Aarachar by KR Meera – Review | Malayalam Novel

Aarachar Malayalam novel

പുസ്തകം: ആരാച്ചാർ
പ്രസാധകർ: ഡിസി ബുക്സ്
എഴുതിയത് :കെ ആർ മീര

ചേതന എന്നിലൂടെ
“ജോഡി തോർ ഡാക്ഷു നെ കേവു ന അഷെ തോബെ ഏകല ഛലൊരെ..” ടാഗോറിന്റെ വരികൾ കടമെടുത്തു കഥ അവസാനിപ്പിക്കുമ്പോൾ വരികളുടെ അർത്ഥം തിരക്കി വീണ്ടും പുസ്തകത്താളിലൂടെ ഞാനൊരു യാത്ര പോയി.

“നിന്റെ വിളി കേട്ട് അഥവാ ആരും വരുന്നില്ലെങ്കിൽ തനിച്ചു തന്നെ പോകുക…”

പുസ്തകം മടക്കി പുറംചട്ടയിൽ ഒരിക്കൽ കൂടി മീരയെന്ന മഹാപ്രതിഭയെ നോക്കി …എത്രയോ തവണ ഈ കഥയിലൂടെ കടന്നു പോയപ്പോൾ പുറംചട്ടയിലൂടെ അവരെ വീണ്ടും വീണ്ടും നോക്കി കണ്ടു. ചേതന മല്ലിക്ക് എന്ന ആരാച്ചർ അവരുടെ കണ്ണിൽ പ്രതിഫലിച്ചു എന്നെ നോക്കി പരിഹസിച്ചു ചിരിച്ചു. ചേതന എന്ന ഇരുത്തിരണ്ടുകാരിയെ ചരിത്രത്തിലേക്ക് കൈപിടിച്ചു നടത്തിയ സഞ്ജീവ് ബാബു മരണത്തിന്റെ നൂൽപാലത്തിൽ കയറി ഇറങ്ങി. അയാളുടെ പിതാമഹനെപ്പോലെ മരണത്തെ വ്യാഖ്യാനിക്കാൻ പുറപ്പെട്ടു കാണുമോ?

ചോദ്യങ്ങളുടെ ശരവർഷങ്ങൾ മനസ്സിൽ അലയടിച്ചുയരുമ്പോഴും അയാൾ നട്ട പ്രണയത്തിന്റെ പൂമരം ചേതനായിൽ വേരുപിടിക്കും മുന്നെ അവളെന്നിൽ പരാകായപ്രവേശം നടത്തികഴിഞ്ഞിരുന്നു. പിന്നെ ഞാൻ അല്ല അവളായിരുന്നു എന്നെ നയിച്ചത്.

കൊൽക്കൊത്തയിലെ നീംതല ഘട്ട് റോഡിലെ പഴയ കെട്ടിട മുറിയിൽ. രണ്ടായിരം വര്ഷത്തോളം പഴക്കമുള്ള ചരിത്രത്തെ ചേർത്തുപിടിച്ചു ഥാക്കുമായുടെയും ഫോണിച്ചരാണ് മല്ലിക്ക് എന്ന അച്ഛൻറെയും കഥകൾക്ക് ഇന്നലെയുടെ ക്ലാവ് പിടിച്ച ചിത്രങ്ങൾക്ക് പകരം ഇന്നിന്റെ ചൂടും ചൂരും നിറഞ്ഞു നിന്നിരുന്നു.

കൊൽക്കൊത്തയുടെ ചരിത്രവും മനുഷ്യ മനസ്സിന്റെ മാറ്റം വരാത്ത ഭാവങ്ങളും വ്യക്തിജീവിതത്തിലേക്കുള്ള മധ്യമസമൂഹത്തിന്റെ കടന്നുകയറ്റവും ഒക്കെയായി കഥ മുന്നോട്ടു പോകുമ്പോൾ പലപ്പോഴും സ്ട്രാൻഡ് റോഡിലൂടെ കടന്നു പോകുന്ന ശവമഞ്ചകളിലൊന്നിൽ ഞാനും മരവിച്ചു കിടന്നു. പിന്നെപ്പോഴോ സോനഗച്ചിയിലെ പഴകി പൊളിഞ്ഞ കെട്ടിടത്തിനുള്ളിൽ സ്വപ്നങ്ങളും മോഹങ്ങളും ഒളിപ്പിച്ച ഒരു അപരാജിത വള്ളിയായി പടർന്നു കയറി.

പെണ്ണെന്ന വർഗം പിറന്ന നാൾ മുതൽ ഇന്നോളം തുടരുന്ന അവളുടെ മനസിനും ശരീരത്തിനും എൽക്കുന്ന മുറിവുകൾ ചേതനയിലൂടെ ഞാനും അറിഞ്ഞു.

വയറിന്റെ കത്തൽ ശമിപ്പിക്കാൻ വേലയെടുക്കാൻ പുറപ്പെടുമ്പോൾ മാറിടത്തിലേക്കു നീണ്ട മാരുതി പ്രാസാദ് യാധവിന്റെ കൈകളെ തട്ടിമാറ്റി. ആർത്തി പൂണ്ട കണ്ണുകളിലേക്കു ഉറ്റുനോക്കി. ദുപ്പട്ട കൊണ്ടൊരു കുരുക്കുണ്ടാക്കി അയാളുടെ കഴുത്തിലിട്ടു വലിച്ചു മുറുക്കുമ്പോൾ ഞാൻ ചിന്തിച്ചത് ഞാൻ എന്ന സ്ത്രീവർഗം ആദ്യം പഠിക്കേണ്ടത് അടുക്കളയിലെ ബാലപാഠങ്ങളല്ല ആർത്തി പൂണ്ട കണ്ണും കയ്യുമായി വരുന്നവന്റെ കഴുത്തിൽ ധരിപ്പിക്കാനുള്ള കുരുക്കിടാനാണെന്നാണ്.
ജിഷയുടെയും സൗമ്യയുടെയും പിന്നെ അനേകായിരം കുരുന്നുജീവനുകളുടെയും ആത്മാക്കൾ എനിക്കു ചുറ്റും ആ കൃത്യം കാണാൻ അണി നിരന്നിരുന്നു.

പ്രണയമെന്ന വികാരത്തിനു കീഴടങ്ങൽ എന്നു കൂടി അർഥമുണ്ടെന്നു സഞ്ജീബിനു മുന്നിൽ തലകുനിച്ചു നിൽക്കുമ്പോ തോന്നിപ്പോയി മനസ്സിന് അയാൾ ഏൽപ്പിക്കുന്ന ക്ഷതങ്ങൾക്കുമപ്പുറം ഒരുവേള അയാളുടെ മാറിൽ ചാരാൻ, ഒരാശ്വാസവാക്കു തേടി, മനസ്സ് കൊതിച്ചു കൊണ്ടിരുന്നു.

“പുരുഷൻ എന്നാൽ ദൈവങ്ങളെ പോലെയാണ്. ആരെങ്കിലും കാൽക്കൽ വീണു യാചിക്കാനോ മൂന്നു നേരം പൂജ നടത്താനോ ഇല്ലെങ്കിൽ വെറും കല്ലുകൾക്കു സമം” ഥാക്കുമായുടെ വാക്കുകളിൽ പെണ്ണിന്റെ കരുത്തും പുരുഷന്റെ ബലഹീനതയും നിറഞ്ഞു നിന്നിരുന്നു.

അവഗണിക്കപ്പെടുമ്പോഴും വെറുമൊരു ഉപകരണമായി മാറ്റപ്പെടുമ്പോഴും പ്രണയിതാവിന്റെ സ്നേഹത്തിനായി യാചിക്കുന്ന പെണ്ണിന്റെ മനസ്സിനെ അയാളും കണ്ടില്ല.

“പുരുഷന്റെ സ്നേഹവും സ്ത്രീയുടെ സ്നേഹവും രണ്ടും രണ്ടാണ്. ആഹ്ളാദിക്കുന്നവളെ മാത്രമേ പുരുഷന് സ്നേഹിക്കാൻ കഴിയു. സ്ത്രീക്കു അവളെ വേദനിപ്പിക്കുന്നവരെയും സ്നേഹിക്കാൻ കഴിയും” ഥാക്കുമായുടെ വാക്കുകൾ മുഴങ്ങിക്കൊണ്ടിരുന്നു.

ചരിത്രത്തിൽ ഇടം നേടിയ പെൻകരുത്തിനു ബലം നൽകിയത്. പ്രണയിച്ച പുരുഷന്റെ കൈകളാൽ ഞെരിയപ്പെട്ട ഇടതു മാറിന്റെ നോവാണ്. പ്രേമത്തിൽ നിന്നുളവായ സ്പര്ശനത്താലല്ല അടിച്ചമർത്താനുള്ള പുരുഷന്റെ പരിഹാസപൂർണമായ അംഗ ചലനത്തിൽ നിന്നുളളവായ നീക്കത്തിൽ നിന്നുയർത്തെഴുനേറ്റത് അവളിൽ ഉറങ്ങികിടന്നിരുന്ന ആരാച്ചർ എന്ന പാരമ്പര്യത്തിന്റെ ജീനുകളായിരുന്നു.

പുസ്തകം അടച്ചു വെച്ച് കണ്ണുകൾ ഇറുക്കി അടക്കുമ്പോൾ മരണമെന്ന വാതിലിലേക്കുള്ള കാവൽക്കാർ ആയ ചേതനയുടെ പിതാമഹാക്കന്മാർ കയറിൽ നെയ്യും പുരട്ടി രക്താഭിഷേകം ചാർത്തി തയ്യാറായ ആരാച്ചർമാരുടെ ഒരു വലിയ നിര മരണത്തിന്റെ ഇടനാഴിയിൽ വിധിയുടെ കാവലാളായി. ചുവന്ന തൂവാല താഴെ വീഴാൻ വേണ്ടി കാത്തുനിന്നു. തലയിൽ തുണിയിട്ടു മൂടിയ കൊടുംപാതകികൾ കെട്ടിച്ചമച്ച കഥകളാൽ മരണത്തെ ഏറ്റു വാങ്ങാൻ വിധിക്കപ്പെട്ട നിരപരാധികൾ കൈകളും കാലുകളും ബന്ധിക്കപ്പെട്ടു നിന്നു.

മാ മാഠിർ മാനുഷ്‌! അമ്മ മണ്ണ് മനുഷ്യൻ! ആരാച്ചർ ഉരുവിട്ടു. മകനെ ഭയക്കരുത്! ആരൊക്കെയോ അവരുടെ ചെവിയിൽ പറഞ്ഞു.

അവരുടെ ഇടയിൽ നിന്ന്ചേതനയിൽ കയറി കൂടിയ ഞാൻ പുറത്ത്ചാടി എന്റെ മുന്നിൽ ഞാൻ അറിഞ്ഞ വേദാന്തങ്ങൾ കുരിശായി നിരന്നു ശത്രുവിനെ സ്നേഹിക്കാൻ പറഞ്ഞ കരുണയുടെ മുഖമുള്ളവൻ കുരിശിൽ കിടന്നു എന്നെ ആർദ്രമായി നോക്കി.

“പാപം ചെയ്യാത്തവർ കല്ലെറിയട്ടെ” എന്നു വ്യഭിചാരിണിയെ കല്ലെറിയാൻ വന്നവരോട് പറഞ്ഞ വാക്കുകൾ എന്നോടും ആവർത്തിക്കപ്പെട്ടു.

“എന്താണ് പാപം..?” ഞാൻ ചോദിച്ചു. എന്റെ ചോദ്യത്തിന് കിട്ടിയ മറുപടി കാഴ്ചക്കാരുടെ ആരവത്തിൽ മുങ്ങിപ്പോയി. ആപേക്ഷികതയുടെ തുലാസിൽ തെറ്റും ശരിയും മാറിമാറി ഉന്നതിയിലെത്തി.

“ജീവൻ എടുക്കാൻ നിനക്കാരു അധികാരം തന്നു.? “മനുഷ്യാവകാശ പ്രവർത്തകർ എനിക്കു നേരെ ചോദ്യമെറിഞ്ഞു. “നിയമത്തിന്റെ ആജ്ഞാനുവർത്തികൾ മാത്രം ഞങ്ങൾ. തിന്മ പെരുകുമ്പോൾ മരണമെന്ന നിതാന്ത സത്യത്തിനു മുന്നിൽ ഏതു കൊലകൊമ്പന്റെയും തല താഴെ വീഴും” ആയിരങ്ങളെ കഴുവിലേറ്റിയ അനുഭവസമ്പത്തോടെ ചേതനയുടെ പിതാമഹാക്കന്മാർ വിളിച്ചു പറഞ്ഞു.

കഴുമരത്തിനു മുന്നിൽ ലിവറിൽ കൈകൾ പിടിച്ചു ചേതന പിന്നെയും എന്നിൽ വലിഞ്ഞുകേറി. രതനമാലികയും പിങ് ഗളദേവിയും ഞങ്ങൾക് പിന്നിൽ നിരന്നു കഴുത്തിൽ കുരുക്ക് തൂക്കി, ഗോവിന്ദച്ചാമിമാർ ഭാവിക്കുള്ള ഭയം നൽകാൻ തല കുനിച്ച് നിന്നു. പീഡനത്തിന് ഇരയായ ആത്മാക്കൾ മോക്ഷം തേടി ആ പുണ്യമുഹൂർത്തിനായി വട്ടം കൂടി.

ഒടുവിൽ ചുവന്ന തൂവാല താഴെ വീഴുന്ന നേരം. ചരിത്രത്തിൽ ഇടം നേടി ആദ്യ ആരാച്ചാർ ആയി ചെതന മല്ലിക്ക് സ്ഥാനം നേടിയപ്പോൾ ഞാനും കണ്ടു… പിഞ്ചുകുഞ്ഞിനെ വരെ ബാക്കി വെക്കാത്ത കാമവേറിയന്മാരുടെ നീണ്ട നിര. എന്റെയുള്ളിൽ വീണ്ടും വരികൾ മുഴങ്ങി…

“യാത്ര തുടരാൻ നേരമായി… കൂട്ടിനു ആരുമില്ലെങ്കിൽ തനിയെ പുറപ്പെടുക, കുരുക്ക് മുറുക്കി”

Share with:


About the Author

Ashu Ashly
അക്ഷരങ്ങളുടെയും സിനിമകളുടെയും ലോകത്ത് പറന്നു നടക്കാൻ ഇഷ്ടം. പ്രണയമാണ് അക്ഷരങ്ങളോട്.

Be the first to comment on "Aarachar by KR Meera – Review | Malayalam Novel"

Leave a comment

Your email address will not be published.