Alfred Hitchcock made a 3D film in 1954 | Malayalam Article

Dial M For Murder 3D Movie

സസ്പെന്‍സ് സിനിമകളുടെ മാസ്റ്റര്‍ ആല്‍ഫ്രെഡ് ഹിച്ച്കോക്ക് ഒരു 3ഡി സിനിമ സംവിധാനം ചെയ്തിട്ടുണ്ട് “DIAL M FOR MURDER‍” എന്ന പേരില്‍. 3ഡി സിനിമകള്‍ ആദ്യമായി ലോകത്ത് തരംഗമായ 1950 കളിലായിരുന്നു അത്.
വൈഡ് സ്ക്രീനും 3ഡിയുമൊക്കെ തരംഗമായി മാറിയ ആ സമയത്ത് വാര്‍ണര്‍ ബ്രോസ് സ്റ്റുഡിയോയും 3ഡി സിനിമയിലേക്കിങ്ങാന്‍ തീരുമാനിച്ചു. അതുവരെ താരത്തിന്‍റെ പേരിലായിരുന്നു ഹോളിവുഡ് സിനിമകള്‍ മാര്‍ക്കറ്റ് ചെയ്യപ്പെട്ടിരുന്നത്, ഹിച്ച്കോക്ക് രംഗം കീഴടക്കുംവരെ. ഒരു സംവിധായകന്‍റെ പേരില്‍ ആദ്യമായി തിയറ്ററിലേക്ക് കാണികളെ തള്ളിക്കയറ്റാന്‍ കഴിയും വിധം പ്രശസ്തനായ ഹിച്ച്കോക്കിനെയും ചേര്‍ത്തായിരുന്നു വാര്‍ണര്‍ ബ്രോസ് 3ഡി സിനിമ പ്ലാന്‍ ചെയ്തത്. “ഡയല്‍ എം ഫോര്‍ മര്‍ഡര്‍” സ്റ്റേജ് പ്ലേ ആയിരുന്നു. 1952 ല്‍ അത് ബിബിസി ടെലിഫിലിമാക്കുകയും ടെലികാസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

അക്കാലത്ത് രണ്ട് സിനിമാ ക്യാമറകള്‍ അവയുടെ ലെന്സുകള്‍ തമ്മില്‍ അഭിമുഖമായി വരത്തക്ക വിധം റിഗ് ചെയ്ത ശേഷം ക്യാമറകളുടെ മദ്ധ്യഭാഗത്ത് 45 ഡിഗ്രി ചരിച്ചുവച്ച രണ്ട് കണ്ണാടികളിലൂടെ റിഫ്ലക്ട് ചെയ്തു വരുന്ന ഇമേജ് ഷൂട്ട് ചെയ്തായിരുന്നു 3ഡി സിനിമകള്‍ നിര്‍മ്മിച്ചിരുന്നത്. അന്നത്തെ സിനിമ ക്യാമറകള്‍ തന്നെ വളരെ വലിപ്പമേറിയവയായിരുന്നു. അത്തരം രണ്ട് ക്യാമറകള്‍ ചേര്‍ത്ത് വച്ച കൂറ്റന്‍ 3ഡി ക്യാമറാ യൂണിറ്റിന്‍റെ വലിപ്പം നിങ്ങൾക്ക് ഊഹിക്കാം. അത്രയും വലിപ്പമുള്ള കൂറ്റന്‍ 3ഡി ക്യാമറ വച്ച് ലോ ബേസിലുള്ള ഷോട്ടുകള്‍ ചിത്രാകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഷൂട്ടിംഗ് സെറ്റിലെ ഫ്ലോറില്‍ വലിയ നീളത്തിലുള്ള കുഴിയുണ്ടാക്കി ക്യാമറ അതിലേക്ക് ഇറക്കിവച്ച് ഹിച്ച്കോക്ക് അതിന്‌ പരിഹാരം കണ്ടെത്തി. “സിനിമലോകത്തിലെ അപൂര്‍വ്വ നായിക” എന്ന് ഹിച്ച്കോക്ക് പിന്നീട് വിശേഷിപ്പിച്ച അതിസുന്ദരിയായ ഗ്രേസ് കെല്ലിയായിരുന്നു നായിക. (പ്രിൻസ് റെയ്‍നിയർ മൂന്നാമനെ വിവാഹം ചെയ്ത് പിന്നീടവര്‍ മൊണക്കായിലെ രാജകുമാരിയായി.)

3D

പെര്‍ഫക്ഷന്‍റെ ഉസ്താദ് എന്നറിയപ്പെട്ടിരുന്ന ഹിച്ച്കോക്ക് ഈ 3ഡി സിനിമയ്ക്കുവേണ്ടി കൂടുതല്‍ ശ്രദ്ധാലുവായിരുന്നു. 3ഡി സിനിമയില്‍ ഒരോ വസ്തുവും പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുമെന്നുള്ളതു കൊണ്ട് കഥ നടക്കുന്ന വെന്‍ഡിസ് അപ്പാര്‍ട്ടുമെന്‍റിലേക്കുള്ള ഓരോ സാധനവും പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടു. ടെലിഫോണ്‍ ഡയലിന്‍റെ ഒരു മാക്രോ ക്ലോസ് ഷോട്ട് സിനിമയില്‍ കാണിക്കുന്നുണ്ട്. അന്നത്തെ 3ഡി ക്യാമറവച്ച് അത്തരം ഷോട്ട് അസാദ്ധ്യമായിരുന്നു. വളരെ വലിപ്പമുള്ള ഡയലിന്‍റെ ഒരു രൂപമുണ്ടാക്കി അതിലേക്ക് നീങ്ങുന്ന വിരലിന്‍റേയും രൂപമുണ്ടാക്കിയായിരുന്നു ആ ഷോട്ട് ചിത്രീകരിച്ചത്.

സാധാരണ 3ഡി സിനിമയിലെ ഗിമ്മിക്കുകള്‍ തീരെ ഒഴിവാക്കിക്കൊണ്ടായിരുന്നു ഹിച്ച്കോക്ക് തന്‍റെ 3ഡി സിനിമ ചെയ്തത്. സ്ക്രീന്‍ ലെവലില്‍ നിന്ന് പുറത്തേക്ക് വരുന്ന വസ്തുക്കള്‍ കണ്ട് ഞെട്ടാനും വിസ്മയിക്കാനുമായി വരുന്ന കാണികളെ ഡയല്‍ എം നിരാശപ്പെടുത്തും. എന്നാല്‍ അങ്ങനെയല്ലാത്തവര്‍ക്ക് ഹിച്ച്കോക്ക് സിനിമ സ്വയം സീനിലേക്ക് ഇറങ്ങി സംഭവങ്ങള്‍ നേരിട്ടുകാണുന്ന പ്രതീതിയുളവാക്കി. അദ്ദേഹം വിഷ്വല്‍ ഡെപ്തിനായിരുന്നു പ്രാധാന്യം കൊടുത്തിരുന്നത്. ആ സിനിമയില്‍ ഒരു ഷോട്ടില്‍ മാത്രമാണ്‌ സ്ക്രീനിനു പുറത്തേക്ക് ഒരു വസ്തു നീണ്ടുവരുന്നത്. നായികയെ കൊലപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അവരുടെ കൈ നീണ്ടുവരുന്നതായിരുന്നു അത്.

Alfred Hitchcock
Alfred Hitchcock

Depth

3ഡി സിനിമയില്‍ ഒരു വസ്തു പ്രേക്ഷന്‍റെ കണ്ണുകളില്‍ നിന്ന് നില്‍ക്കുന്ന അകലത്തിനനുസരിച്ച് ആ വസ്തുവിന്‍റെ വലിപ്പം നമ്മള്‍ അറിയാതെ കണക്കുകൂട്ടുന്നുണ്ടാകും. അത് നമ്മള്‍ അതുവരെ കണ്ടു പരിചയിച്ച കാഴ്ചാശീലങ്ങളുമായി ബന്ധപ്പെട്ടാണീരിക്കുന്നത്. ഉദാഹരണമായി ഒരാനയെ നമ്മുടെ കയ്യെത്തും അകലത്തിലേക്ക് 3ഡി സിനിമയില്‍ കൊണ്ടുവരികയും അപ്പോഴും അനയുടെ പൂര്‍ണ്ണരൂപം നമുക്ക് കാണാനും കഴിയുകയാണെങ്കില്‍ ആ ആനയുടെ വലിപ്പം ഒരു മനുഷ്യന്‍റെ വലിപ്പത്തോളം മാത്രമേയുള്ളൂവെന്ന് നമ്മളുടെ തലച്ചോര്‍ നമ്മളെ ധരിപ്പിച്ചുകളയും. അതുകൊണ്ടാണ്‌ 3ഡി സിനിമ കാണുമ്പോള്‍ പലപ്പോഴും അതിലെ മനുഷ്യ രൂപങ്ങള്‍ക്ക് വേണ്ടത്ര വലിപ്പമില്ലല്ലോയെന്ന് നമുക്ക് തോന്നലുണ്ടാകുന്നത്. എന്നാല്‍ ഹിച്ച്കോക്കിന്‍റെ 3ഡി സിനിമയില്‍ മനുഷ്യന്‍ പൂര്‍ണ്ണ വലിപ്പത്തില്‍ നമുക്കനുഭവപ്പെടും എന്നതാണ്‌ ഡയല്‍ എമ്മിനെ 3ഡി സിനിമയുടെ ലാന്‍ഡ്മാര്‍ക്കായി മാറ്റിയത്. സിനിമയില്‍ 3ഡി എങ്ങനെ ഉപയോഗിക്കണമെന്നതിന്‍റെ ആദ്യപാഠപുസ്തകമായിരുന്നു ഹിച്ച്കോക്കിന്‍റെ സിനിമ.

3ഡിയുടെ തുടക്കകാലത്തെ ആ ക്യാമറയ്ക്ക് ധാരാളം പിഴവുകളുണ്ടായിരുന്നിട്ടും ഇത്രയും മികച്ച ഒരു 3ഡി സിനിമ നിര്‍മ്മിച്ചത് ഹിച്ച്കോക്കിന്‍റെ ടെക്നിക്കല്‍ പെര്‍ഫക്ഷന്‌ ഉദാഹരണമായി കാട്ടുന്നുണ്ട്.

എന്നാല്‍ 1954 ല്‍ ഹിച്ച്കോക്കിന്‍റെ 3ഡി സിനിമ റിലീസായപ്പോഴേക്കും 3ഡി തരംഗം അവസാനിക്കുകയും “ഡയല്‍ എം ഫോര്‍ മര്‍ഡര്‍” 2ഡി പ്രിന്‍റായി മിക്ക തിയറ്ററുകളിലും പ്രദര്‍ശിപ്പിക്കേണ്ടിയും വന്നു.

Share with:


About the Author

AK Saiber
Stereoscopic 3D Visualizer. Column Writer

Be the first to comment on "Alfred Hitchcock made a 3D film in 1954 | Malayalam Article"

Leave a comment

Your email address will not be published.