Akhorasivam | യു.എ. ഖാദർ എഴുതിയ അഘോരശിവം | Book Review

Akhorasivam Book Review

വടക്കൻ മലയാളത്തിന്റെ ഈണം കേൾപ്പിക്കുന്ന ഇതിലെ നാടൻ ശീലുകളും പഴമൊഴികളും ഇഴചേരുന്ന വാമൊഴി സ്വന്തം മണ്ണിന്റെ ആഴങ്ങളിൽ നിന്നുറയുന്ന വായ്‌ത്താരിയാണ്. പന്തലായനി എന്ന തന്റെ കൊച്ചുദേശത്തിന്റെ ആത്മാവിലേക്ക് എഴുത്തുകാരൻ ഒരു യാത്ര നടത്തുകയാണ്. ആ യാത്രയിൽ നമ്മളെയും കൊണ്ടുപോവുന്നു. അവിടെ ഉറങ്ങിക്കിടക്കുന്ന കഥകൾക്ക് നോവലിസ്റ്റ് ചോരയും നീരും കൊടുത്ത് വളർത്തിയപ്പോൾ നമുക്ക് ലഭിച്ചത് മലയാള സാഹിത്യത്തിലെ തന്നെ പകരം വക്കാനില്ലാത്ത നോവലുകളിലൊന്ന്.

പന്തലായനി തീവണ്ടിയാപ്പീസിന്റെ ടിക്കറ്റ് കൗണ്ടറിന് മുൻവശത്തായി സ്ഥാപിച്ചിരിക്കുന്ന ചായക്കട നടത്തുന്ന സാത്വികനായ ചാമി അയ്യർ. അദ്ദേഹത്തിന്റെ തമിഴ് ചുവയുള്ള നുള്ളിപ്പെറുക്കിയ പൊങ്ങച്ചങ്ങൾ ഒട്ടും തനിമ ചോരാതെ എഴുത്തുകാരൻ വർണിക്കുമ്പോൾ വായനക്കാരന്റെ നാവിൽ ചാമി അയ്യർ ഉപ്പൂത്തിയുടെ വട്ടഇലയിൽ വച്ചുതരുന്ന ദോശയുടെയും കട്ടിച്ചട്ടിണിയുടെയും സ്വാദ്. അദ്ദേഹത്തെ ഭയപ്പെടുത്താനും ചില്ലുപാത്രങ്ങൾ തല്ലിയുടക്കാനും ഇടക്കിടെ വന്നെത്തുന്ന ശിവകാമി മകൻ വായനക്കാരെ പോലും ഭീതിയിലാഴ്ത്തുന്നു.

എഴുത്തുകാരൻ നമ്മളെ പരിചയപ്പെടുത്തുന്ന അടുത്ത കഥാപാത്രമാണ് കൃഷ്ണക്കുറുപ്പ്. പന്തലായനി അടക്കിവാണ ഒരു സിംഹം തന്നെ ആയിരുന്നു ഇദ്ദേഹം. പെട്ടെന്നൊരു ദിവസം നാടക കമ്പം മൂത്ത കൃഷ്ണക്കുറുപ്പ് പന്തലായനി നാടക സമിതി സ്വന്തം കൈവെള്ളയിലാക്കുന്നു. തയ്യുള്ള കുനിപ്പറമ്പിൽ താഴെ തൊടുകയിൽ പാർക്കും തട്ടാൻ ചന്തുക്കുട്ടിയുടെ ഏറ്റവും ഇളയ മകൻ ആയ ദിനകരൻ ആണ് നാടകങ്ങളിലെ സ്ത്രീവേഷം നിത്യവും ചെയ്യുന്നത്. പൊടുന്നനെ ഒരു ദിവസം തീവണ്ടിപ്പാളത്തിൽ തലയും ശരീരവും രണ്ടായി വേർപെട്ട സ്ഥിതിയിൽ ദിനകരൻ പ്രത്യക്ഷപ്പെടുന്നു. വായനക്കാരനെ മുൾമുനയിൽ നിർത്തി എഴുത്തുകാരൻ അടുത്ത കഥാപാത്രത്തിലേക്ക് നീങ്ങുന്നു.


പന്തലായനി തീവണ്ടിയാപ്പീസിന്റെ കിഴക്കുവശത്ത് കാണുന്ന കൽക്കത്ത ബംഗ്ലാവിലെ മനുഷ്യപ്പറ്റില്ലാത്ത ഉച്ചക്കിറുക്കൻ. ആ ഭ്രാന്തന്റെ ഇരുട്ടിന്റെ മാളങ്ങളിലേക്കുള്ള വഴിതെറ്റൽ. അഘോരശിവമൂർത്തിയുടെ നടക്കലെ ആൽത്തറയിലിരുന്ന് പച്ചമണ്ണ് കുഴച്ചുവാരിത്തിന്ന് ഒരിക്കൽ ചെട്ടികുളങ്ങര തറവാട്ടുകുളത്തിലെ ചത്തു മലച്ചു പൊങ്ങാത്ത മീനുകളായി മാറുന്ന മൺകീരിമുത്തപ്പൻ. ചീനം വീട്ടിൽ ചീക്കിരോത്ത് നടമ്മൽപാർക്കും തെക്കേ കളരിക്കാവിലെ കണ്ണക്കുട്ടിയുടെ സഹോദരൻ വേലുക്കുട്ടി. തറവാട്ടുവീട്ടിൽ നിന്നിറക്കി വിട്ട വേലുക്കുട്ടി പിന്നീട് തിരിച്ചെത്തുന്നത് വെറ്റിലസ്വാമി ആയിട്ടാണ്.അയാളുടെ “അലക്റഞ്ചൻ” വിളികൾ വായനക്കാരന്റെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞുപോവുന്നുണ്ട്.

കാലങ്ങൾക്ക് ശേഷം തിരിച്ചു ജന്മനാട്ടിലേക്ക് പേരക്കുട്ടിയോടൊപ്പം മടങ്ങി വരുന്ന എഴുത്തുകാരൻ മേൽപ്പറഞ്ഞവരെയൊക്കെ തിരയുകയാണ്. അങ്ങനെ എല്ലാ കഥാപാത്രങ്ങളും അഘോരശിവമൂർത്തി വാഴുന്ന പന്തലായനിയുടെ നൂലിൽ ബന്ധിക്കപ്പെടുന്നു. തിരിച്ചുവരവ് ഒരൽപ്പം വൈകിപ്പോയി എന്ന് തോന്നിക്കും വിധം കഥകളൊക്കെയും വായനക്കാരനെ വീർപ്പുമുട്ടിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു. പ്രജ്ഞകൾക്ക് മോചനം ആവശ്യപ്പെടാതെ സ്വത്വം ചോർന്നുപോവരുതേ എന്നു പ്രാർത്ഥിച്ചുകൊണ്ട് എഴുത്തുകാരൻ നോവൽ അവസാനിപ്പിക്കുമ്പോൾ വായിച്ചു തീർന്നാലും അഘോരശിവം ഹൃദയത്തിൽ തീ കോരിയിടുകയാണ്. കേരള സാഹിത്യ അക്കാദമി അവാർഡും മലയാറ്റൂർ അവാർഡും ലഭിച്ച ഈ കൃതിയെ കേവലമൊരു നോവൽ എന്നല്ല, മറിച്ച് തീക്ഷ്‌ണമായ വാക്കുകളും തീപ്പൊരി പാറുന്ന ചോദ്യങ്ങളുമായി പറഞ്ഞിട്ടും പറയാത്ത, മുഴുമിക്കാത്ത എന്തൊക്കെയോ ആയി മനസിനെ വിടാതെ പിൻതുടരുന്ന ഒരനുഭവം എന്ന് വിശേഷിപ്പിക്കാനാണ് തോന്നുന്നത്.

“ഇവിടെ നിന്ന് എന്റെ പ്രജ്ഞകൾക്ക് ഒരിക്കലും മോചനമില്ല. മോചനം ഇവൻ ആഗ്രഹിക്കുന്നുമില്ല. ഒരിക്കലും ഒരു കാരണവശാലും ആരാലും ഇവൻ പുറത്തെറിയപ്പെട്ടു പോകരുതേ എന്നു പ്രാർത്ഥന. സ്വത്വം ചോർന്നു പോകരുതേയെന്നും പ്രാർത്ഥന. അഘോരശിവം… ശാന്തം…”

Share with:


About the Author

ശിൽപ നിരവിൽപുഴ
B'Tech Graduate. Blogger. Passionate about books and movies.

Be the first to comment on "Akhorasivam | യു.എ. ഖാദർ എഴുതിയ അഘോരശിവം | Book Review"

Leave a comment

Your email address will not be published.