Malayalam Movies on Death and Life After Death | Iblis and Ee Ma Yau

Iblis Malayalam movie

മരണവും മരണാനന്തര ജീവിതവും ഈ അടുത്തിടെയായി മലയാള സിനിമയിൽ മാറി മറിഞ്ഞുകൊണ്ടിരുന്നു. മരണത്തെ അതിന്റെ തീവ്രതയോടെ പല കഥളിലൂടെയും കഥാപാത്രങ്ങളിലൂടെയും, ചിലപ്പോൾ മരണം ചിരിപ്പിച്ചും ചിന്തിപ്പിച്ചും പേടിപ്പിച്ചും അങ്ങനെ കടന്നുപോയി. മലയാള സിനിമയിൽ മരണാനന്തര ജീവിതത്തെ രണ്ട് തലങ്ങളിലേക്ക് കൊണ്ടുപോയ സിനിമകളാണ് ഈമയൗവും ഇബിലീസും. മരണവും മരണാനന്തര ജീവിതവും പല രീതികളിലൂടെയും വിരസതയോടെയും കണ്ടു ശീലിച്ച മലയാള സിനിമക്ക് മരണത്തിന്റെ മറ്റൊരു മുഖത്തെ ലിജോ ജോസ് പെല്ലിശേരിയും രോഹിത്തും കാട്ടിത്തന്നു.

അപ്പനെ അതിയായി സ്നേഹിക്കുകയും, മരിച്ചു കിടക്കുന്ന അപ്പന് താൻ നൽകിയ വാക്കു നിറവേറ്റാൻ, മരവിച്ച ശരീരത്തിന് ഗംഭീര യാത്രയയപ്പ് നടത്താൻ കഷ്ടപ്പെടുന്ന ഈശി . മരവിച്ചു കിടക്കുന്ന ശരീരത്തിന് പലതിന്റെ പേരിലും വിലയിടുന്നവർ ..ശവത്തെ നോക്കി കൊഞ്ഞനം കുത്തുന്നതുപോലെ സ്വന്തക്കാർ . ഇതൊന്നുമറിയാതെ ചിരിച്ചുകൊണ്ട് മരിച്ചുകിടക്കുന്ന വാവച്ചൻ.

ഒരു പ്രദേശത്തെ മരണവും ആ പ്രദേശത്തെയും അവിടുത്തെ ലാറ്റിൻ കാത്തലിക് സംസ്‍കാരത്തെയും വളരെ വ്യക്തമായ രീതിയിൽ വരച്ചുകാട്ടിയ സംവിധായകൻ തന്റെ ബ്രില്യൻസിനപ്പുറം മരണത്തിനു മുന്നിൽ നോക്കു കുത്തികളാകുന്ന പലരെയും ആക്ഷേപഹാസ്യത്തിലൂടെ വരച്ചു കാട്ടുകയും കൂടിയാണ് ചെയ്തത്.

ഒരുപ്രദേശത്തെ കഥയെ കേന്ദ്രമാക്കുമ്പോൾ അവിടുത്തെ പ്രത്യേകതകളും സംസ്കാരങ്ങളും ആ പ്രദേശത്തെ സംബന്ധിക്കുന്നതെല്ലാം തന്നെ അതി തീവ്രമായി അവതരിപ്പിക്കേണ്ടതുണ്ട് ഇവിടെ ഡച്ചുകാരും പോർച്ചുഗീസുകാരും പുരാതനമായ് നിലനിന്നിരുന്ന സംസ്‍കാരം മുതൽ കാറ്റിന്റെ ഗതിവരെ കഥാതന്തുവായ് മാറിയിരുന്നു. പണ്ടുമുതലേ നിലനിന്നു വന്ന സംസ്‌കാരത്തെ മുറുകെ പിടിച്ചുകൊണ്ടു ഇല്ലായ്മയിലും മരണത്തെ ആർഭാടമാകാൻ പാടുപെടുന്ന ഈശിയോ അപ്പന്റെ വേർപാടിൽ മനം നൊന്തിരിക്കുന്ന ഈശിയോ ഒന്ന് പൊട്ടിക്കരയാൻ വല്ലാതെ പെടാപാട് പെടുന്നു.

മരണാനന്തരം ജീവിക്കുന്നതും ആത്മാവാകുന്നതും മനുഷ്യൻ മാത്രമാണോ?

മരിച്ചാൽ കരയണം എന്ന് നിർബന്ധമുള്ളപോലെ ആരെയൊക്കെയോ കാണിക്കാനും പദംപെറുക്കി നെഞ്ചത്തടിച്ചു നിലവിളിക്കാനും പാടുപെടുന്ന പെണ്ണമ്മയും മരുമകളും. മരിച്ചവനു മുന്നിൽ ദേഷ്യവും വാശിയും വഴക്കുമൊന്നുമില്ലെന്ന് കാട്ടാൻ വരുന്ന കൂട്ടുകാരനും. മൃത്യുദേഹമെടുക്കുമ്പോൾ നെഞ്ചത്തടിച്ചു കരയാൻ ഓങ്ങിനിൽക്കുന്നവരും എല്ലാം അതിൽ പെടും.

മരണം ആത്യന്തികമായി ഒരു ദുഖമാണെങ്കിലും പലപ്പോളും ഊറി ചിരിപ്പിക്കുന്ന ഒരു വസ്തുത ആകാറുണ്ട്. ഉദാഹരണം വേറെയുമുണ്ട്. ചക്ക വീണ് ചാവുന്ന കുട്ടൻ പിള്ള ദുഖവും അതെ സമയം തമാശയുമാണ്. കേവലം തമാശക്ക് വേണ്ടി ചിത്രീകരിക്കുന്ന തമാശ അല്ല. അതിൽ ഉള്ള തമാശയെ അതുപോലെ തന്നെ ആവിഷ്കരിക്കുന്നതാണ്. ഈ മ യൗവിൽ അതിടയ്ക്കു ഉണ്ടെന്നാണ് തോന്നുന്നത്.

മരണം ചിലർക്ക് വിഷമമാണെങ്കിൽ മറ്റുചിലർക്ക് കാഴ്ച വസ്തുമാത്രമാണ്. തന്നെ ചുറ്റിപ്പറ്റി നില്കുന്നവനെ മാത്രമേ വേദനിപ്പിക്കൂ അതും എത്രനാൾ?

എന്നാൽ സ്വന്തക്കാർ മരിച്ചാൽ പോലും കരയാതെ ആഘോഷമായി കൊണ്ടു നടന്ന ഒരു ഗ്രാമമുണ്ട് അവിടെ മരണം ആഘോഷമാണ് കണ്ണീരില്ലാത്ത നെഞ്ചത്തടിയില്ലാത്ത മരണവീട്, മരണവീട്ടിൽ സൽക്കാരം നടത്തുന്നവരും .അവിടെ കോളാമ്പിയിലൂടെ ഒഴുകി വരുന്ന പാട്ട് മാത്രം ആ നാട്ടിലെ മരണത്തെ ദൂരെ നിന്ന് തന്നെ അടുത്തറിയാം. മരണം മുൻകൂട്ടി അറിയുന്നതോ അറിഞ്ഞതോ മറ്റുള്ളവരെ അറിയിക്കാൻ ചങ്ങല കിലുക്കി വരുന്നവനുമൊക്കെ അവിടെ കൗതുകം നിറക്കുന്ന കാഴ്ചയാണ്.

സാങ്കൽപ്പിക ഗ്രാമവും അവിടുത്തെ കണ്ണീരില്ലാത്ത മരണക്കാഴ്ചകളും, കണ്ണീരില്ലാത്ത മരണം സമ്മാനിച്ച രാജകഥയുമൊക്കെ മരണാന്തര ജീവിത്തെ വൈശാഖിലൂടെ ഇബിലീസിൽ വരച്ചുകാട്ടി. മരണം പ്രിയപ്പെട്ടവർക്ക് വേദനയാകുമ്പോൾ കണ്ണീര് ശാപമാണെന്ന് വിശ്വസിക്കാനാണ് അക്കൂട്ടർക്കിഷ്ടം.

കണ്ണീരില്ലാത്ത കരയാൻ അറിയാത്ത വൈശാഖനെ കരയിക്കാൻ മനപ്പൂർവം മരിക്കുന്ന ശ്രീധരൻ. ശ്രീധരന്റെ മരണത്തിൽ തനിക്കെന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ കരയാനാകാതെ അല്ലെങ്കിൽ അവന് അറിയില്ല എന്ന് തന്നെ പറയാം ഭക്ഷണം പോലും കഴിക്കാതെ ചുറ്റുമുള്ള ഒന്നിനെയും അറിയാതെ കാണാതെ ഇരിക്കുന്ന വൈശാഖനും അന്നാട്ടിൽ കരയുന്നവർ പുറത്തുപോയി ലോകം കണ്ടവർ മാത്രമാണെന്ന് തെളിയിക്കുന്ന ഫിദയും മരണത്തെ കണ്ടത് ഉൾക്കൊണ്ടത് രണ്ടു രീതിയിലാണ്.

ഒന്ന് വിഷമിച്ചിരിക്കാൻ പോലും അനുവാദമില്ലാത്ത നാട് അങ്ങനെ ഇരുന്നാലോ ഇബിലീസ് കൂടിയതാണെന്ന് പറയും.

മരിച്ചാൽ കരയാത്തവർ അന്നാട്ടുകാർ മാത്രമേയുണ്ടാകൂ. ചിരിച്ചോണ്ട് മരിച്ചു കിടക്കുന്ന വൈശാഖന് തിരിച്ചറിവുണ്ടായതും അന്നാട്ടുകാർ എന്തുകൊണ്ട് കരയുന്നില്ല എന്ന് ചിന്തിച്ചു തുടങ്ങിയതും തന്റെ മരണശേഷം മാത്രമാണ്. എന്നാൽ മറുപുറത്തു തന്നെയോർത്തു കരയുന്ന ഫിദയെ അവളുടെ കണ്ണീരിനെ കണ്ടു സന്തോഷിച്ചതും വൈശാഖനുണ്ടായ തിരിച്ചറിവാണെന്ന് കരുതാം മനുഷ്യ ജീവിതത്തിൽ കണ്ണീരിനും സ്ഥാനമുണ്ട് വേർപാട് വേദനയാണെന്നും അതിലൂടെ ജീവിക്കുന്ന ഓർമ്മകൾക്കും സ്ഥാനമുണ്ടെന്ന തിരിച്ചറിവ്.

പതിവിന് വിപരീതമായി ഇവിടെ ആത്മാക്കൾക്കും ഇവിടെ ജീവിതമുണ്ട് സ്വർഗ്ഗത്തിലോ നരകത്തിലോ ഒന്നുമല്ല ഭൂമിയിൽ അവർക്കിടയിൽ തന്നെ തങ്ങൾ ജീവിച്ചിരുന്നിടത് മറ്റാര്ക്കും കാണുവാനാകാതെ. ജീവിച്ചിരിക്കുന്നവർക്കൊപ്പം നടക്കുന്ന ആത്മാക്കൾ മറ്റൊരു ലോകം സൃഷ്ടിക്കയായിരുന്നെന്ന് പറയാം. എന്നാൽ മനുഷ്യന് മാത്രമാണോ മരണാന്തര ജീവിതമുള്ളതും ആത്മാവുള്ളതും?

ഇവിടെ മരണാന്തര ചടങ്ങുകളൊക്കെ കഴിഞ്ഞു തന്റെ കാമുകി തന്നെയോർത് ഒന്ന് കരഞ്ഞിരുന്നെങ്കിൽ എന്ന് മാറിചിന്തിക്കുന്ന വൈശാഖൻ മരണത്തിനു വേർപാടിന്റെ വേദന എന്തെന്ന് തിരിച്ചറിവ് നൽകുകയായിരുന്നു. മരണാനന്തരം അവിടെ ആത്മാക്കൾ ആരെയും ഉപദ്രവിച്ചില്ല അവരുടെ കൂട്ടർക്കിടയിൽ ജീവിതം ആസ്വദിക്കുന്നു.

ജീവിച്ചിരിക്കെ കൺകെട്ടി വിശ്വസിച്ച പലതും പൊള്ളയായിരുന്നെന്ന് മനസിലാക്കാൻ മരണത്തിലൂടെയേ അന്നാട്ടുകാർക്ക് മനസിലായിട്ടുണ്ടായിരുന്നുള്ളൂ. മരണാന്തരവും ജീവിച്ചിരിക്കുന്ന ആത്മാക്കൾക്ക് ബലിയൂട്ടുന്നവരെ അടച്ചാക്ഷേപിച്ചും മരണത്തിന്റെ ദുരാചാരങ്ങളിൽ നിലകൊള്ളുന്ന പലതിനെയും ആക്ഷേപഹാസ്യത്തിലൂടെ പരിഹസിച്ചും സംവിധായകൻ മരണത്തെയും മരണാനന്തര ജീവിതത്തെയും വരച്ചുകാട്ടി. മരണാനന്തരം ജീവിക്കുന്നതും ആത്മാവാകുന്നതും മനുഷ്യൻ മാത്രമാണോ? അല്ലയെന്ന് രണ്ടു കഥകളും പറയാതെ പറഞ്ഞിട്ടുണ്ട്. വാവച്ചനൊപ്പം നിൽക്കുന്ന താറാവും ശ്രീധരനൊപ്പമുള്ള പട്ടിയുമെല്ലാം ആത്മാക്കളായ് ജീവിക്കയാണ്. ആത്മാക്കൾ വെള്ള വസ്ത്രധാരികളല്ലെന്നും വിശപ്പും ദാഹവുമൊക്കെയുള്ളവരാണെന്നും ഇബിലീസിൽ ചൂണ്ടിക്കാട്ടുമ്പോൾ ആത്മാക്കൾക്ക് വളർച്ചയില്ല എന്ന് കൂടി ചൂണ്ടിക്കാണിക്കുന്നുണ്ട്. മരണം വേർപാടെങ്കിൽ ആശൂന്യത നൽകുന്ന വേദന കണ്ണീരിൽ കഴുകി. മരണത്തെയും മരണാനന്തര ചടങ്ങുകളെയും ജീവിതത്തെയും പൊള്ളയായ വിശ്വാസങ്ങളെയും പൊളിച്ചെഴുതി മരണത്തിനു മറ്റൊരു മുഖമൂടി നൽകിയ ചിത്രങ്ങൾ വിളിച്ചോതിയത്‌ മാറ്റത്തിന്റെ കാഴ്ചപ്പാടുകളുടെ മറ്റൊരു ലോകമാണ്.

Share with:


About the Author

Ashu Ashly
അക്ഷരങ്ങളുടെയും സിനിമകളുടെയും ലോകത്ത് പറന്നു നടക്കാൻ ഇഷ്ടം. പ്രണയമാണ് അക്ഷരങ്ങളോട്.

Be the first to comment on "Malayalam Movies on Death and Life After Death | Iblis and Ee Ma Yau"

Leave a comment

Your email address will not be published.