Sooryane Aninja Oru Sthree | Malayalam Book Review

Sooryane Aninja Oru Sthree

പുസ്തകം: സൂര്യനെ അണിഞ്ഞ ഒരു സ്‌ത്രീ
എഴുതിയത്: K.R. മീര
പ്രസാധകർ: ഡിസി ബുക്സ്

ബൈബിളിലെ പ്രധാന ഭാഗങ്ങളിൽ ഒന്നാണ് ഈ വരി ഒരുപക്ഷെ ചിലരെങ്കിലും കേട്ടിട്ടുണ്ടാകാം… സ്വന്തം ഭർത്താവിനെ കൊലപ്പെടുത്താൻ വാടകഗുണ്ടക്കു പണം കൊടുത്തവൾ എന്നു കല്ലെറിയപ്പെട്ടു കുടുംബകോടതിയിൽ നിൽക്കുന്ന, അതിബുദ്ധിമതിയായ, ഓരോ പടവിലും റാങ്കുകൾ വാരികൂട്ടിയ, ഒരു പീഡിയാട്രിക് ഡോക്ടർ… ജെസ്‌ബെൽ.

ഒരിക്കലും പണിതീരാത്ത കെട്ടിടമായിരുന്നു കുടുംബകോടതി. റോഡിന്റെ ഒരു വശത്തു പള്ളി. അവിടെ മനുഷ്യർ കൂട്ടിച്ചേർക്കപ്പെട്ടു. മറുവശത്ത് കോടതി. അവിടെ മനുഷ്യർ വേര്പിരിക്കപ്പെട്ടു.

കെ ആർ മീര തന്റെ പുസ്തകം തുടങ്ങുന്നത് ഈ ഒരു ചിത്രത്തിൽ നിന്നാണ്. അവിടെ പ്രതിപാദിക്കപ്പെട്ട ജെസ്‌ബെൽ എന്ന ഡോക്ടറുടെ ജീവിതത്തിനെയും അനുബന്ധജീവിതങ്ങളെയും ബൈബിളിലെ മഹോന്നതമായ വചനഭാഗങ്ങൾ സന്നിവേശിച്ചിപ്പിച്ചും വംശാവലി വരച്ചു കാട്ടിയും എഴുത്തുകാരി തന്റെ കഥക്കു ബൈബിളിന്റെ ആഖ്യാനശൈലിയെ ചിലയിടങ്ങളിൽ കടമെടുത്തും പുതിയ മാനം നൽകിയിരിക്കുന്നു.

ഏതൊരു ഡിഗ്രിക്കുമപ്പുറം ഏതൊരു പെണ്ണും മനസ്സു കൊണ്ടു മോഹിക്കുന്ന ഒത്തിരി സ്വപ്നങ്ങളുമായാണ് ജറോം ജോർജ് മരക്കാരുടെ ജീവിതത്തിലേക്ക് ജെസ്‌ബെൽ കാലെടുത്തു വെക്കുന്നത്. ജലമായ സ്ത്രീയും മണലായ പുരുഷനും തമ്മിലുള്ള ഒത്തുചേരൽ ആയിരുന്നു അത്.ഒരു പുരുഷന്റെ കരത്താൽ തരളിതമാകാൻ കൊതിച്ചു വന്ന ആദ്യരാത്രി തന്നെ അയാളിൽ നിന്നും അവൾക്ക്‌ നേരിടേണ്ടി വന്ന തിരസ്കരണം മൂലം രണ്ടര വർഷം ഒരുമിച്ചു ജീവിച്ചിട്ടും അവൾ കന്യകയായി തന്നെ നിലകൊണ്ടു.

സ്ത്രീയെ അടിച്ചമർത്തപ്പെട്ടവളായി കരുതുന്ന ഒരു സമൂഹത്തിന്റെ പ്രതിബിംബമായ ജോർജ് ജറോം മരക്കാരുടെയും അയാളുടെ മകന്റെയും പിടിയിൽ നിന്നും മോചിതയാകാൻ കൊതിക്കുന്ന ജെസ്‌ബെൽ , തന്റെ വംശാവലിയിൽ കന്യകയായി തന്നെ നിലകൊണ്ടപ്പോൾ അവൾ അവളെ തന്നെ ഗർഭം ധരിച്ചു. പാദങ്ങൾക്കിടയിൽ ചന്ദ്രനും പന്ത്രണ്ടു നക്ഷത്രങ്ങളുടെ കിരീടവുമായി അവൾ അവളെ തന്നെ പ്രതിഷ്ഠിച്ചു.

സൂര്യനെ അണിഞ്ഞ സ്ത്രീയായി തീർന്നു.

ബൈബിളിൽ ഏലിയ പ്രവാചകനെ വെല്ലുവിളിക്കുന്ന ശക്തയായ സ്ത്രീയായി ചിത്രീകരിച്ചിരിക്കുന്ന ജെസ്‌ബലിനെ ജീവിതത്തിൽ കന്യകയായിരുന്നിട്ടും സ്വന്തം ഭർത്താവും അപ്പനും ഹോർ ഹോർ എന്നും വിളിച്ചു അവളുടെ നാമത്തെ അധിക്ഷേപിക്കുന്നിടത്താണ് ജെസ്‌ബെൽ എന്ന ഡോക്ടർ ചിറകടിച്ചു വീഴുന്നത്.

അവളെ കൈപിടിച്ചുയർത്താൻ സമൂഹത്തിന്റെ എല്ലാവിധ കെട്ടുകളേയും പൊട്ടിച്ചെറിഞ്ഞു കാലത്തിനു മുന്നേ നടന്ന അവളുടെ വല്യമ്മച്ചി കൂടെ നടക്കുന്നുണ്ട്.
‘പുരുഷനെ അറിയാൻ , അവനോടു പിണങ്ങണം” വല്യമ്മച്ചി അവളോട്‌ പറയുന്നു.

ലൈംഗിക അതിക്രമങ്ങൾക്കു ഇരയാകുന്ന പെണ്കുട്ടികളുടെയും ആണും പെണ്ണുമല്ലാതെ ആയി ജനിച്ചവരുടേയും ജനനേന്ദ്രിയ ശസ്‌ത്രക്രിയ നടത്തിയ ട്രീസ എന്ന അദ്വൈതിന്റെയും തുടങ്ങി അനവധി കഥാപാത്രങ്ങളുടെ ജീവിതചിത്രങ്ങൾ കഥകൾക്കിടയിലൂടെ എഴുത്തുകാരി വരച്ചു കാട്ടുന്നുണ്ട്.

തികച്ചും ഒരു സ്ത്രീപക്ഷ എഴുത്തായി പുസ്തകത്തെ എനിക്ക് കാണാൻ സാധിച്ചില്ല. ജെസബെല്ലിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന പല പുരുഷൻമാരുടെയും ജീവിതത്തിന്റെ ഉള്ളറകളിൽ നെരിപ്പോടുകൾ എരിഞ്ഞു കത്തിക്കൊണ്ടിരുന്നു. ജീവിതം സമ്മാനിച്ച വ്രണത്തിൽ അവർ എന്ന വ്യക്തി എഴുതപ്പെടുകയും അവരുടെ തുടർന്നുള്ള ജീവിതത്തിൽ ഇന്നലെകളുടെ ചിത്രത്തെ മറയ്ക്കാൻ ശ്രമിക്കുകയും അതിൽ അവർ തളർന്നു പോവുകയും ചെയ്തുകൊണ്ടിരുന്നു.

സമൂഹവും മതവും നിഷ്കര്ഷിച്ച ചാലുകളിൽ നിന്നും മാറി നടന്നവരൊക്കെ തങ്ങളുടെ മുഖത്തെ അനാവരണം ചെയ്യാൻ ഭയന്നു വിവാഹം എന്ന ചട്ടകൂടിനുള്ളിൽ അഭയം പ്രാപിക്കുകയും തങ്ങളുടെ സ്വകാര്യതകളെ സമൂഹത്തിൽ നിന്നും മറക്കാനുള്ള വേദിയായി വിവാഹത്തെ സ്വീകരിക്കുകയും ചെയ്തു.

വാർദ്ധക്യം ബാധിച്ച് എല്ലു തോലും മാത്രം ആയി മരണക്കിടക്കയിൽ തന്റെ കാമുകിയായ അമ്പതുകാരിയെ കാണാൻ എത്തുന്ന യുവാവിനോടും പഴുത്ത് ചീഞ്ഞ ശരീരവും കൊണ്ടു ജീവശ്ശവം പോലെ കിടക്കുന്ന ജറോം മരക്കാരനെ വിട്ടു പോകാതെ ശുശ്രൂഷിച്ചു കാവൽ ഇരിക്കുന്ന കാമുകനായ അവിനാശും സ്നേഹത്തിന്റെ പുതിയ ഭാഷ്യം അവരുടെ ജീവിതം കൊണ്ട് വിളിച്ചു പറഞ്ഞു.

ജെസ്‌ബെൽ എന്ന കഥാപാത്രം തന്റെ ജീവിതത്തിലെ ഓരോ പ്രതിസന്ധി ഘട്ടത്തിലും റബ്ബിയായ ജെസ്‌ബെൽ എന്നു സ്വയം പ്രഖാപിച്ചു ശിഷ്യയായ ജെസ്‌ബലിനെ വിലയിരുത്തുകയും ശക്തിപ്പെടുത്തുകയും മഹോന്നതിയിൽ കുടിയിരുത്തുകയും ചെയ്യുന്നുണ്ട്. ക്രൂരമായ പീഡാനുഭവങ്ങൾ മറികടക്കാൻ സ്വയം ക്രിസ്തുവായി അവൾ സങ്കലിപ്പിച്ചു”

സമൂഹത്തിനു എപ്പോഴും എല്ലാവരെയും തുടലിൽ കെട്ടണം.സമൂഹത്തിനു വേണ്ടത് തങ്ങളെ അനുസരിക്കുന്ന , തങ്ങൾ നിഷ്‌കർഷിക്കുന്ന പാതയിൽ ചരിക്കുന്ന, ഒരു വിഭാഗത്തെയാണ്.അറിഞ്ഞോ അറിയാതെയോ നാം എല്ലാം ഓരോ തുടൽ നിർമിച്ചു കൊണ്ടിരിക്കുന്നു. ജെസ്‌ബെൽ തന്റെ കഴുത്തിൽ കുരുങ്ങി കിടന്ന തുടലിനെ വലിച്ചെറിയാൻ ശ്രമിച്ചു.

ജീവിതത്തിൽ പിശാചിന്റെ പ്രലോഭനത്തിൽ , പീഡകളിൽ അവൾ മാനസിക നില നഷ്ടപ്പെട്ടു പോകാൻ നേരമൊക്കെയും അവളെ താങ്ങാൻ എന്നവണ്ണം ദൂതന്മാരായ മാലാഖമാർ സൗഹൃദങ്ങളായി അവൾക്കു ചുറ്റും ചിറകു വിരിച്ചു നിന്നു
“ജീവിതത്തിൽ ദുരന്തമുണ്ടാകുമ്പോഴാണ് നമ്മുടെ ഏറ്റവും വലിയ ശത്രു സമയമാണെന്നു മനസ്സിലാവുക. ഒരുപാട് കൈകളുള്ള ഭൂതത്തെ പോലുള്ള സമയം , അതു നമ്മുടെ കൊങ്ങക്കു പിടിക്കും മുന്നെ അതിന്റെ കൈകളിൽ എന്തെങ്കിലും ഏൽപ്പിച്ചു കൊടുക്കണം”

ഓരോരുത്തരും പീഡകൾ സഹിച്ചു , കുരിശുമരണം കൈവരിക്കുന്നത് ഓരോരോ ജീവിതങ്ങളുടെ വിശുദ്ധീകരണത്തിനും ഉയർച്ചക്കും വേണ്ടിയാണ്. അങ്ങനെയുള്ള കുരിശുമരണത്തിന്റെ ഒടുവിൽ , തന്നെ ശത്രുവായ പ്രഖാപിച്ചു മരണതുല്യമായ ജീവിതം സമ്മാനിച്ച ജെസ്‌ബെല്ലിന്റെ അമ്മായിയപ്പനും തന്റെ ഭാര്യയുടെ അവിഹിതഗര്ഭത്തിൽ നിന്നുണ്ടായ മകളെ അടിമപ്പണി ചെയ്യിച്ചുകൊണ്ടിരുന്ന ജോർജ് സക്കറിയക്കും മരണം മണക്കുന്ന ആശുപത്രിയുടെ ഇരുണ്ട മുറികളിൽ ജെസ്‌ബെൽ സ്നേഹത്തിന്റെ തൈലം പൂശി സ്നാനം നൽകുന്നുണ്ട്.

ശരീരത്തെയും മനസ്സിനെയും ശിരസ്സിനെയും മുറുക്കി കെട്ടിയിരുന്ന കച്ചകൾ അഴിച്ചു വെച്ചപ്പോൾ അവൾ കൂടുതൽ ശക്തി പ്രാപിക്കുകയും ഉയർത്തെഴുന്നേൽക്കുകയും ഉദിച്ചുയർന്ന സൂര്യകിരണങ്ങളിൽ ലയിച്ചു ചേർന്ന്… അവൾ ആയി തീർന്നു.
സൂര്യനെ അണിഞ്ഞ സ്ത്രീ.

ഈ പുസ്തകത്തെ എതിർത്തവരുണ്ടാകാം, തുടക്കം മുതൽ ഒടുക്കം വരെ ഒരു എഴുത്തുകാരിയുടെ കണ്ണിലൂടെ, ബൈബിളിലെ കഥാപാത്രത്തെ തന്റെ കഥാപാത്രത്തിനു ജീവൻ പകർന്നു വചനഭാഗങ്ങളെ ഉദ്ധരിച്ച് ശക്തമായ ഭാഷയിൽ സമൂഹത്തിന്റെയും മതത്തിന്റെയും ചില വേലിക്കെട്ടുകളെ തകർത്തെറിഞ്ഞ ഒരു പുസ്തകമായെ ഞാൻ ഇതിനെ കാണുന്നുള്ളൂ.

പുസ്തകത്തിന്റെ ഒടുവിൽ പറയുന്ന ബൈബിൾ വചനങ്ങൾ പോലെ…

സമയം അടുത്തിരിക്കുന്നു. അനീതി ചെയ്തിരുന്നവൻ ഇനിയും അനീതി ചെയ്തു കൊള്ളട്ടെ. പാപക്കറ പുരണ്ടവൻ ഇനിയും അങ്ങനെ തന്നെ ചെയ്യട്ടെ. നീതിമാൻ ഇനിയും നീതി പ്രവർത്തിക്കട്ടെ. വിശുദ്ധൻ ഇനിയും വിശുദ്ധീകരിക്കപ്പെടട്ടെ. അസത്യത്തെ സ്‌നേഹിക്കുകയും അതു പ്രവർത്തിക്കുകയും ചെയ്യുന്ന സകലരും പുറത്ത്.

ആകയാൽ. സൂര്യനെ അണിഞ്ഞ സ്ത്രീ ഇനി ഒരിക്കലും വിലപിക്കുകയില്ല!

Share with:


About the Author

Ashu Ashly
അക്ഷരങ്ങളുടെയും സിനിമകളുടെയും ലോകത്ത് പറന്നു നടക്കാൻ ഇഷ്ടം. പ്രണയമാണ് അക്ഷരങ്ങളോട്.

Be the first to comment on "Sooryane Aninja Oru Sthree | Malayalam Book Review"

Leave a comment

Your email address will not be published.