പ്രേതങ്ങളുടെ പരിണാമദിശ: മലയാള സിനിമ – 1 | Evolution of Ghosts

Horror Films Of Malayalam Cinema

മലയാള സിനിമ: പ്രേതസങ്കല്‍പ്പങ്ങള്‍ എന്നും അനുവാചകനെ പോലെ തന്നെ സ്രഷ്ടാവിനേയും ആകര്‍ഷിച്ചിരുന്ന ഒന്നാണെന്നു വേണം കരുതാന്‍. ഒരു കലാകാരനെ സംബന്ധിച്ച് എന്നും ഇഷ്ട വിഷയമായിരിക്കുന്ന ഒന്നത്രേ യക്ഷികള്‍.

മാടനും, മറുതയും, അറുകൊലയും, ദുരാത്മാവും, ഗന്ധര്‍വ്വനും, യക്ഷിയും (അതില്‍ തന്നെ രക്ത യക്ഷി, വട യക്ഷി എന്നിങ്ങനെ അനുബന്ധ കാറ്റഗറികള്‍ ഉണ്ട്), രാക്ഷസനും, ഒടിയനും തുടങ്ങി ദ്വന്ദ വ്യക്തിത്വം വന്ന ചിത്തരോഗി വരെ കഥാപാത്രങ്ങളായി വെള്ളിത്തിരയില്‍ എത്തിയുട്ടുണ്ട്. പ്രേക്ഷകനെ ഭയപ്പെടുത്തുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സാഹിത്യവും സിനിമയും ഒരു കാലത്ത് ഇഴ ചേര്‍ന്ന് വളര്‍ന്നിരുന്നവയായിരുന്നു. പല ക്ലാസ്സിക് സാഹിത്യ സൃഷ്ടികളും പിന്നീട് അഭ്രപാളികളില്‍ പ്രേക്ഷകനെ തേടിയെത്തിട്ടുണ്ട്. തകഴിയുടേയും, കേശവദേവിന്‍റെയും, ഉറൂബിന്‍റെയും, വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെയും, എം.ടി യുടേയും എത്രയോ രചനകള്‍ സിനിമകളാവുകയും കാഴ്ചക്കാര്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരിക്കുന്നു.

ആല്‍ഫ്രെഡ് ഹിറ്റ്‌ച്കോക്കിന്‍റെ ‘സൈക്കോ’(1960) ഇന്നും സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറുകളുടെ തന്നെ അമ്മയെന്ന് വിദഗ്ദര്‍ വിലയിരുത്തുന്നുണ്ട്. അങ്ങനെ നോക്കുമ്പോള്‍ മലയാള സിനിമയെ സംബന്ധിച്ച് ‘ മദര്‍ ഓഫ് ഓള്‍ ഹൊറര്‍ ഫിലിംസ്’ എന്ന് വിശേഷിപ്പിക്കാവുന്നത് ‘ഭാര്‍ഗവീനിലയ’ ത്തെ തന്നെയാണ്. ചന്ദ്രതാരയുടെ ബാനറില്‍ ടി.കെ പരീക്കുട്ടി നിര്‍മ്മിച്ച് 1964-ല്‍ പുറത്തു വന്ന ചിത്രത്തിന്‍റെ സംവിധായകന്‍ വിന്‍സന്‍റ് മാഷാണ്. ‘നീലക്കുയില്‍’ (1954) എന്ന പ്രഥമ ചിത്രം കൊണ്ടു തന്നെ മലയാള ചലച്ചിത്ര രംഗത്ത് ഒരു നവതരംഗം സൃഷ്ടിക്കാന്‍ ചന്ദ്രതാര പിക്ച്ചേഴ്സിനു കഴിഞ്ഞിരുന്നു. പി. ഭാസ്ക്കരനും രാമു കാര്യാട്ടും ചേര്‍ന്ന് സംവിധാനം ചെയ്ത സിനിമ വാണിജ്യ വിജയത്തിനൊപ്പം രാഷ്ട്രപതിയുടെ രജതകമലും സ്വന്തമാക്കി ദേശീയ ശ്രദ്ധ പിടിച്ചു പറ്റി. നീലക്കുയില്‍ പുറത്തിറങ്ങി പത്തു വര്‍ഷം തികയുന്ന വേളയില്‍ വിലപ്പെട്ട മറ്റൊന്ന് പ്രേക്ഷകന് നല്‍കാന്‍ ചന്ദ്രതാര പ്രതിജ്ഞാബദ്ധരായിരിക്കുന്ന സമയത്താണ് വൈക്കത്തിന്‍റെ രംഗപ്രവേശം. നീലക്കുയിലില്‍ ഫോട്ടോഗ്രാഫര്‍ ആയി പ്രവര്‍ത്തിച്ച വിന്‍സന്‍റ് മാഷിന്‍റെ ആദ്യ സംവിധാന സംരഭം, വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ തിരക്കഥ എന്ന ആദ്യ ഉദ്യമം. മലയാളത്തിലെ എക്കാലത്തേയും ക്ലാസ്സിക് ചിത്രങ്ങളില്‍ ഒന്നിന്‍റെ പിറവി അവിടെ തുടങ്ങുകയായിരുന്നു.

മുഹമ്മദ്‌ ബഷീറിന്‍റെ ആദ്യമായി ചലച്ചിത്രമാക്കപ്പെട്ട കഥ

ഭാര്‍ഗവീനിലയമാണ് വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ ആദ്യമായി ചലച്ചിത്രമാക്കപ്പെട്ട കഥ. പിന്നീട് അദ്ദേഹത്തിന്‍റെ പല കൃതികളും സിനിമകളായിട്ടുണ്ട് എങ്കിലും തിരക്കഥ അദ്ദേഹമല്ല എഴുതിയത്. ഭാര്‍ഗവീനിലയത്തിന്‍റെ കഥാതന്തു നീണ്ട ചര്‍ച്ചകള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് തിരഞ്ഞെടുത്തതെന്ന് നിരീക്ഷകന്‍ വി. അബ്ദുല്ല രേഖപ്പെടുത്തിയിട്ടുണ്ട്. വൈക്കത്തിന്‍റെ തന്നെ ‘നീലവെളിച്ചം’ എന്ന കഥയാണാധാരം.


നഗരത്തിന് അടുത്തുള്ള ഒരു ഒഴിഞ്ഞ വീട് സാഹിത്യകാരന്‍ തന്‍റെ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വാടകയ്ക്ക് എടുക്കുന്നു. ചുരുങ്ങിയ വാടക അയാള്‍ സന്തോഷിച്ചു, പക്ഷേ പിന്നീടാണ്‌ അതൊരു പ്രേതബാധയുള്ള വീടാണ് എന്നറിയുന്നത്. വീട്ടു വളപ്പില്‍ തന്നെയുള്ള കിണറ്റില്‍ പ്രേമനൈരാശ്യം മൂലം ചാടി മരിച്ചു പോയ ഭാര്‍ഗവിക്കുട്ടി എന്ന യുവതിയുടെ പ്രേതം. അവരുടെ കഥയെഴുതാന്‍ തീരുമാനിക്കുന്ന സാഹിത്യകാരന്‍ നടത്തുന്ന അന്വേഷണങ്ങള്‍.

ഈ അതുല്യ രചന അഭ്രപാളികളില്‍ എത്തിയപ്പോള്‍ സാഹിത്യകാരനായി മധുവും ഫ്ലാഷ്ബാക്കില്‍ വരുന്ന കാമുകീകാമുകന്മാരുടെ വേഷം പ്രേം നസീറും വിജയ നിര്‍മ്മലയും ആയിരുന്നു അവതരിപ്പിച്ചത്. പി ജെ, അടൂര്‍ ഭാസി, കോട്ടയം ശാന്ത തുടങ്ങിയവര്‍ അഭിനയിച്ച ചിത്രത്തിലായിരുന്നു പദ്മദളാക്ഷന്‍ എന്ന കുതിരവട്ടം പപ്പുവിന്‍റെ സിനിമയിലേക്കുള്ള രംഗ പ്രവേശം. ചിത്രത്തിലെ കഥാപാത്രത്തിന്‍റെ പേരില്‍ തന്നെയാണ് അദ്ദേഹം പിന്നീട് അറിയപ്പെട്ടത്.

റീമേക്കുകളുടെ അതിപ്രസരമുണ്ടായിരുന്ന ഒരു സമയത്ത് പോലും ‘ഭാര്‍ഗവീനിലയം’ റീമേക്ക് ചെയ്യപ്പെടാതെ ഇരുന്നത് എം എന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ ചെയ്യാന്‍ പി ജെ. ആന്‍റണിയെന്ന പ്രതിഭയല്ലാതെ മറ്റൊരാള്‍ ഇല്ലാതിരുന്നത് കൊണ്ടാണെന്ന് ജോണ്‍ പോള്‍ പറഞ്ഞതോര്‍ക്കുന്നു. ബാബുരാജ്- പി. ഭാസ്ക്കരന്‍ ടീമിന്‍റെ താമസമെന്തേ വരുവാന്‍, അറബിക്കടലൊരു മണവാളന്‍, പൊട്ടാത്ത പൊന്നിന്‍ കിനാവ്‌ കൊണ്ടൊരു തുടങ്ങിയ ഗാനങ്ങളെല്ലാം മലയാള ചലച്ചിത്ര രംഗത്തെ ഈ ആദ്യ പ്രേത സിനിമയിലേതാണ്.

ചിത്രത്തില്‍ നായകന് കടുത്ത വര്‍ണ്ണങ്ങളേക്കാൾ തൂവെള്ള വസ്ത്രങ്ങളോടാണ് താത്പര്യം എന്നത് കാമുകിയായ നായികയേയുംആ ഇഷ്ടത്തിലേക്ക് നയിക്കുന്നുണ്ട്. മരണശേഷം ഭാര്‍ഗവിക്കുട്ടി എന്ന കഥാപാത്രം വെള്ള നിറത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ തന്നെ ഹേതുവാകുന്നതതാണ്. എന്നാല്‍ പില്‍ക്കാലത്ത് പ്രേതങ്ങളുടെ തന്നെ യൂണിഫോം ആയി വെള്ളസാരികള്‍ മാറിയെന്നതത്ഭുതം. പ്രേത സാന്നിദ്ധ്യം വെളിവാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുവാന്‍ ഉപയോഗിച്ച പുക, മൂടല്‍മഞ്ഞ്, കരിമ്പൂച്ച തുടങ്ങിയവയെല്ലാം റഫറന്‍സ് എന്ന നിലയ്ക്ക് മലയാള സിനിമയില്‍ ഉപയോഗിക്കപ്പെട്ടത് കാലാതിവര്‍ത്തിയായി ചിത്രം മാറിയെന്നതിനുദാഹരണം തന്നെ. താമസമില്ലാത്തതോ, ഉപേക്ഷിക്കപ്പെട്ടതോ ആയ വലിയ വീടുകള്‍ കണ്ടാല്‍ ഭാര്‍ഗവീനിലയം പോലുണ്ട് എന്ന വിശേഷണം പോലും ആ സിനിമ ഉണ്ടാക്കിയെടുത്ത ആസ്വാദന സ്വാധീനത്തെ കാണിക്കുന്നതാണ്.

2014-ല്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷിച്ച ഭാര്‍ഗവീനിലയം എന്നും മലയാള സിനിമയില്‍ ഒരു നാഴികക്കല്ലായ് തുടരുമെന്നതിൽ സംശയമില്ല. ചിത്രത്തിലെ ഭാര്‍ഗ്ഗവികുട്ടി എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ വിജയ നിര്‍മ്മല ഈ വര്‍ഷം ജൂണ്‍ 27-നാണ് അന്തരിച്ചത്. സ്വന്തമായി 44 സിനിമകള്‍ (തെലുങ്ക്) സംവിധാനം ചെയ്ത് ഗിന്നസ് റെക്കോര്‍ഡ് ഇട്ട ആ അതുല്യ പ്രതിഭയെ ഈ തരുണത്തില്‍ സ്മരിക്കാം.

Share with:


About the Author

വിഷ്ണു എസ്.
ഒരു പത്രപ്രവര്‍ത്തകന്‍ ആകാന്‍ ആഗ്രഹിച്ച് നടക്കാതെ പോയ , സാഹിത്യവും സിനിമയും ഒരുപാട് ഇഷ്ടപ്പെടുന്ന തൊഴില്‍ രഹിതനായ ഹതഭാഗ്യന്‍.

Be the first to comment on "പ്രേതങ്ങളുടെ പരിണാമദിശ: മലയാള സിനിമ – 1 | Evolution of Ghosts"

Leave a comment

Your email address will not be published.