Best Character Artists Of This Generation In Malayalam | Part 1

Best character artists in malayalam plumeria movies
Soubin Shahir, Joju George, and Leona Lishoy

വെള്ളിത്തിരയിലെ മിന്നും താരങ്ങളായ നായികാ നായകന്മാരെന്നും നമുക്ക് ഒരു ഹരമാണ്. അവരെ ആരാധിക്കാനും വാഴ്ത്താനും നമ്മളൊരിക്കലും വിട്ട് പോവാറില്ല. എന്നാൽ അവർ അരങ്ങു വാഴുന്ന അതേ സിനിമയിൽ ഉടനീളം അതല്ലെങ്കിൽ ഇടക്കിടെ വന്നുപോവുന്ന മറ്റു ചിലരുണ്ടാവും. പ്രധാന കഥാപാത്രത്തിനൊപ്പം അതല്ലെങ്കിൽ അതിലും മികച്ച രീതിയിൽ അഭിനയം കാഴ്ചവക്കുന്ന അവർ സിനിമയിൽ ചെലുത്തുന്ന സ്വാധീനം ഒട്ടും ചെറുതല്ല.

ഈ കാലഘട്ടത്തിൽ കാര്യങ്ങൾ കുറേ ഒക്കെ മെച്ചപ്പെട്ടിട്ടുണ്ട്. അവരുടെ കഴിവുകൾ അംഗീകരിക്കാനും അഭിനയസാധ്യത ഉള്ള മികച്ച റോളുകൾ കൈകാര്യം ചെയ്യാൻ ഉള്ള അവസരങ്ങൾ ഒരുക്കി കൊടുക്കാനും മലയാള സിനിമക്ക് പണ്ടത്തേക്കാൾ കഴിയുന്നുണ്ട്. എങ്കിലും ശ്രദ്ധിക്കപ്പെടാതെ മങ്ങിപ്പോവുന്ന ചിലരും അക്കൂട്ടത്തിൽ ഉണ്ട് താനും. ഈ രണ്ട് വിഭാഗത്തിലുമുള്ള, മനസിൽ ഏറെ സ്പർശിച്ച ചില രംഗങ്ങൾ സമ്മാനിച്ച അഭിനേതാക്കളെ കുറിച്ചാണ് ഈ എഴുത്ത്.

Soubin Shahir real life photo

Soubin Shahir

അസിസ്റ്റന്റ് ഡയറക്ടർ ആയി മലയാള സിനിമയിൽ കടന്നുവന്ന സൗബിൻ പക്ഷെ മലയാളികളുടെ മനസിലേക്ക് ചേക്കേറിയത് പ്രേമത്തിലെ (2015) പി.ടി മാഷിലൂടെ ആണ്. വിനയ് ഫോർട്ടിനെ ഡാൻസ് പഠിപ്പിക്കുന്ന ശിവൻ സാർ നമ്മളെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട്. മായാനദിയിൽ സമീറയുടെ മുഖത്തടിച്ച, എയർപോർട്ടിൽ നിന്നും ഉറക്കെ വിളിച്ചു ശകാരിച്ച അവളുടെ ഇക്കയെ നമ്മൾ കുറച്ചെങ്കിലും വെറുത്തിട്ടുണ്ട്. പെൺസ്വപ്നങ്ങൾക്ക് മീതെ കരിമ്പടം പുതക്കാൻ വെമ്പൽ കൊള്ളുന്ന പൊതുസമൂഹത്തിന്റെ ചെകിട്ടത്താണ് ആ അടി സത്യത്തിൽ വീണത്. കാർബണിൽ “മുറുക്കാൻ മേടിക്കാൻ ഒരു 150 രൂപ തര്വോ” എന്ന് ചോദിക്കുന്ന ആനക്കാരൻ രാജേഷ് മനസ്സിൽ പതിഞ്ഞിരുന്നു. അതിനേക്കാളൊക്കെ ഇഷ്ടപ്പെട്ടത് മഹേഷിന്റെ പ്രതികാരത്തിലെ ക്രിസ്പിനെ ആണ്. “ഇത്രക്ക് ചീപ്പാണോ ആർട്ടിസ്റ്റ് ബേബി” എന്ന ഡയലോഗ് മലയാളി യുവത്വം ഏറ്റുപറഞ്ഞിരുന്നു. ഒരാണിനേയും പെണ്ണിനേയും ഒന്നിച്ചു കണ്ടാൽ അത് ‘ഡിങ്കോൾഫി’ ആണെന്ന് പറഞ്ഞു സ്വയം അപഹാസ്യരാവുന്ന ആയിരം ബേബിമാരോടാണ് സൗബിൻ അത് ചോദിച്ചതും.

മലയാള സിനിമയുടെ ഭാവിയെ കുറിച്ചു ചോദിച്ചാൽ എടുത്തു പറയാവുന്ന ഒരു സിനിമ ആണ് കുമ്പളങ്ങി നൈറ്റ്സ് എന്ന കാര്യത്തിൽ സംശയമുണ്ടാവില്ല. “മൊതലാക്ക്വാണല്ലേടാ സജി..” എന്ന് ബോബി ചോദിക്കുമ്പോൾ പുറം തിരിഞ്ഞുനിന്ന് പൊട്ടിച്ചിരിക്കുന്ന സജിയോടൊപ്പം നമ്മളും ചിരിച്ചു. ഡോക്ടറുടെ മാറിൽ നിസ്സഹായനായി ചേർന്ന് വിങ്ങുന്ന അയാൾക്കൊപ്പം നമ്മളും കരഞ്ഞു. വൈറസിലെ ഉണ്ണികൃഷ്ണൻ ചുമച്ചു തുപ്പി ഒരോട്ടോക്ക് വേണ്ടി കൈ നീട്ടുമ്പോൾ അയാളേക്കാൾ ഭയന്നത് നമ്മളാണ്. മരിക്കാൻ പോവുന്ന ആളല്ലേ എന്ന് പറഞ്ഞ് അയാൾ പൊട്ടിക്കരയുമ്പോൾ നമ്മളുടെയും നെഞ്ചിടറിയിട്ടുണ്ട്. എന്നാൽ ഇതിലൊന്നും സൗബിൻ ‘നായകൻ’ ആയിരുന്നില്ല. സുഡാനി ഫ്രം നൈജീരിയയിലാണ് സൗബിൻ ആദ്യമായി ഒരു മുഴുനീള റോൾ ചെയ്യുന്നത്. അതേ സിനിമയിൽ തന്നെ 2018ലെ മികച്ച നടനുള്ള കേരള സ്റ്റേറ്റ് അവാർഡ് വാങ്ങി അദ്ദേഹം കഴിവ് തെളിയിച്ചു. ഇന്നിപ്പോൾ അമ്പിളിയും ഒരു സൈക്കിളിൽ നമ്മളെ പിൻതുടരുകയാണ്, വറ്റാത്ത സ്നേഹവും വാത്സല്യവുമായി.

Joju George real life photo

Joju George

1995ലെ മഴവിൽക്കൂടാരം എന്ന സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങിയതാണ് ജോജു എന്ന നടന്റെ കരിയർ. ഒട്ടനവധി സപ്പോർട്ടിങ്ങ് റോളുകളിലൂടെ മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ജോജുവിന് കഴിഞ്ഞിരുന്നു. ലുക്കാച്ചുപ്പിയിലെ റഫീക്കിന്റെ നഷ്ട പ്രണയവും ഭാര്യയുടെ അച്ഛന്റെ കളിപ്പാവ എന്നോണം ഒതുങ്ങിപ്പോയതിലുള്ള അയാളുടെ അമർഷവും മനസ്സിൽ പതിഞ്ഞിരുന്നു. മേരിക്കുട്ടിയെ പ്രകോപിപ്പിക്കുന്ന, അനുവാദമില്ലാതെ ശരീരത്തിൽ തൊടുന്ന ‘ഞാൻ മേരിക്കുട്ടി’യിലെ പോലീസ് ഇൻസ്‌പെക്ടറിനെ വെറുപ്പോടെ അല്ലാതെ ഓർക്കാൻ കഴിയുന്നില്ല. പെണ്ണിനേയും ആണിനേയും മാത്രം അല്ലാതെ മറ്റു ലിംഗവിഭാഗങ്ങളിൽ പെട്ടവരെയൊക്കെ അറപ്പോടെ നോക്കിക്കാണുന്ന വിവരമില്ലാത്ത പലരുടെയും പ്രതിനിധി ആയി മാറിയ കഥാപാത്രം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞിരുന്നു. പെണ്ണെന്നു കേട്ടാൽ, പെണ്ണിന്റെ ശബ്ദം കേട്ടാൽ രാത്രിയുടനീളം വിളിച്ചും മെസേജുകൾ വിതറിയും അലോസരപ്പെടുത്തുന്ന ഒരു വിഭാഗത്തിനെ പൊതുസമൂഹത്തിന് മുന്നിൽ വലിച്ചു കീറിയ ഒരു ചെറിയ സീൻ ആയിരുന്നു പൂമരത്തിലൂടെ പോലീസ് ഇൻസ്‌പെക്ടർ ആയി ജോജു കൈകാര്യം ചെയ്തത്.

പ്രതീക്ഷ നഷ്ടപ്പെട്ട് എന്തിനും ഏതിനും തയ്യാറായി മുന്നോട്ടിറങ്ങുന്ന ജീവിതങ്ങൾ വച്ചുനീട്ടുന്ന നന്മയുടെ കൈത്താങ്ങുകൾ ഒട്ടും ചെറുതല്ല എന്ന് മനസിലാക്കി തരാൻ വൈറസിലെ അറ്റന്റർ ബാബുവിന് കഴിഞ്ഞു എന്നത് വാസ്തവമാണ്. ജോജു അതിഗംഭീരമായി കൈകാര്യം ചെയ്ത റോളുകളിൽ ഒന്നായിരുന്നു അത്. ജൂണിലെ നായികയുടെ അച്ഛനായി ജോജു വീണ്ടും അതിശയിപ്പിച്ചു. മകൾക്കൊപ്പം ബീർ അടിക്കുന്ന, അവളെ ഓർത്തു വേവലാതിപ്പെടുന്ന, എന്നാൽ അവളുടെ ഇഷ്ടങ്ങൾക്ക് എതിരുനിൽക്കാൻ കഴിയാത്ത സ്നേഹത്തിന്റെ നിറകുടമായ ഒരച്ഛൻ. മികച്ച സ്വഭാവനടനുള്ള 2018ലെ കേരള സ്റ്റേറ്റ് അവാർഡും, നാഷണൽ അവാർഡ് – പ്രത്യേക പരാമർശവും ജോജുവിന് നേടിക്കൊടുത്ത ജോസഫ് എന്ന കഥാപാത്രം മലയാള സിനിമയുടെ തന്നെ വഴിത്തിരിവുകളിൽ ഒന്നായിരുന്നു.

ചെറിയ റോളുകളിൽ നിന്നും സിനിമ ഉടനീളം നിറഞ്ഞുനിൽക്കുന്ന അഭിനയ സാധ്യത ഉള്ള റോളുകളിലേക്ക് കടന്നെത്തിയ ജോജു മലയാള സിനിമാലോകത്തിന് സമ്മാനിച്ചത് മറക്കാൻ ഒരിക്കലും കഴിയാത്ത മനോഹരമായ അനവധി രംഗങ്ങളാണ്. പൊറിഞ്ചു മറിയം ജോസിലെ കാട്ടാളൻ പൊറിഞ്ചു ഉശിരുള്ള, വറ്റാത്ത പ്രണയം നെഞ്ചിൽ കാത്തുവക്കുന്ന, സ്നേഹിച്ചവർക്ക് ചങ്ക് പറിച്ചു നൽകുന്ന ഏതൊരാളെയും പോലെയാണ്.പ്രിയപ്പെട്ടവർക്ക് വേണ്ടി കൊല്ലാനും ചാവാനും മടിയില്ലാത്ത ഒരുവൻ. അയാൾ ഒരു ലഹരിയെന്നോണം മനസിനെ കവർന്നിട്ടുണ്ട്.

Leona Lishoy real life photo

Leona Lishoy

2012ലെ കലികാലം എന്ന സിനിമയിൽ ആരംഭിച്ചതാണ് ലിയോണയുടെ അഭിനയ ജീവിതം. ജവാൻ ഓഫ് വെള്ളിമലയിലെ ജെന്നിയും നോർത്ത് 24 കാതത്തിലെ സിമിയും റെഡ് റെയ്നിലെ നേഹയുമൊക്കെ ആയിരുന്നു ആദ്യകാല കഥാപാത്രങ്ങൾ. നിരവധി കഥാപാത്രങ്ങൾ ആദ്യ ഘട്ടത്തിൽ ചെയ്തിരുന്നുവെങ്കിലും ഒന്നും ശ്രദ്ധേയമായില്ല. എങ്കിലും ലിയോണ തന്നെ tedx വേദിയിൽ പറഞ്ഞത് പോലെ ശ്രദ്ധിക്കപ്പെടാത്ത, വിജയകരമല്ലാത്ത എന്ന് നമ്മൾ അവകാശപ്പെടുന്ന അത്തരം കഥാപാത്രങ്ങളിൽ നിന്നും സിനിമകളിൽ നിന്നുമൊക്കെ സ്വയം പഠിക്കാനും ക്യാമറക്ക് മുന്നിൽ കൂടുതൽ ആത്മവിശ്വാസത്തോടെ വീണ്ടും അഭിനയിക്കാനും അവർക്ക് കഴിഞ്ഞിട്ടുണ്ട്.

മായാനദിയിലെ സമീറ ഉറ്റ സുഹൃത്തുക്കൾക്കൊപ്പം നിശബ്ദമായ ഒരു രാത്രിയിൽ “ബാവ്‌രാ മൻ ദേഖ്നെ” കേട്ടിരിക്കുമ്പോൾ, താൻ അവാർഡ് നൈറ്റിനണിഞ്ഞ പുത്തനുടുപ്പ് അപ്പുവിന് കൈമാറുമ്പോൾ, പരസ്യത്തിൽ അഭിനയിക്കാൻ ഒരവസരം തരപ്പെടുത്തി കൊടുക്കുമ്പോൾ, ഒടുവിൽ അവസാനം എയർപോർട്ടിൽ കരഞ്ഞുകൊണ്ട് നീ കല്യാണമൊന്നും കഴിക്കണ്ട എന്ന് ദർശനയോട് ഉപദേശിച്ചു യാത്ര പറയുമ്പോൾ മലയാളികൾ ലിയോണയെ നെഞ്ചിലേറ്റി. “ഇതിന്ത്യയാണ് ഇവിടെ ഇങ്ങനെ ആണ്” എന്ന് ക്യൂനിലൂടെ ലിയോണ നിസ്സഹായയായി പറഞ്ഞപ്പോൾ അത് ഹൃദയത്തിലേക്ക് ഏറ്റുവാങ്ങി മലയാള സിനിമാപ്രേമികൾ ഒന്നടങ്കം ഏറ്റുപറഞ്ഞു. നമ്മുടെ നിയമവ്യവസ്ഥയുടെ പഴുതുകളെ കൃത്യമായി വിമർശിക്കുകയായിരുന്നു ആ കഥാപാത്രം.

മുഷിഞ്ഞഴുകിയ മലയാളി സമൂഹത്തിന്റെ കപടസദാചാരബോധവും അതിനെ മറയ്ക്കാൻ നാമിടുന്ന സംസ്കാരമെന്ന പേരും. അതിനെ കിറുകൃത്യമായി കുറ്റപ്പെടുത്തി ഇഷ്‌ക് എന്ന സിനിമയിലെ മരിയ എന്ന റോളിലാണ് പിന്നീട് ലിയോണ അഭിനയിച്ചു തകർത്തത്. പ്രതിനായകനായ ആൽവിന്റെ ഭാര്യ ആയ മരിയ ഭയവും നിസ്സഹായതയും ദുഖവും വെറുപ്പും ഒക്കെ ഭംഗിയായി അഭിനയിച്ചു. ഈ കഥാപാത്രങ്ങളൊക്കെ പറഞ്ഞുവക്കുന്നത് അവരുടെ അഭിനയത്തോടുള്ള അഭിനിവേശവും കഴിവും തന്നെയാണ്. ഇതിനേക്കാൾ ശ്രദ്ധയും കൂടുതൽ അവസരങ്ങളും അർഹിക്കുന്ന ഒരഭിനേത്രി തന്നെയാണ് ലിയോണ,സംശയമില്ല.

തുടരും…

സിനിമയെ കുറിച്ച് ഏറ്റവും കൂടുതൽ ചർച്ചകൾ നടക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. വെറുതെ വിനോദത്തിന് ഉപാധിയായി മാത്രം സിനിമയെ കണ്ടിരുന്ന ഒരവസ്ഥയിൽ നിന്നും ഒരു വലിയ വിഭാഗം മാറിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം. കഴിവുള്ളവർക്ക് കൂടുതൽ അവസരങ്ങളും വേദികളും കിട്ടുക തന്നെ ചെയ്യട്ടെ. മനസ്സിൽ മറക്കാനാവാത്ത വിധം പതിഞ്ഞു കിടക്കുന്ന ചെറിയ രംഗങ്ങൾ പോലും നമുക്ക് സമ്മാനിച്ച ഒട്ടനവധി character artistകളുടേത് കൂടിയാണ് സിനിമ. അവരും നായകന്മാരാണ്, നായികമാരുമാണ്. ഈ പേരുകൾ ഇവിടെ അവസാനിക്കുന്നതല്ല. അവരെ കുറിച്ച് ഓർമപ്പെടുത്താൻ ഈ എഴുത്ത് ഇനിയും തുടരും…

(Click here for part 2)

Share with:


About the Author

ശിൽപ നിരവിൽപുഴ
B'Tech Graduate. Blogger. Passionate about books and movies.

Leave a comment

Your email address will not be published.