടെ കഥാനായിക ഒരെഴുത്തുകാരിയാണ്, സംസാരിക്കാനോ കേൾക്കാനോ കഴിവില്ലാത്ത എന്നാൽ ശക്തയായ ഒരു സ്ത്രീ. അവരുടെ എഴുത്തിനായി തിരഞ്ഞെടുത്ത ഉൾക്കാട്ടിലെ ഒരു ഒറ്റപ്പെട്ട വീടാണ് പശ്ചാത്തലം. മുഖംമൂടിയണിഞ്ഞ ഒരാൾ പ്രത്യക്ഷപ്പെടുന്നതോടെ സിനിമയുടെ ഒഴുക്ക് മാറുന്നു. അയാൾ എന്തിനായിരിക്കും വന്നത്? അപായപ്പെടുത്താൻ വേണ്ടിയാണോ? ആണെങ്കിൽ തന്നെ അതിനെന്താവും കാരണം? കേൾക്കാനോ മിണ്ടാനോ കഴിവില്ലാത്ത ഒരുവൾക്ക് അവിടെ നിന്ന് രക്ഷപ്പെടാൻ കഴിയുമോ? ശ്വാസം അടക്കിപ്പിടിച്ചു തന്നെ കാണുക.
You Are Next (2011)
സന്തുഷ്ടകുടുംബം. മക്കളും മരുമക്കളുമൊക്കെയായി ഒരു മനോഹരമായ ഒത്തുകൂടലിനെത്തിയതാണ് വീട്ടുകാരൊക്കെയും. പക്ഷേ വിധി എന്നൊന്നുണ്ടല്ലോ, അത് പല രൂപത്തിലും ഭാവത്തിലും പ്രത്യക്ഷേപ്പെട്ടെന്നു വരാം അല്ലെ. മുഖം മൂടിയണിഞ്ഞ, ആരാണെന്നോ എന്താണെന്നോ ഒന്നും അറിയാത്ത ഒരുപറ്റം കൊലയാളികളുടെ രൂപത്തിൽ ആണ് അവതരിക്കുന്നതെങ്കിലോ? എങ്ങനെ പ്രതികരിക്കാനാണ് ല്ലേ? എത്ര പേരെ മരണം കട്ടു കൊണ്ടുപോകും? എത്ര പേർ അതിജീവിക്കും? ആരാണിതൊക്കെ ചെയ്യുന്നത്? വിട്ടുകൊടുക്കാതെ ചെറുത്തുനിൽക്കാനും പോരാടാനും അവരുടെ കൂട്ടത്തിൽ ഒരൊറ്റ ആളെങ്കിലും തയ്യാറായാലോ? കഥ മാറിയെന്നും വരാം അല്ലെ..? കാണുക.
The Gift (2015)
അസാധ്യ കെമിസ്ട്രി ഉള്ള ഭാര്യയും ഭർത്താവും. സന്തുഷ്ട കുടുംബം. പക്ഷേ ഒരു മാറ്റത്തിനായി പുതിയൊരിടത്തേക്ക് ചേക്കേറിയതാണ് ഇരുവരും. എന്നാൽ അവിടെ അവരെ തേടിയെത്തുന്ന ക്ഷണിക്കപ്പെടാത്ത ഒരു അതിഥി. ഒട്ടും സുഖകരമല്ലാത്ത അയാളുടെ വരവുകൾ. കഥ ഉടനീളം അയാൾ നമ്മളെ അലോസരപ്പെടുത്തും. അയാളെ കുറിച്ചുള്ള അന്വേഷണങ്ങൾ എത്തി നിൽക്കുന്നത് ഒരുപാട് പിന്നിലോട്ടാണ്. കഥ അവസാനിക്കുമ്പോൾ ക്ഷണിക്കപ്പെടാത്ത ആ അതിഥി അവസാനമായി അവർക്കൊരു സമ്മാനപ്പൊതി കരുതി വക്കുന്നുണ്ട്. അതിൽ എന്തായിരിക്കും? അത് തുറക്കുമ്പോൾ ഒരുപക്ഷേ നിങ്ങൾ വിങ്ങിയെന്നു വരാം, ഭയന്നെന്നു വരാം, പകച്ചിട്ടും അറപ്പോടെ കണ്ണടച്ചെന്നും വരാം. ഏതായാലും കണ്ട് തന്നെ തിരിച്ചറിയുക.
Gerald’s Game (2017)
അധികമാരും അടുത്തെങ്ങുമില്ലാത്ത കാട്ടിനുള്ളിൽ ഒരു lake houseൽ അവധിക്കാലം ചിലവഴിക്കാനെത്തിയ ദമ്പതികൾ. ലൈംഗികതയുടെ പുതുമ പരീക്ഷിക്കാൻ കട്ടിലിൽ ഇരു കൈകളും വിലങ്ങിട്ടു കിടത്തിയ ഭാര്യ. വൃദ്ധനായ ഭർത്താവ്. പൊടുന്നനെ ഹൃദയാഘാതമുണ്ടായി അയാൾ മരിക്കുന്നിടത്ത് സിനിമ ആരംഭിക്കുന്നു. തുറന്നിട്ട വാതിലുകളിലൂടെ ആരും കടന്ന് വരാം. ഉൾക്കാട്ടിനുള്ളിൽ ഒറ്റപ്പെട്ട ആ വീട്ടിലേക്ക് എത്തുന്നത് ഒരുപക്ഷേ ദൈവദൂതനെന്നോണം ഒരു രക്ഷകനാവാം. അതല്ലെങ്കിൽ ക്രൂരനായ ഒരു കള്ളനോ കൊലപാതകിയോ ആവാം. അതുമല്ലെങ്കിൽ ആരും തിരിഞ്ഞു നോക്കിയില്ലെന്നും വരാം. കഥാനായിക പിന്നീടുള്ള സന്ദർഭം എങ്ങനെ ആവും തരണം ചെയ്തിരിക്കുക? രക്ഷപ്പെടുമോ അതോ അവരുടെയും ജീവിതം ആ കിടപ്പുമുറിയിൽ അവസാനിക്കുമോ? കണ്ട് തന്നെ അറിയുക.
The Call (2013)
കഥ തുടങ്ങുന്നത് ഒരു കോൾ സെന്ററിലാണ്. പോലീസ് വിഭാഗത്തിലെ എമർജൻസി ഹെല്പ്ലൈൻ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥ ആണ് നമ്മുടെ കഥാനായിക. അവിടെ വരുന്ന ഓരോ കോളുകൾക്കും പിന്നിൽ മരണത്തിന്റെ യും ജീവിതത്തിന്റെയും ഇടയിലുള്ള നൂൽപ്പാലത്തിൽ പെട്ട് പിടയുന്നവരുടെ ശബ്ദമാണ്. അവരെ രക്ഷിക്കുക എന്നതാണ് കഥാനായികയുടെ കർത്തവ്യം. വിളിക്കുന്നതാരാണെന്നോ എന്താണെന്നോ അറിയില്ല. ഞൊടിയിടയിൽ അവർ പറയുന്നത് മനസിലാക്കി ആയിരം തവണ ചിന്തിച്ചും കൂട്ടിയും കിഴിച്ചും രക്ഷപ്പെടുത്താൻ ഉള്ള തന്ത്രം മെനയണം. പക്ഷെ വില്ലൻ സമയമാണ്. കൊലയാളി കഴുത്തിൽ കുരുക്കിടാൻ കാത്തു നിന്നെന്ന് വരില്ല. ഒരിക്കലല്ല, രണ്ട് തവണ ഒരേ കൊലയാളിയുടെ ക്രൂരമായ കൃത്യങ്ങൾ ഒരു ഫോണിലൂടെ കേൾക്കേണ്ടി വന്ന കഥാനായിക പക്ഷെ ചില്ലറക്കാരി അല്ല. അതിനെ നേരിടാൻ തക്ക മനക്കരുത്തുള്ള അവളുടെ പൊരുതലാണ് കഥ. ജയിച്ചെന്നു വരാം, ദയനീയമായി പരാജയപ്പെട്ടെന്നും വരാം. കണ്ടു തന്നെ അറിയുക.

47 Meters Down (2017)
ഒരു ചേച്ചിയും അനിയത്തിയും. വൈൽഡ് ആയ സാമാന്യം സ്മാർട്ടും ആക്റ്റീവുമായ ഒരാൾ, നേരെ തിരിച്ച് ആത്മവിശ്വാസം ഒട്ടുമില്ലാത്ത മറ്റൊരാൾ. അവർ ഒരു ഹോളിഡേ ട്രിപ്പിന് വന്നതാണ്. പുതിയ രണ്ട് കൂട്ടുകാരെ കൂടി പരിചയപ്പെടുന്നു. നടുക്കടലിൽ അഞ്ചു മീറ്റർ കടലിന്റെ താഴ്ചയിലേക്ക് രണ്ടുപേരെ ഇരുമ്പഴി പാകിയ കൂട്ടിലാക്കി വിടുന്നത് അതിഭീകരമായ സാഹസികതയാണ് അല്ലെ. പ്രത്യേകിച്ചും ചുറ്റും അപായപ്പെടുത്താൻ കാത്തുനിൽക്കുന്ന പടുകൂറ്റൻ സ്രാവുകൾ ഉള്ളപ്പോൾ. എന്നാൽ സാഹസികത കൈവിട്ടുപോയി രണ്ടുപേരും കെട്ടഴിഞ്ഞ കൂട്ടിൽ 47 മീറ്റർ താഴെ കടലിന്റെ അടിത്തട്ടിൽ പെടുന്നതോടെ കഥ മാറുന്നു. എങ്ങനെ ആണ് അവരിനി പുറം ലോകം കാണുക? അങ്ങനെ ഒന്നുണ്ടാവുമോ? സൂക്ഷിച്ചു കാണുക,പല രംഗങ്ങളും നിങ്ങളെ കബളിപ്പിച്ചു കളയും.., തീർച്ച.
Jungle (2017)
ഉൾക്കാടുകൾ യാത്രാപ്രേമികൾക്ക് ഒഴിച്ചു കൂടാനാവാത്തവയാണ്. ഈ കഥയും ഒരു യാത്രയാണ്. മൂന്ന് പേർ ചേർന്ന് നടത്തുന്ന അതിസാഹസികമായ ഈ യാത്രക്ക് പക്ഷേ ഒരു പ്രത്യേകത ഉണ്ട്. ഇത് യഥാർത്ഥത്തിൽ നടന്ന ഒരു സംഭവം കൂടി ആണത്രേ. അതി നിഗൂഢമായ ഈ യാത്രയുടെ വേരുകൾ ചികഞ്ഞാൽ ചോദ്യങ്ങൾ മാത്രം ബാക്കി ആവും. സിനിമ അവസാനിച്ചാലും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ നമ്മളെ പിൻതുടർന്നുവെന്നും വരാം. യാത്ര അവസാനിക്കുമ്പോൾ എന്തൊക്കെ സംഭവിച്ചിരിക്കാം. എത്രപേർ മടങ്ങിയിട്ടുണ്ടാവാം. അവരെന്തൊക്കെ കണ്ടിട്ടുണ്ടാവാം,അനുഭവിച്ചിട്ടുണ്ടാവാം. ഈ യാത്രയിൽ ഒപ്പം ചേർന്നു തന്നെ നിങ്ങൾക്ക് അത് അനുഭവിച്ചറിയാം.
Gone Girl (2014)
അഞ്ചാമത്തെ വിവാഹ വാർഷികം ആഘോഷിക്കുന്ന ദമ്പതികൾ. പക്ഷേ കൃത്യം അതേ ദിവസം ഭാര്യയെ കാണാതാവുന്നു. എവിടെ പോയതാണ്? അതല്ലെങ്കിൽ ആര് കൊണ്ടുപോയതാണ്? മനുഷ്യർക്ക് ഒരു പ്രത്യേകത ഉണ്ട്. പുറമെ കാണുന്നതോന്നുമല്ല അകമെ. വായിച്ചെടുക്കുക അത്ര എളുപ്പവുമല്ല. അതാണ് ഈ കഥയിലെ കഥാപാത്രങ്ങളുടെയും പ്രത്യേകത. അതിശയിപ്പിച്ചു കളയുന്ന രീതിയിലാണ് കഥ മുന്നോട്ട് പോവുന്നതും ഒടുവിൽ ചെന്നവസാനിക്കുന്നതും. കണ്ടിരിക്കേണ്ട സിനിമ.
The Meg (2018)
ഒരു അണ്ടർവാട്ടർ റിസർച്ച് കേന്ദ്രം. കടലിനുള്ളിലെ രഹസ്യങ്ങളുടെ കലവറകൾ ഭൂമിക്ക് പറഞ്ഞുകൊടുക്കുന്നു അവരുടെ കണ്ടെത്തലുകൾ. 75 അടി വലുപ്പമുള്ള അതിഭീകരനായ ഒരു സ്രാവ് പക്ഷേ അവരുടെ കണക്കുകൂട്ടലുകളൊക്കെ തെറ്റിച്ചു കളഞ്ഞു. അതിൽ നിന്നും രക്ഷപ്പെടാൻ കഥാനായകൻ അവതരിക്കുകയാണ്. സ്രാവിനോടുള്ള ഏറ്റുമുട്ടലുകൾ, മരണങ്ങൾ, ചെറുത്തുനിൽപ്പുകൾ. അതിനൊപ്പം പ്രണയവും വിരഹവും ജീവിത പരീക്ഷണങ്ങൾ കൂടി ആവുമ്പോൾ കഥക്ക് മാറ്റ് കൂടുന്നു. ഒടുവിൽ എന്ത് സംഭവിക്കുമെന്ന് കണ്ടറിയുക.

Be the first to comment on "ഹൊറർ സിനിമകൾ | 10 Movies That Never Failed To Frighten Me"