Charulatha by Raveendranath Tagore | Malayalam Review by Ashu Ashly

Charulatha Book Review Malayalam by Ashu Ashly

പുസ്തകം: ചാരുലത, എഴുതിയത്: രബീന്ദ്രനാഥ ടാഗോർ, വിവർത്തനം ചെയ്‌തത്‌: ലീല സർക്കാർ. പ്രസാധകർ: ഗ്രീൻ ബുക്ക്സ്

അടുത്തിടെ വളരെ ശ്രദ്ധയാകർഷിച്ച ഒരു ആൽബം കാണുകയുണ്ടായി എന്തുകൊണ്ടോ ആ ഗാനത്തിനെപ്പറ്റി കൂടുതൽ അറിയാൻ ആഗ്രഹം തോന്നിയതും പിന്നീട് അതിന്റെ ഉറവിടം രബീന്ദ്രനാഥ ടാഗോറിന്റെ ചാരുലതയിൽ ഉരുത്തിരിഞ്ഞ ആശയമായിരുന്നുവെന്നും കണ്ടെത്തി. അന്നുമുതൽ പുസ്തകം വായിക്കണമെന്ന ചിന്തയായിരുന്നു. അങ്ങനെയൊരിക്കൽ അതെന്റെ കയ്യിലെത്തി ചേർന്നു. ഇരുപതു ഭാഗങ്ങളുള്ള പുസ്തകം ഞാൻ വായിച്ചു തീർക്കാനെടുത്തത് ഏതാനും ചില മണിക്കൂറുകൾ മാത്രമാണ്. അത്രമേൽ ഹൃദ്യമാണ് ഈ പുസ്തകം. ടാഗോറിന്റെ ‘തകർന്ന കിളിക്കൂടിന്റെ’ ഭാഗം എന്ന് അറിയപ്പെടുന്നു. എന്നാൽ അക്ഷരാർത്ഥത്തിൽ അങ്ങാനെയല്ല താനും.

പുസ്തകത്തിന്റെ തുടക്കത്തിൽ ആമുഖത്തിൽ ‘ചാരുലത ഒരു തുടർകഥ’ വി രാജകൃഷ്ണൻ വളരെ മനോഹരമായും വ്യക്തമായും പുസ്തകത്തെപ്പറ്റിയും അതിനെ സംബന്ധിച്ചുള്ള പലകാര്യങ്ങളും ചർച്ചകളുമെല്ലാം വളരെ വിശകലനം ചെയ്തെഴുതിയിട്ടുണ്ട്. ഒരു ബംഗാളി നോവലിനെ ഇത്ര മനോഹരമായി ലീല സർക്കാർ വിവർത്തനം ചെയ്തിരിക്കുന്നു. ചാരുലത… സാമ്പത്തിക സ്ഥിതിയിൽ വളരെ ഉയർന്ന ജീവിത സാഹചര്യത്തിൽ ജനിച്ചു വളർന്നവൾ. പത്രാധിപരായ ഭൂപതിയുടെ ഭാര്യ. എല്ലാ സുഖസൗകര്യങ്ങളുണ്ടായിട്ടും ഏകാന്തവാസം നടത്തുന്നവൾ. ഭർത്താവിന്റെ തിരക്കിട്ട ജീവിതത്തിനിടയിൽ പലപ്പോഴും അവൾക്കൊറ്റപ്പെടേണ്ടി വന്നു. തന്റെ കാര്യങ്ങൾ ശ്രദ്ധിക്കാനോ സ്നേഹം പകരാനോ സംസാരിക്കാനോ ഒന്നും സമയമില്ലാതിരുന്ന ഭർത്താവ് പക്ഷേ അവളെ പഠിപ്പിക്കാനും ശ്രമിച്ചിരുന്നു. മറ്റൊരു സമയം പോക്കില്ലായിരുന്ന അവൾ ഓരോ പഠനങ്ങളിലേർപ്പെട്ടുകൊണ്ടേയിരുന്നു. ഒരിക്കൽ അവൾ തനിച്ചാണെന്ന് കണ്ടു ദയ തോന്നിയ ഭൂപതി മന്ദയെന്ന സ്ത്രീയെ കൊണ്ടുവരുന്നു. എങ്കിലും അവളതിൽ തൃപ്തയായിരുന്നില്ല എന്ന് പലപ്പോഴും ചൂണ്ടികാട്ടിയിട്ടുണ്ട്.

ഇരുവരും ഉദ്യാനത്തിൽ സംസാരിച്ചുകൊണ്ടിരിക്കെ തോട്ടത്തെ മനോഹരമാക്കുവാൻവേണ്ടി സംഭാഷണം നടത്തുന്ന രംഗങ്ങൾ വളരെ കൗതുകകരമാണ്.

എന്നാൽ അവളെ കേൾക്കാൻ അവളുടെ ഇഷ്ടങ്ങൾക്ക് കൂട്ടുനിൽക്കാൻ ഒക്കെ കൂട്ടായി ഒരാൾ കടന്നു വരുന്നു ഭൂപതിയുടെ അനുജൻ അമൽ. അതുവരെ മറ്റാർക്കും ഒന്നും ചെയ്തുകൊടുക്കാൻ ഇല്ലാതെ ആരും അവളെ കേൾക്കാതിരുന്ന സമയത്തു ചേട്ടത്തിയമ്മക്ക് കൂട്ടായത് അമൽ മാത്രമായിരുന്നു. അവന്റെ ഓരോ ആവശ്യങ്ങളും നടത്തികൊടുത്തു ഇരുവരും അവരുടേതായ ഒരു പവിത്രമായ ലോകത്തിലായിരുന്നു, അവിടെ അക്ഷരങ്ങളും പ്രകൃതിയും താംബൂലവും ഒക്കെയായിരുന്നു കൂട്ട്. പരസ്പരം പങ്കിടുന്ന അവരുടെ ഇഷ്ടങ്ങൾ പിന്നീട് സ്വാർത്ഥതയായ് മാറുകയായിരുന്നു. ചാരുലതക്കും അമലിനുമിടയിലുണ്ടായ സൗഹൃദം അസൂയ ജനിപ്പിക്കും വിധത്തിലാണ്. ഒരിക്കൽ ഇരുവരും ഉദ്യാനത്തിൽ സംസാരിച്ചുകൊണ്ടിരിക്കെ തോട്ടത്തെ മനോഹരമാക്കുവാൻവേണ്ടി സംഭാഷണം നടത്തുന്ന രംഗങ്ങൾ വളരെ കൗതുകകരമാണ്.

ഓരോ ചെറിയ സംഭവങ്ങളും അതിമനോഹരമായ ഭാവന നൽകി സാഹിത്യാന്തരീക്ഷം നൽകുന്ന പശ്ചാത്തലമൊരുക്കി വായനക്കാരെ ഒഴുക്കിനു കൊണ്ടുപോകുന്നു. പരസ്പരം പങ്കിടുന്ന സാഹിത്യവും ഇഷ്ടങ്ങളും പരിഭവവുമൊക്കെ അവർ തമ്മിലുള്ള ബന്ധത്തിന്റെ ആഴം സൂചിപ്പിക്കുന്നു. ചേട്ടത്തിയമ്മയും അമലും അവർക്കിടയിൽ കല്ലുകടിയായി ഇടക്കിടെ വരുന്ന മന്ദയുമെല്ലാം വളരെ മനോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇവിടെ ഭർത്താവായ ഭൂപതിയെ ക്രൂരനോ വില്ലനോ ഒന്നുമായല്ല അവതരിപ്പിച്ചിരിക്കുന്നത് തന്റെ തിരക്കിനിടയിൽ ഭാര്യയെ ശ്രദ്ധിക്കാതെ പോകുന്ന ഭർത്താവായാണ്. എന്നിരുന്നാലും തന്റെ പ്രയാസ ഘട്ടത്തിൽ ഭാര്യയുടെ അടുത്തെത്തുകയും എന്നാൽ അവൾക്ക് വേണ്ടതുപോലെ അദ്ദേഹത്തിന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയാതെയും വരുന്നുണ്ട്. ഒരുതരത്തിൽ പറഞ്ഞാൽ പരസ്പരം ഇരുവരും മനസ് തുറക്കുകയോ ഇഷ്ടങ്ങൾ അറിയുകയോ ഒന്നും ഒരിക്കലും ചെയ്തിട്ടില്ല അടുക്കാൻ ശ്രമിക്കുമ്പോഴൊക്കെ അകന്നു പോകുന്നു.

പുസ്തകം വായിച്ചു കഴിഞ്ഞു തീർച്ചയായും ഈ ചിത്രം കൂടി കാണണം

തന്റെ അനിയനെ സ്നേഹിക്കുന്നതിലും അവന്റെ കാര്യങ്ങൾ നോക്കിനടത്തുന്നതിലും ചാരുലതയിൽ അയാൾ സംതൃപ്തനാണ്. അയാൾക്ക് അവളോട് അതിരറ്റ സ്നേഹമുണ്ടെന്നും അവളുടെ പ്രയാസം കണ്ടെത്തി പരിഹരിക്കാൻ ശ്രമിക്കയും ചെയ്യുന്നുണ്ട്. ഒരു തെറ്റിദ്ധാരണയുടെ പേരിൽ അമലും ചാരുലതയും തമ്മിൽ അകലുമ്പോൾ അവൾ വളരെ ബുദ്ധിമുട്ടും പ്രയാസവും നേരിടുന്നു. പിന്നീട്. തെറ്റിദ്ധാരണ മാറാതെ അവൻ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചു പോകുന്ന രംഗമൊക്കെ വളരെ ഹൃദ്യമായിട്ടാണ് എഴുതിയിട്ടുള്ളത്. ഒരിക്കലും ബന്ധത്തിൽ തെറ്റിദ്ധാരണ തോന്നാത്ത ഭൂപതി ഒടുവിൽ അവളെ തെറ്റിദ്ധരിക്കപ്പെടുന്നു. ഒരുതരത്തിൽ പറഞ്ഞാൽ സഹോദരനായ ഉപമതി ചതിച്ചതിനാലും തന്റെ ഭാര്യ ചാരുലതയും തന്നെ ചതിക്കുകയാണോയെന്നും അതിനാലാണോ തന്നെ വേണ്ട രീതിയിൽ പരിഗണിക്കാത്തതുമെന്ന തോന്നലും അമലിന്റെ അഭാവത്തിൽ അവൾ നേരിടുന്ന ആത്മസംഘർഷവുമാണ്‌ അയാളിലെ തെറ്റിദ്ധാരണക്ക് കാരണമാകുന്നത് എന്ന് പറയാം.

പുസ്തകം വായിച്ച ശേഷമാണ് ഇതിന്റെ ചലച്ചിത്രാവിഷ്കാരം കാണാനിടയായത് ബംഗാളി ചിത്രങ്ങൾ സബ്ടൈറ്റിൽ ഇല്ലാതെ കണ്ട ചില പ്രശ്നങ്ങളൊഴിച്ചാൽ ചിത്രം വളരെ മനസിലാകുന്ന രീതിയിലായിരുന്നു. പുസ്തകവും ചിത്രവും തമ്മിൽ കുറച്ചധികം വ്യത്യാസങ്ങൾ ഉണ്ട് എന്നാൽ 2 മണിക്കൂറിൽ ഒതുങ്ങുന്ന പരിമിതി മനസിലാക്കാം ചിത്രത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് വളരെ ഹൃദ്യമായി ചെയ്തിട്ടുണ്ട്. പ്രധാനമായും എടുത്തു പറയേണ്ടുന്നത് അതിന്റെ സിനിമാ ഫോട്ടോഗ്രഫിയാണ് വളരെ മനോഹരമായാണ് അന്നത്തെ പരിമിതികൾക്കുള്ളിലത് ചെയ്തിരിക്കുന്നത്. പുസ്തകം വായിച്ചു കഴിഞ്ഞു തീർച്ചയായും ഈ ചിത്രം കൂടി കാണണം അവസാന രംഗങ്ങളൊക്കെ പുസ്തകത്തിലും ചിത്രത്തിലും അതിമനോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നത്.


അമൽ വിദേശത്തു പോയ ശേഷം ചാരു തലയിണലിൽ അമർന്നു… അമൽ.. അമൽ.. എന്ന് വിളിച്ചു കരയുന്ന രംഗങ്ങളൊക്കെ ബുക്ക്‌ വായിക്കുന്ന ഫീലിൽ ചിത്രത്തിൽ കിട്ടില്ല. അവസാന ഭാഗങ്ങളൊക്കെ അത്ര ഹൃദ്യവും മനോഹരവുമായാണ് എഴുതിച്ചേർത്തിരിക്കുന്നത്. അലങ്കാരികതകളോ വർണനകളോ ഒന്നുമില്ല ഓരോ സന്ദർഭവും വായിക്കുന്ന ആളുകൾക്ക് അതിന്റെയെല്ലാ ഭാവങ്ങളോടുംകൂടി കിട്ടുമെന്ന് ഉറപ്പാണ്. ഇതിനെ പശ്ചാത്തലമാക്കി ഇറങ്ങിയ മലയാളം ആൽബം ഇതിൽ നിന്നും വ്യത്യസ്തമാണ് എന്നാൽ അതിന്റെ അന്തസത്ത ഉണ്ടുതാനും. അതും തീർച്ചയായും ഇഷ്ടപ്പെടും.

Share with:


About the Author

Ashu Ashly
അക്ഷരങ്ങളുടെയും സിനിമകളുടെയും ലോകത്ത് പറന്നു നടക്കാൻ ഇഷ്ടം. പ്രണയമാണ് അക്ഷരങ്ങളോട്.

Be the first to comment on "Charulatha by Raveendranath Tagore | Malayalam Review by Ashu Ashly"

Leave a comment

Your email address will not be published.