മനസ്സിൽ മറക്കാനാവാത്ത വിധം പതിഞ്ഞു കിടക്കുന്ന ചെറിയ രംഗങ്ങൾ പോലും നമുക്ക് സമ്മാനിച്ച ഒട്ടനവധി character artistകളുടേത് കൂടിയാണ് സിനിമ. അവരും നായകന്മാരാണ്, നായികമാരുമാണ്.

സുരാജ് വെഞ്ഞാറമൂട്
ആദ്യകാലങ്ങളിൽ ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ച സുരാജ് പിന്നീട് ചലച്ചിത്രങ്ങളിൽ ഹാസ്യവേഷങ്ങൾ കൈകാര്യം ചെയ്ത് തുടങ്ങി. ഒരു കാലത്ത് ഹരിശ്രീ അശോകനും കൊച്ചിൻ ഹനീഫയും ഒക്കെ ചെയ്തു കൊണ്ടിരുന്ന ഹാസ്യ രംഗങ്ങൾ പിന്നീട് സുരാജിന്റെ കൈകളിലേക്ക് വന്നു ചേർന്നു. ഇടക്കാലത്ത് ഇറങ്ങിയ ഒട്ടുമിക്ക സിനിമകളിലും സുരാജില്ലാത്ത ഒരു ഹാസ്യരംഗം ഉണ്ടായിരുന്നില്ല എന്ന് പോലും പറയാം. പക്ഷേ തുടർച്ചയായ പല വേഷങ്ങളിലും യാതൊരു പുതുമയും ഇല്ലായിരുന്നു. ഡ്യൂപ്ലിക്കേറ്റ് എന്ന സിനിമയിൽ നായക വേഷത്തിൽ എത്തിയെങ്കിലും സിനിമ ശ്രദ്ധേയമായിരുന്നില്ല. ഇവർ വിവാഹിതരായാൽ, ഒരുനാൾ വരും, ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ് എന്നീ സിനിമകളിലൂടെ 2009, 2010, 2013 എന്നീ വർഷങ്ങളിലെ ഏറ്റവും നല്ല ഹാസ്യ നടനുള്ള അവാർഡ് സുരാജ് നേടുകയുണ്ടായി.
രഞ്ജിത്തിന്റെ സ്പിരിറ്റ് എന്ന സിനിമയിലൂടെ മുരളീ കൃഷ്ണൻ എന്ന ടൂറിസം വകുപ്പ് മന്ത്രിയായി എത്തിയ സുരാജ് സീരിയസ് വേഷങ്ങളും തനിക്ക് അനായാസമായി ചെയ്യാനാവും എന്ന് കാണിച്ചു തന്നു. ‘പേരറിയാത്തയവർ’ എന്ന സാമൂഹിക പ്രതിബദ്ധത ഉള്ള ചലച്ചിത്രത്തിലൂടെ സുരാജ് ചെയ്ത അച്ഛൻ വേഷം അദ്ദേഹത്തിന് നേടിക്കൊടുത്തത് 2013ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരമാണ്. അഭിനയരംഗത്തെ അദ്ദേഹത്തിന്റെ അസാമാന്യ തെളിവ് മലയാളികൾ മനസിലാക്കി തുടങ്ങിയത് പിന്നീടാണ്. ആക്ഷൻ ഹീറോ ബിജുവിൽ അദ്ദേഹം ചെയ്ത വൈകാരികമായ റോൾ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലുടനീളം സുരാജ് അഭിനയിച്ചു വിസ്മയിപ്പിക്കുകയായിരുന്നു. ഒരു കാലത്ത് ഹാസ്യരംഗങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന സുരാജ് ഇന്ന് മലയാള സിനിമയിലുടനീളം വ്യത്യസ്തവും വൈകാരികവും കണ്ണ് നനയിക്കുന്നതുമായ ഒരുപാട് റോളുകൾ അനായാസമായി കൈകാര്യം ചെയ്യുന്ന ഒരു നടനാണ്. തീർച്ചയായും വരും കാലങ്ങളിൽ ഇനിയും ഒരുപാട് അവസരങ്ങൾ അദ്ദേഹത്തിനായി കാത്തിരിക്കുന്നുണ്ട്.

ചെമ്പൻ വിനോദ് ജോസ്
മലയാളികൾക്ക് ഇന്ന് സുപരിചിതനാണ് ചെമ്പൻ വിനോദ്. 2010ലെ നായകൻ എന്ന സിനിമയിലൂടെ ആണ് അദ്ദേഹം തന്റെ അഭിനയജീവിതത്തിന് തുടക്കം കുറിച്ചത്. ഫ്രൈഡേ, ഓർഡിനറി, കിളി പോയി തുടങ്ങിയ സിനിമകളിലൊക്കെ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. എങ്കിലും ശ്രദ്ധേയമായി തുടങ്ങിയത് ആമേനിലെ പൈലക്കുട്ടിയിലൂടെയും സപ്തമശ്രീ തസ്കരനിലെ മണ്ടനായ കള്ളൻ മാർട്ടിനിലൂടെയുമാണ്. ചെമ്പൻ വിനോദ് എന്ന നടന്റെ ഏറ്റവും വലിയ സവിശേഷത അദ്ദേഹത്തിന് ചിരിപ്പിക്കാനും വിഷമിപ്പിക്കാനും കരയിക്കാനും ഭയപ്പെടുത്താനും ഒരുപോലെ കഴിയും എന്നുള്ളത് തന്നെയാണ്. ഏത് റോളുകളും തന്റേതായ അഭിനയ ശൈലിയിലൂടെ വരുതിയിലാക്കാൻ ചെമ്പന് അസാമാന്യമായ കഴിവുണ്ട്.
സപ്തമശ്രീയിൽ പൊട്ടിച്ചിരിപ്പിച്ച ചെമ്പൻ ഡാർവിന്റെ പരിണാമത്തിലും കലിയിലും ചെയ്ത പ്രതിനായക വേഷങ്ങൾ ഒന്നിനൊന്ന് മികച്ചതായിരുന്നു. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന സിനിമയിലെ ദേവസ്സി ആയെത്തിയ ചെമ്പൻ വീണ്ടും അതിശയിപ്പിച്ചു. എങ്കിലും കരിയറിൽ ചെമ്പൻ ചെയ്തതിൽ വച്ചേറ്റവും മികച്ച റോൾ തീർച്ചയായും ഈ മ യൗവിലേത് തന്നെ ആയിരുന്നു. മരണത്തിന്റെ ഏറ്റവും വന്യമായ ദൃശ്യാവിഷ്കാരമായിരുന്ന ആ സിനിമയിൽ ‘ഈശി’ എന്ന മനുഷ്യനിലൂടെ ചെമ്പൻ ജീവിക്കുകയായിരുന്നു എന്ന് തന്നെ വേണം പറയാൻ. സിനിമയിൽ ഉടനീളം തിളങ്ങിയ ചെമ്പന്റെ വികാരപ്രകടനങ്ങൾ മലയാളികളെ പിടിച്ചിരുത്തിയ ഒന്നായിരുന്നു.
പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയിലെ ‘ജോസ്’ എടുത്തു പറയേണ്ട ഒന്നാണ്. ആംബുലൻസിൽ പൊറിഞ്ചുവിന്റെ മടിയിൽ കിടന്ന് അവസാന പഫ് എടുക്കുന്ന ജോസ് എന്ന ചെമ്പൻ കാഴ്ച വച്ചത് അഭിനയത്തിന്റെ പുതിയ തലങ്ങളായിരുന്നു. ഡിസ്കോ ഡാൻസർ ആയി തകർത്താടിയ ചെമ്പൻ അതേ സിനിമയിൽ വൈകാരികമായ ഒരുപാട് രംഗങ്ങൾ അതിമനോഹരമായി കൈകാര്യം ചെയ്തു. അങ്കമാലി ഡയറീസ് എന്ന തനി നാടൻ സിനിമ റിയലിസ്റ്റിക്ക് സിനിമകളുടെ ചരിത്രത്തിൽ ഒരു പുതു ഏടായിരുന്നു എന്ന് തന്നെ പറയാം. അതിന് പിന്നിൽ ചെമ്പൻ എന്ന എഴുത്തുകാരന്റെ കയ്യൊപ്പ് കൂടി ആണ്. തിരക്കഥാകൃത്ത് എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും ഇനിയും ഒരുപാട് അവസരങ്ങൾ ചെമ്പനെ കാത്തിരിപ്പുണ്ട് എന്നതിൽ സംശയമില്ല.

ഇന്ദ്രൻസ്
1981ലെ ചൂതാട്ടം എന്ന സിനിമയിൽ ആരംഭിച്ചതാണ് ഇന്ദ്രൻസിന്റെ അഭിനയജീവിതം. ഇന്ദ്രൻസ് മലയാളി സിനിമാ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാനാവാത്ത ഒരാളാണ്. കുടു കുടെ ചിരിപ്പിച്ച ഒരുപാടധികം റോളുകൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. 1993ൽ ഇറങ്ങിയ മേൽപ്പറമ്പിൽ ആൺവീട് എന്ന സിനിമയിലെ കല്യാണ ബ്രോക്കറുടെ വേഷം ഇന്ദ്രൻസിനെ കൂടുതൽ ശ്രദ്ധേയനാക്കി. പിന്നീടിങ്ങോട്ട് ഹാസ്യവേഷങ്ങളിൽ സ്ഥിരം സാന്നിധ്യമായി മാറിയ ഇന്ദ്രൻസ് അനിയൻ ബാവ ചേട്ടൻ ബാവ, CID ഉണ്ണികൃഷ്ണൻ BA BeD, ആദ്യത്തെ കണ്മണി തുടങ്ങി ഒട്ടനവധി സിനിമകളിലൂടെ മലയാളികളെ മനസ് നിറഞ്ഞു ചിരിപ്പിച്ചു.
2004ലെ കഥാവശേഷൻ എന്ന സിനിമയിൽ ചെയ്ത ക്യാരക്ടർ റോൾ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായിരുന്നു. 2014ൽ അപ്പോത്തിക്കരി എന്ന ചലച്ചിത്രത്തിലെ വേഷം അദ്ദേഹത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ പ്രത്യേക പരാമർശം നേടിക്കൊടുത്തു. ഒരുകാലത്ത് തമാശകൾ മാത്രം കണ്ടു ശീലിച്ച, ചിരിപ്പിക്കാൻ മാത്രം കഴിയുമെന്ന് നാം കരുതിയ നടൻ ആളൊരുക്കം എന്ന സിനിമയിലൂടെ വീണ്ടും ഞെട്ടിച്ചു. അതിലെ റോൾ 2017ലെ ഏറ്റവും മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇന്ദ്രൻസിന് നേടിക്കൊടുത്തു. സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച നടനുള്ള അംഗീകാരം അദ്ദേഹത്തിന് നേടിക്കൊടുത്തത് ഡോക്ടർ ബിജു സംവിധാനം ചെയ്ത വെയിൽമരങ്ങൾ എന്ന സിനിമയിലെ മുഴുനീള റോളിലൂടെ ആണ്. മലയാള സിനിമാലോകത്തിൽ ഇന്ദ്രൻസ് എന്ന നടൻ ഇനിയും ഒരുപാട് വിസ്മയിപ്പിക്കാനുണ്ട് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
(click here for part 1)

Leave a comment