Seasons change, do we? | Rithu, a movie about memories and seasons

“പോവുന്നോരൊക്കെ പോട്ടെ… അവര് പോട്ടെ കുട്ടാ, തിരക്കുള്ളോര്”
“നീ ഞങ്ങളെ പോലാവരുത്. നീ തോൽക്കരുത് കുട്ടാ. തോൽക്കാൻ എളുപ്പാ”
“വീടും പറമ്പുമൊക്കെ പാർട്ടിക്ക് കൊടുത്തിട്ട് കൊൽക്കത്തയിൽ യൂണിയൻ ഉണ്ടാക്കാൻ പോയ ആളാ അച്ഛൻ. ഒടുക്കം പാർട്ടീം നേതാക്കളും ഒന്നും കണ്ടാൽ തിരിച്ചറിയാതായി”
“ഞാനും നടന്നു കൊറേ കാലം, ജനകീയ ജനാധിപത്യം ഉണ്ടാക്കാൻ”
“An arrangement of convenience”
“അവരവരുടെ കാര്യങ്ങൾ നടന്നു പോവാനുള്ള ഒരേർപ്പാട്. അത്രേ ഉള്ളൂ വിപ്ലവോം പ്രണയോം ബന്ധങ്ങളുമൊക്കെ”


ഒരേട്ടൻ തന്റെ മടിയിൽ ചേർന്നു കിടക്കുന്ന അനുജനോട് പറയുന്ന വാക്കുകളാണ്. ഒരു സിനിമ വിജയിക്കുന്നത്, കണ്ടിറങ്ങിയവരുടെ മനസിൽ നിന്നും വിട്ടുമാറാത്ത വിധത്തിൽ അത് ആഴത്തിൽ പതിഞ്ഞു കിടക്കുമ്പോഴാണ്. വർഷങ്ങൾ ഏറെ ആയിട്ടും “ഋതു” മനസ്സിൽ കോറിയിട്ട മുറിവുകൾക്ക് ഉണക്കമായിട്ടില്ല.

“എടാ… ഈ ഓർമ എന്ന് വച്ചാ ഭയങ്കര അപകടം പിടിച്ച സാധനാ. Memories are dangerous beings”

ശരത്തും വർഷയും സണ്ണിയും. അവരുടെ കുട്ടിക്കാലത്തിന് പുതുമഴയുടെ ഗന്ധമാണ്. കളങ്കമറ്റ കുസൃതികൾക്ക് സ്നേഹത്തിന്റെ രുചിയാണ്. കാലമൊരുപാട് വേഗത്തിൽ സഞ്ചരിച്ചാലും ഇടക്കെങ്കിലും ഓർമകളിൽ കെട്ടുപിണഞ്ഞു നാം പിടയാറുണ്ട്, മുന്നോട്ട് പോവാൻ ഒരു പിടിവള്ളി പോലുമില്ലാതെ ഉഴലാറുണ്ട്‌. ഇവിടെ ശരത്തിനും സംഭവിച്ചത് അതാണ്. ഉറ്റ സുഹൃത്തുക്കൾ ഒക്കെ ഒരുപാടധികം മാറിപ്പോയി. ആ മാറ്റങ്ങളോട് ഒത്തുപോവാൻ കഴിയാതെ ശരത് പഴയ ശരത്തായി ഓർമകൾ തേടി പഴയ മരത്തണലു തേടി പോവുമ്പോൾ വഴിയരികിൽ നിന്നൊരു മനുഷ്യൻ പറയുന്നുണ്ട്.


“ഏതോ നാട്ടിൽ നിന്നൊഴുകി വന്ന തടിയാ ഇത്. ഒറ്റക്കൊരു നാട്ടിൽ വന്നിട്ടും പഴയ കാലമോർത്തില പൊഴിക്കുകയാ. അല്ലാതിവിടെ എവിടെയാ മഞ്ഞ്? ഓർമ ഉള്ള മരമാ ഇത്. അല്ലാ, കൂട്ടുകാരൊക്കെ എവിടാ?”

ഓർമകൾ അത്ര നിസ്സാരമല്ല. മനുഷ്യനെ മാത്രമല്ല അത് സകല ജീവജാലങ്ങളെയും അകപ്പെടുത്തുന്ന ഒരു ചുഴിയാണ്. ഋതുക്കൾ മാറിമാറിഞ്ഞെപ്പോഴെങ്കിലും വീണ്ടും പഴയ കാലം പുനർജ്ജനിക്കും എന്ന പ്രതീക്ഷയിൽ ശരത് മരച്ചോട്ടിൽ ചാഞ്ഞിരിക്കുമ്പോൾ കണ്ണുകളിൽ ചെറിയ നനവ് പടർന്നെന്നു വരും.

റീമയും നിഷാനും ആസിഫലിയും ഏട്ടനായി വന്ന എം ജി ശശിയും ഭംഗിയായി അഭിനയിച്ചു. എങ്കിലുമിത് ഒരു കവിത പോലെ ലളിതവും മനോഹരവുമാക്കിയതിന് പിന്നിൽ അസാധ്യമായ ഒരെഴുത്തുകാരന്റെ കയ്യൊപ്പാണ്. ജോഷ്വ ന്യൂട്ടൺ കയ്യടി അർഹിക്കുന്നു. വേനൽക്കാറ്റിൽ പൂക്കൾ പോലെ എന്ന് തുടങ്ങുന്ന ഗാനം നെഞ്ചിൽ ഒരു നീറ്റലോടെ മാത്രമേ ഇന്നും കണ്ടിരിക്കാൻ കഴിയാറുള്ളൂ. എന്ത് ഭംഗിയോടെയാണ് ഈ ചലച്ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. അനുഗ്രഹീതനാണ് ശ്യാമപ്രസാദ് എന്ന സംവിധായകൻ, സംശയമില്ല.

ഋതുവിൽ വിപ്ലവത്തിന്റെ വേര് തേടിപ്പോയി ജീവിതത്തിൽ എവിടെയോ പരാജയപ്പെട്ടുപോയ ഒരച്ഛനും ഒരേട്ടനുമുണ്ട്. മാറ്റങ്ങൾക്ക് വിധേയമായി ഇടക്കെങ്കിലും സ്വാർത്ഥരായ കൂട്ടുകാരുണ്ട്. പ്രണയവും സൗഹൃദവും ഇടനെഞ്ചിൽ ഏറ്റിവച്ച നിഷ്കളങ്കനായ ഒരു പാവം മനുഷ്യനുണ്ട്. അവന്റെ എഴുത്തുകൾക്ക് ജീവിതത്തിന്റെ ചൂടും ചൂരുമുണ്ട്. ചതിക്കപ്പെട്ടവന്റെ എഴുത്തിന് വീര്യം കൂടും. ഒടുവിൽ അവനെഴുതിയ കഥയോടൊപ്പം ജീവിതം തന്നെ സ്വന്തം കൂട്ടുകാർക്ക് സമർപ്പിക്കുമ്പോൾ, ആ കഥ പ്രേക്ഷകന്റെത് കൂടി ആവുന്നു. നാം കടന്നുപോയ വഴികളാണ് അവന്റേതുമെന്ന് തോന്നുമ്പോഴാണ് സിനിമ അവസാനിക്കുന്നത്.

ഋതു… Seasons change, do we?

മാറും എന്ന് ഉത്തരം പറഞ്ഞുകൊണ്ട് സിനിമ തീരുമ്പോഴും മാറാൻ മടിക്കുന്ന എന്തോ ഉള്ളിൽ നിന്ന് നീറുന്നത് അറിയാൻ കഴിയും.

ഓർമകൾ ആവും… അവയെങ്ങനെ മാറാനാണ് ല്ലേ?

Share with:


About the Author

ശിൽപ നിരവിൽപുഴ
B'Tech Graduate. Blogger. Passionate about books and movies.

Be the first to comment on "Seasons change, do we? | Rithu, a movie about memories and seasons"

Leave a comment

Your email address will not be published.