മീരയുടെ നോവെല്ലകൾ | Meerayude Novellakal | Review by Ashu Ashly

KR Meera Meerayude Novellakal

കെ ആർ മീരയെന്ന എഴുത്തുകാരിയുടെ രചനകളോടുള്ള ആരാധന പറഞ്ഞറിയിക്കാൻ കഴിയുന്നതിനുമപ്പുറമാണ്. വളരെ അവിചാരിതമായി കൈയിലെത്തിയ പുസ്തകമാണ് നോവെല്ലകൾ. “കരിനീല, ആ മരത്തെയും മറന്നു മറന്നു ഞാൻ, മാലാഖയുടെ മറുകുകൾ, മീരാസാധു, യൂദാസിന്റെ സുവിശേഷം” ഇവയടങ്ങിയ മീരയുടെ നോവെല്ലകൾ. കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യത്തിലൂടെ പെൺമനസുകളിലൂടെ കടന്നുപോകുന്ന സമകാലിക പ്രസക്തിയുള്ള വിഷയങ്ങൾ കഥാ സന്ദർഭങ്ങൾ മീരയുടെ കഥകളിലെ പ്രത്യേകതകളാണ്. പ്രണയത്തിന്റെ പകയുടെ ചെറുത്തു നില്പിന്റെയൊക്കെ കഥാമുഹൂർത്തങ്ങൾ നോവെല്ലയിൽ കാണാനാകും.

കരിനീല

പ്രണയത്തിന്റെ അതി തീവ്രത ഗീതയെന്ന കഥാനായികയിലൂടെ മനസ്സിൽ തങ്ങി നിൽക്കുന്നു. വിവാഹിതയും രണ്ടുകുട്ടിയകളുടെ അമ്മയുമാണവൾ പെണ്ണെന്നാൽ അച്ചടക്കവും സ്വഭാവശുദ്ധിമാനെന്നു പറയാതെ പറയുന്നു എന്നാൽ ചിലർക്കെങ്കിലും സദാചാരത്തിന്റെ ദംശമേൽക്കാം. പ്രണയത്തിന്റെ തീവ്രതയും നിരാശയും പകയും നിറഞ്ഞ കരിനീല. ഇതിലെ പ്രധാന കഥാപാത്രം രണ്ടുകുട്ടികളുടെ അമ്മയായ ഗീതയാണ്. അവളുടെ പ്രേമം ഒരു സന്യാസിയോടായിരുന്നു. മാറിയെഴുതാനോ നിഷേധിക്കാനോ കഴിയാത്ത അനുഭമാണ് ഇതെന്ന് കഥാകാരി കഥയിലുടനീളം പറഞ്ഞു കഥയുടെ ആത്മാവിലേക്ക് കൊണ്ടുപോകുന്നു “എന്തായിരുന്നു അവളുടെ പ്രേമം? എന്റെ പ്രേമം ഉഗ്രവിഷമുള്ള ഒരു അലസർപ്പമായിരുന്നു. അത് അയാൾക്കായ് തക്കം പാർത്തു കിടന്നു. അയാൾ വന്നു. അതിന്റെ പത്തിയിൽ ചവിട്ടി. അതിനെ കാളിയനും തക്ഷകനും അനന്തനുമാക്കി. അതിനെ ഏറ്റു വാങ്ങി പോയി”

സ്ത്രീ കഥാ പത്രങ്ങളും അവയുടെ രചനാ രീതിയും ഭാഷാ ശൈലിയും കരിനീലയിൽ കാണാനാവും പ്രണയത്തിന്റെ തീവ്രതയും നിരാശയും പ്രതീക്ഷയും അവമനസിൽ നിറഞ്ഞു നിൽക്കും.

ആ മരത്തെയും മറന്നു മറന്നു ഞാൻ

അച്ഛനൊരിക്കൽ രാധികയെ വഴിയിൽ മറന്നു അവൾക്കന്ന് പത്തുവയസ്സ് എന്നു തുടങ്ങുന്നതിൽ കഥ ആരംഭിക്കുന്നു. വായിച്ചറിഞ്ഞ പത്രവാർത്തകളിലെ അക്ഷരങ്ങളെ ഇതിലൂടെ കാണാനാവും. “അച്ഛനാൽ മരംവെട്ടുകാരന് കൈമാറ്റം ചെയ്യപ്പെടുന്ന പത്തുവയസുകാരി രാധിക അയാളുടെ കണ്ണുവെട്ടിച്ചു ഉടുതുണിയില്ലാതെ പൊതുനിരത്തിലൂടെ അമ്മയെവിളിച്ചു കരഞ്ഞുകൊണ്ടോടുന്നു” ആകാംഷയുളവാക്കുന്ന കഥാസന്ദർഭങ്ങളിലൂടെ എഴുത്തുകാരി കൊണ്ടുപോകുമ്പോൾ പത്തുവയസുകാരി രാധികയുടെ ചിത്രം മനസ്സിൽ വേദനയിലാഴ്ത്തുന്നു. ഇന്നത്തെ പെണ്ണിന്റെ അവസ്ഥ മീര ഫെമിനിസത്തിന്റെ അപ്പുറത്തുകൊണ്ടുപോയി ആവിഷ്കരിച്ചിരിക്കുന്നു. തന്റെ ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ക്രിസ്റ്റി ഐസക് എന്ന ഉന്മാദി വന്നുചേരുന്നു അയാൾ അവളുടെ മനസ്സുകീഴടക്കി അവളെ ഉപേക്ഷിച്ചുപോകുന്നു തുടർന്ന് അവൾ അബോർഷൻ ചെയ്യാൻ അവളാൽ നിർബന്ധിക്കപ്പെടുന്നു പിന്നീടൊരിക്കൽ വീണ്ടുമയാളെ കണ്ടുമുട്ടുന്നു. നോവൽ അവസാനിക്കുന്നിടത് “രാധിക രണ്ടുകൈകൊണ്ടും ശരീരംമറക്കുവാൻ ശ്രമിച്ചു ടെറസിന്റെ ഒരു മൂലയിൽ ചുരുണ്ടു കൂടി” നാണക്കേടെറ്റുവാങ്ങി നിസ്സഹായയായി നിൽക്കുന്ന രാധിക. നിരാലംബയും പീഡിതയുമായ പെണ്ണ്. ആധുനികത വിളിച്ചോതുന്ന കഥാ സന്ദർഭങ്ങൾ. ഇതിലെ ഭാഷയും വർണകളും എടുത്തുപറയേണ്ട ഒന്നാണ് അവ കഥാപാത്രങ്ങളെ വളരെ കരുത്തുറ്റതാക്കിയിരിക്കുന്നു.

മാലാഖയുടെ മറുകുകൾ

ഏയ്ഞ്ചല മനസ്സിൽ അവൾക്കുണ്ടായ സ്ഥാനം വളരെ വലുതാണ്. ഒളിച്ചോട്ടത്തിൽ നിന്നും തന്റെ കാമുകനാൽ ചതിക്കപ്പെടുന്ന പെണ്ണ് അവൾ ഇന്നത്തെ സമൂഹത്തിലെ ആരൊക്കെയോ ആണ്. ജീവിതത്തിന്റെ പല പ്രതിസന്ധി ഘട്ടങ്ങളിൽ നിന്നും ആത്മഹത്യാ മുഖത്തുനിന്നും അവയെ അതിജീവിച്ചു കാണിക്കാൻ അവൾ തയ്യാറാകുന്നു. പ്രണയവും കാമവും അവളിൽ നിന്നും വലിച്ചെറിഞ്ഞുകളയാൻ മനസ്സനുവദിക്കുമ്പോഴും അവൾക്കെവിടെയോ തന്റെ ജീവിതം നഷ്ടപ്പെടുന്നു ..വിവാഹിതനായ ജയമോഹനെ കണ്ടുമുട്ടിയതിനു ശേഷവും അവൾ പലർക്കും കിടക്കയായ് മാറുന്നു അപ്പോഴും തന്റെ ആഗ്രഹം ജയമോഹൻ മാത്രമായിരുന്നു അയാളുടെ കുട്ടിയെ പ്രസവിക്കണമെന്നായിരുന്നു. എന്നാൽ അവനാൽ അവൾ വധിക്കപെടുന്നു. കത്തി തുളച്ചു കയറുമ്പോൾ ഇടംകണ്ണിൽ അവൾ കുട്ടികളെ കണ്ടു. നാലു മിഴിച്ച കണ്ണുകൾ.

മീരാസാധു

ഇതൊരു മീരാസാധുവിന്റെ, തലമൊട്ടയടിച്ചു പിച്ചതെണ്ടി വൃന്ദാവനത്തിൽ ജീവിക്കുന്ന പതിനായിരം സ്ത്രീകളിൽ ഒരുവളുടെ കഥ. പ്രണയത്തിന്റെ പകയിൽ തഴച്ചു വളരുന്ന മീരാസാധുവിലെ തുളസി. മാംസനിബിഡമായ പ്രണയത്തിന്റെ അവശേഷിപ്പ്. പ്രണയത്തിന്റെ ലഹരിയിൽ സർവവും സമർപ്പിക്കപ്പെട്ടിട്ടും വലിച്ചെറിയപ്പെടുന്ന ഉപയോഗ ശൂന്യമായ പെൺതരി. മാധവനിൽ പ്രണയം സമർപ്പിച്ചു ജീവിക്കുന്നവൾ. എന്നാൽ അവന്റെ സ്നേഹം മറ്റു സ്ത്രീകളിലേക്കൊഴുന്നതിനു സാക്ഷിയാകേണ്ടിവന്നവൾ. രാധയെപോലെയോ മീരയെപോലെയോ അല്ലെങ്കിലും തന്റെ പ്രണയം മാധവനിൽ സമർപ്പിച്ചു കഴിയുന്നവൾ തിരികെ കിട്ടില്ലവനാൽ ഉപേക്ഷിക്കപെടുമെന്ന നിലയിൽ അവനോടുള്ള പ്രണയം പകയുടെ ജ്വാലയിൽ സ്വയം ഉപേക്ഷിച്ചു തന്റെ കുട്ടികളെ കൊന്നു കൊണ്ട് മാധവനുമായ് പകയുടെ പ്രതികാരത്തിന്റെ രതിയായ് മാറുന്ന മീര. തന്റെ കുട്ടികൾക്ക് വിഷം കൊടുത്തുകൊണ്ട് അവരുടെ മൃതദേഹം അയാളെകാട്ടി തുളസി അയാളോടുള്ള പ്രതികാരം നിർവഹിക്കുന്നത്. കുഞ്ഞുങ്ങൾക്ക് വിഷം കൊടുക്കുന്ന ഭാഗം വളരെ ശ്രദ്ധേയമാണ്. മാധവനെ തോല്പിക്കാനായ് തലമൊട്ടയടിച്ചു മീരാസാധുവായ് ഭിക്ഷാടനം നടത്തുന്നവൾ.

ഒരുദിവസം ഞാൻ പ്രതികാരം പൂർത്തിയാക്കും ശരീരം മുഴുവൻ അഴുക്കുകളുമായ് അയാൾ വരും. പകയുടെ കറുത്ത യമുനയിൽ ഞാൻ അയാളെ മുക്കിക്കൊല്ലും .കുഞ്ഞുങ്ങളുടെ ഓർമ്മകൾ ഒഴുക്കികളയും. മാധവൻ എന്റേതാണ്. ഞാൻ ഇനിയും അയാളെ പ്രേമിക്കും. പകയോടെ പ്രേമിക്കും. പ്രേമം കൊണ്ട് പരാചയപെടുത്തും. പവിത്രീകരിക്കും. ഒടുവിൽ അയാളിൽ തന്നെ വിലയം പ്രാപിക്കും. ഈ കഥ അങ്ങനെ അവസാനിപ്പിക്കും. ഒരു മീരാസാധുവിന്റെ ആത്മകഥ.


പുസ്തകം വായിച്ചു തീരുമ്പോൾ മനസ്സിൽ നിറയെ വേദനിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന പെൺപൂവുകളും വരികളും മാത്രം. പ്രണയം, ഭ്രാന്ത്‌, കാമം, മരണം ഇവയാൽ നാം ജീവിക്കുന്ന കാലഘട്ടത്തെ സർഗാത്മകമായി ആവിഷ്കരിക്കാൻ ഈ മൂന്നു ബിംബങ്ങളെക്കാൾ ഉചിതമായ് മറ്റൊന്നുമില്ല.

Share with:


About the Author

Ashu Ashly
അക്ഷരങ്ങളുടെയും സിനിമകളുടെയും ലോകത്ത് പറന്നു നടക്കാൻ ഇഷ്ടം. പ്രണയമാണ് അക്ഷരങ്ങളോട്.

Be the first to comment on "മീരയുടെ നോവെല്ലകൾ | Meerayude Novellakal | Review by Ashu Ashly"

Leave a comment

Your email address will not be published.