Bhagavante Maranam by K.R. Meera | Book review by Ashu Ashly

Malayalam Book Review

ഭഗവാൻ മരിച്ചുവോ? ഭഗവാന് മരണമുണ്ടോ? ഈ ചിന്ത വന്നതു മുതൽ പുസ്തകം വായിക്കണമെന്ന ആഗ്രഹവും കൂടി വന്നു. പേരിലുള്ള വ്യത്യസ്തതകൊണ്ടോ കെ. ആർ. മീര എന്ന സ്ത്രീപക്ഷ എഴുത്തുകാരിയോടുള്ള അമിത ആരാധനകൊണ്ടോ ഇതു വായിക്കാൻ ഞാൻ നിർബന്ധിതയായി. മറ്റുള്ള പുസ്തകങ്ങളുടെ പുറചട്ടയിൽ നിന്നും വളരെ വ്യത്യസ്തമാർന്ന ഡിസൈനിങ് ആയിരുന്നു എന്നെ ആകർഷിച്ച മറ്റൊരു ഘടകം.

ഒരു പുറം മുതൽ മറ്റേ പുറം വരെയും എല്ലാ പേജുകളിലൂടെയും കടന്നുപോകുന്ന ഒരു തുളയാൽ അക്ഷരങ്ങൾ ചിതറി മാറിയിരിക്കുന്നു. ഒരു ഡിസൈനർ എന്ന നിലയിൽ അതെന്നെ വളരെ ഇഷ്ടപെടുത്തി. അതാവാം എഴുത്തുകാരി തന്റെ അക്ഷരങ്ങൾക്കിടയിൽ ഒളിപ്പിച്ചുവച്ചതെന്തെന്ന് ചിന്തിപ്പിക്കാനും മുൻവിധികളോടെ വായിക്കാനും എന്നെ പ്രേരിപ്പിച്ചത്.

മീരയുടെ പുസ്തകങ്ങളിൽ അധികവും സ്ത്രീകൾ ധീരകളാണ്. പുരുഷന്മാരുടെയൊപ്പം അല്ലെങ്കിൽ പുരുഷന്മാരേക്കാൾ കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങൾ. കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യമാണ് മീരാ കഥകളിലെ മറ്റൊരുപ്രത്യേകത സ്ത്രീയുടെ ചിന്തകളിലൂടെ കടന്നുപോകുന്ന സന്ദർഭങ്ങൾ പലയിടത്തും കാണാനാവും. സമകാലീനതയെ വരച്ചുകാട്ടുന്ന ആറു കഥകളടങ്ങിയ പുസ്തകമാണ് ഭഗവാന്റെ മരണം. ഒരു കാമുകൻ പ്രേതത്തിന്റെ കഥ പറയുന്ന “ആൺ പ്രേതം” വളരെ ആകാംക്ഷയോടെയാണ് വായിച്ചു തീർത്തത്. മരണം, കൊലപാതകം, ഇരുട്ട്, കൊട്ടാരം, നിലവറ ഇവയെല്ലാമാണല്ലോ പ്രേതകഥകളിലെ ആവാസസ്ഥലം. കൊല്ലപ്പെട്ട കാമുകന്റെ കൊലപാതകിയെ അറിയാൻ കാമുകന്റെ പ്രേതത്തെ കാത്തിരിക്കുന്ന കാമുകനാൽ ചതിക്കപെട്ട കാമുകി. ചതിയിൽപ്പെടുത്തുന്ന ആൺ വർഗ്ഗത്തോടുള്ള വെല്ലുവിളികൂടിയാണ് ഇതിന്റെ ഇതിവൃത്തം. പ്രേതമായാലും പുരുഷൻ പുരുഷൻ തന്നെയാണല്ലോ എന്ന ചോദ്യത്തിൽ പുരുഷാധിപത്യത്തെ ചൂണ്ടിക്കാട്ടുന്നു.

ജാതി, മതം, വർഗീയത

“ഭഗവാന്റെ മരണം” എന്ന രണ്ടാമത്തെ കഥ വളരെ ആകാംഷയോടെ വായിച്ചു തുടങ്ങിയെങ്കിലും ഒരു ശരാശരി വായനക്കാരി എന്ന നിലയിൽ രണ്ടാവർത്തി വായിച്ചശേഷമാണ് എനിക്ക് പൂർണമായും മനസിലായത്. ഭഗവത് ഗീതയെ നിന്ദിച്ച പ്രൊഫസ്സറും അദ്ദേഹത്തെ കൊല്ലാനെത്തുന്ന അമരയും കേന്ദ്ര കഥാപാത്രങ്ങളായിരുന്നു. ബസവണ്ണയുടെ വചനങ്ങളാൽ തന്റെ മനസ്സുമാറുന്ന അമര. ജാതി, മതം, വർഗീയത തുടങ്ങിയ ഉപമകളാൽ നന്മ തിന്മയുടെ തിരിച്ചറിവാണ് കഥയുടെ ഇതിവൃത്തം.

ഒരു പരിധിവരെ മനസിലാകാത്ത ചില വാക്കുകളും ഉപമകളും കഥയിൽ അവിടിവിടെയായ് കാണാമായിരുന്നു. ആദ്യമേ പറഞ്ഞതുപോലെ ഒരു ശരാശരി വായനക്കാരി ആയതിനാലിരിക്കാം എന്തായാലും ഭഗവാന് മരണമില്ല. ഒരോ സാഹചര്യത്തിലും നമ്മളിൽ ചിലരെങ്കിലും ഭഗവാന്മാരായി മാറിക്കൊണ്ടിരിക്കുന്നു. ഭാരത്തിന്റെ ഇന്നത്തെ അവസ്ഥയെ വരച്ചുകാട്ടുകയാണ് “സ്വച്ഛ ഭാരതിയും” “സഘിയണ്ണനും” “മാധ്യമധർമ്മവു”മൊക്കെ. നാം അനുദിനം അടുത്തറിയുന്ന വാർത്തകളിലൂടെ കടന്നുപോകുന്ന സംഭവങ്ങൾ വളരെ ഹാസ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്നു.

മാധ്യമധർമ്മം

സ്വച്ഛഭാരതിയിൽ സന്യാസിയച്ചൻ തന്റെ പ്രസംഗങ്ങളിലൂടെ ആൾദൈവ കച്ചവടം എന്ന വലിയൊരു ശൃംഖല മനസിലാക്കിതരുന്നു. വാഗ്ദാനങ്ങളിൽ കാൺമൂടികെട്ടി സഞ്ചരിക്കുന്ന സമൂഹത്തെ ഇതിലൂടെ അവതരിപ്പിച്ചിരിക്കുന്നു. സംഘിയണ്ണനെന്ന കഥ ഇന്നത്തെ രാഷ്ട്രീയത്തോട് വളരെയധികം ഇഴചേർന്നു കിടക്കുന്നു. നാം കണ്ടിരിക്കുന്ന ചിലരുമായ് വളരെ സാദൃശ്യം തോന്നുന്ന സന്ദർഭങ്ങൾ. ആക്ഷേപഹാസ്യം വളരെ തന്മയത്തത്തോടെ തന്നെ മീര ഈ കഥയിൽ അവതരിപ്പിച്ചിരിക്കുന്നു. ബീഫും, ഗുജറാത്തും, ദേശിയഗാനവും, രാജ്യസ്നേഹവുമെല്ലാം സംഘിയണ്ണനെ സംഘിയാക്കുന്നു

“മാധ്യമധർമ്മം” – ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്ന സമകാലീനാവസ്ഥയെ വളരെ വ്യക്തമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. മാധ്യമങ്ങളാൽ വളച്ചൊടിക്കപെടുന്ന വാർത്തകളാണ് മാധ്യമങ്ങളുടെ ഇന്നത്തെ ധർമമെന്ന് വളരെ വ്യക്തമാക്കിതരുന്നു. റേറ്ററിങ്ങിൽ, മാധ്യമങ്ങളുടെ വില്പനയിൽ മാത്രം ചുരുങ്ങിപോകുന്ന ധർമത്തോടുള്ള ശക്തമായ വിമർശനമാണ് കഥയുടെ ആത്മാവ്.

“സെപ്റ്റംബർ 30″ പ്രണയവും നഷ്ടപ്പെടലുമെല്ലാം നിറച്ച ഒരു പ്രണയ കഥ. പ്രായക്കൂടുതലുള്ള സ്ത്രീയെ പ്രേമിക്കരുത്. സ്നേഹിച്ചും, ലാളിച്ചും, സംരക്ഷിച്ചും നശിപ്പിക്കുമെന്ന” ആത്മനൊമ്പരത്തോടുള്ള ഈ വാക്കുകളിൽ കഥയെ ഉൾക്കൊള്ളാനാകും. ചില വാക്കുകളും അർത്ഥങ്ങളും മനസിലാക്കാൻ കുറച്ചു ബുദ്ധിമുട്ടിയതൊഴിച്ചാൽ എന്തുകൊണ്ടും കെ ആർ മീരയെന്ന സ്ത്രീപക്ഷ എഴുത്തുകാരി തന്റെ കുറിക്കുകൊള്ളുന്ന വാക്കുകളിലൂടെ സമകാലീനതയെ വിമർശനാത്മകമായി വളരെ മികച്ച രീതിയിൽ വരച്ചുകാട്ടിയെന്നു നിസംശയം പറയാനാകും.

Share with:


About the Author

Ashu Ashly
അക്ഷരങ്ങളുടെയും സിനിമകളുടെയും ലോകത്ത് പറന്നു നടക്കാൻ ഇഷ്ടം. പ്രണയമാണ് അക്ഷരങ്ങളോട്.

Be the first to comment on "Bhagavante Maranam by K.R. Meera | Book review by Ashu Ashly"

Leave a comment

Your email address will not be published.