Thaniye Mizhikal Lyrics, the Beauty and the Pain it carries

Thaniye Mizhikalil Lyrics

മലയാളത്തിലെ യുവനടന്മാരുടെ കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയനായ ആളാണ് ടൊവിനോ തോമസ്. എന്ന് നിന്റെ മൊയ്തീനിലെ അപ്പുവേട്ടനിലൂടെ ആണ് മലയാളികൾ അദ്ദേഹത്തെ തിരിച്ചറിഞ്ഞതും ഇഷ്ടപ്പെട്ടു തുടങ്ങിയതും. തുടരെ തുടരെ മികച്ച ചിത്രങ്ങൾ ചെയ്ത് വളരെ പെട്ടെന്ന് മലയാള സിനിമാപ്രേമികൾക്ക് പ്രിയങ്കരനായി മാറിയ ടൊവിനോക്ക് മറ്റൊരസുലഭ സൗഭാഗ്യവും ഉണ്ടായിട്ടുണ്ട്. അദ്ദേഹം അഭിനയിച്ചു ഫലിപ്പിച്ച സിനിമകളിലെ പല പാട്ടുകളും സിനിമക്കൊപ്പം ആഴത്തിൽ വേരോടിയിട്ടുണ്ട്. വർഷങ്ങൾ കടന്നുപോയിട്ടും നാവിൻ തുമ്പത്ത് നിന്നും ഒട്ടും വിട്ടുമാറാത്ത അതിമനോഹരമായ ഗാനങ്ങൾ അദ്ദേഹത്തിന്റെ സിനിമകളിൽ ഉടനീളം ഉണ്ടായിട്ടുണ്ട്. പറഞ്ഞു വരുമ്പോൾ തന്നെ മനസിൽ ഒരു പിടി ഗാനങ്ങൾ കടന്നു വന്നിട്ടുണ്ടാവണം.

ഒരഭിമുഖത്തിൽ ടോവിനോ പറഞ്ഞു കേട്ടു “എല്ലായിടത്തും കേട്ട് കേട്ട് എനിക്ക് തന്നെ ആ പാട്ട് കേൾക്കുമ്പോൾ ഇപ്പോൾ വിഷമം വരും. ഞാനൊരാളെ ഉപദ്രവിക്കുകയാണെങ്കിൽ പോലും ബാക്ക്ഗ്രൗണ്ടിൽ ഇടനെഞ്ചിലെ മുറിവാറണം എന്നാണ് കേൾക്കുക.”

തീർത്തും വാസ്തവം. ടൊവിനോ എന്ന് കേൾക്കുമ്പോൾ ഏത് ഭാവത്തിലും ഏതവസ്ഥയിലും ഗപ്പിയും ഗപ്പിയിലെ ‘തനിയേ’ എന്ന് തുടങ്ങുന്ന ഗാനവും തന്നെയാണ് മനസ്സിൽ വരുന്നത്. ഹൃദയസ്പർശിയായ ആ ചലച്ചിത്രത്തിന് തീയ്യറ്ററിൽ അർഹിക്കുന്ന ശ്രദ്ധ കിട്ടാതെ പോയി എന്നത് ഇന്നും ഒരു വേദനയാണ്. വൈകിയാണെങ്കിലും ഗപ്പി സമൂഹത്തിന്റെ മുഖ്യധാരയിൽ ഒക്കെയും ചർച്ചക്ക് വിധേയമായി. സിനിമയോടൊപ്പം ഒരു പക്ഷേ അതിനേക്കാൾ ഒരു പടി കൂടെ ഹൃദയത്തോട് ചേർത്തു വച്ചത് തനിയേ എന്ന മനോഹരമായ ആ ഗാനത്തെ ആണ്.

വിഷ്ണു വിജയ്

2016ലെ ഏറ്റവും മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം സൂരജ് സന്തോഷിന് നേടിക്കൊടുത്ത ഈ ഗാനം ഇന്ന് 3 വർഷങ്ങൾക്കിപ്പുറവും ഇടനെഞ്ചോട് ചേർന്നു കിടക്കുന്നുണ്ട് എന്നതിൽ അതിശയമില്ല. അത്രമേൽ സൂക്ഷ്മമായി ഓരോ അണുവിലും ശ്രദ്ധ ചെലുത്തിയാവണം വിനായക് ശശികുമാർ അത് എഴുതിയിട്ടുണ്ടാവുക. എഴുതിയ വരികളുടെ ആത്മാവിന് ഒരിടത്തും മങ്ങലേൽക്കാതെ സൂരജ് ഹൃദയം കൊണ്ട് പാടിയിരിക്കുന്നു. സംഗീതം ചിട്ടപ്പെടുത്തിയത് വിഷ്ണു വിജയ് ആണ്. പതിയെ തുടങ്ങി ഒടുവിൽ സിര ഒന്നാകെ പടർന്നു കയറുന്നത് പോലെ താളം ഉയരുന്നുണ്ട്. വീണ്ടും താഴ്ന്നുമുയർന്നും നമ്മെ എവിടെയൊക്കെയോ കൂട്ടി കൊണ്ടുപോവുന്നുണ്ട്.

യാത്രകളിൽ ചെവിയിൽ പതിഞ്ഞ താളത്തിലും, രാത്രികളിൽ ഒറ്റക്കിരിക്കുമ്പോൾ ഒരിത്തിരി ഉച്ചത്തിലും കേൾക്കുമ്പോഴൊക്കെയും കണ്ണിൽ ഒരു നനവ് പടരാറുണ്ട്. ഒരു ചലച്ചിത്ര ഗാനത്തിന് ഒരു മനുഷ്യനെ ഇത്രമേൽ സ്പർശിക്കാൻ കഴിയുമെന്ന് തിരിച്ചറിയുന്നത് അതിലൂടെ ആണ്. എന്നെ സംബന്ധിച്ചിടത്തോളം ‘തനിയേ’ ഒരതിജീവനം കൂടിയാണ്. മാനസികമായ എന്റെ വേദനകളെയും മാരകമായ മൂഡ് സ്വിങ്ങുകളെയും തകർത്തെറിയാനും ഉള്ളിൽ പോസിറ്റീവ് എനർജി നിറക്കാനും പലപ്പോഴും ഈ പാട്ടിന് കഴിയാറുണ്ട്. ഒരു തവണയല്ല, മൂന്നും നാലും തവണ ഇതേ പാട്ട് അടുപ്പിച്ചു കേട്ടിരുന്ന എത്രയോ ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്.

കാലുകൾക്ക് ചലനശേഷി നഷ്ടപ്പെട്ട ഒരമ്മയെ വീൽ ചെയറിൽ ഇരുത്തി കടല് കാണിച്ചു പിന്നിൽ നിന്ന് മുത്തം കൊടുക്കുന്ന, ഒരായുസ്സിന്റെ മുഴുവൻ സ്നേഹവും പകർന്നു നൽകുന്ന ഒരു മകനുണ്ട് ഈ പാട്ടിൽ. അവന്റെ കളങ്കമേൽക്കാത്ത സ്നേഹം കണ്ണ് നിറക്കാതിരിക്കുന്നതെങ്ങനെ? ചേതൻ, എന്ത് ഭംഗിയായി അഭിനയിച്ചിരിക്കുന്നു നിങ്ങൾ.

ഇടനെഞ്ചിലെ മുറിവാറണം

കട്ടത്താടിയും കൂളിംഗ് ഗ്ലാസ്സുമിട്ട് ബുള്ളറ്റിൽ നാട്ടിലേക്ക് വന്ന, പിന്നീട് മേൽപ്പറഞ്ഞ അതേ മകനോട് പക വീട്ടുന്ന പരുക്കനായ ഒരെഞ്ചിനീയറിന്റെ അതിശയിപ്പിക്കുന്ന മൃദുവായ മറ്റൊരു പരിവേഷമുണ്ട് ഈ പാട്ടിൽ. ആശുപത്രിക്കിടക്കയിൽ വച്ച് ഊമയായ ഒരു നഴ്‌സ് പെണ്ണിന്റെ ആംഗ്യങ്ങൾ സ്നേഹത്തോടെ വീക്ഷിക്കുന്ന അയാളുടെ കണ്ണിൽ ഒരു തെളിച്ചം ഉദയം ചെയ്യുന്നുണ്ട്. പാട്ടിലുടനീളം അതവശേഷിക്കുന്നുമുണ്ട്. കയ്യിലൊരു കപ്പ് ചായയുമായി മറുകൈ കൊണ്ട് വാത്സല്യത്തോടെ അടുത്തുള്ള ആളെ ചേർത്തു പിടിച്ചു ചിരിക്കുമ്പോൾ അയാൾക്ക് സ്നേഹത്തിന്റെ മറ്റൊരു ഭാവമാണ്.

തട്ടമിട്ട സുന്ദരിപ്പെൺകുട്ടി പുഞ്ചിരിയോടെ തന്റെ ഉപ്പൂപ്പയുടെ തോളിലേക്ക് ചായുമ്പോൾ ഒരു കട്ടൻ ചായയിൽ സ്നേഹവും പ്രാർത്ഥനയും ചൊരിയുന്ന ഉമ്മൂമ്മ ഉണ്ട് പാട്ടിൽ. ആശുപത്രിക്കിടക്കയിൽ പോലും, അവരുടേത് മാത്രമായ കവിളിൽ ചിരി പടർത്തുന്ന നുറുങ്ങു തമാശകൾ കൂട്ടിനുണ്ട്.

പാട്ടിലുടനീളം ഗപ്പി സൈക്കിൾ ചവിട്ടുന്നത് നമ്മൾ കടന്നു വന്ന ജീവിതത്തിന്റെ വഴിത്താരകളിലൂടെ ആണെന്ന് തോന്നുന്നുണ്ട്. പ്രത്യാശയുടെയും പ്രതീക്ഷയുടെയും ഉദയങ്ങൾക്ക് കാത്തിരിക്കാൻ ഇടക്കിടെ സൂര്യനെ നോക്കി നിൽക്കുന്ന ഗപ്പി നമുക്ക് പ്രചോദനമാവുന്നുണ്ട്.

പാട്ടിന്റെ അവസാന ഭാഗത്തിൽ പല നിറങ്ങൾ പടർന്ന ബാന്റ് മേളം ജീവിതത്തിന്റെ വർണങ്ങളാണെന്നു തോന്നുമ്പോൾ, അവനതിൽ നിന്നും ദൂരേക്ക് ഓടി മറയുന്നുണ്ട്. പാട്ടിൽ പറയുന്ന പോലെ ഒരു പക്ഷേ നന്മകൾ പൂക്കുന്ന പുലരി തേടിയുള്ള യാത്രയുമാവാമത്.

തനിയേ മിഴികൾ തുളുമ്പിയോ

“വെറുതേ… മൊഴികൾ വിതുമ്പിയോ
മഞ്ഞേറും വിണ്ണോരം മഴ മായും പോലെ
കുഞ്ഞോമൽ കണ്ണോരം കണ്ണീരും മായേണം
നെഞ്ചോരം പൊന്നോളം…
ചേലേറും കനവുകളും ഒരുപിടി
കാവലായ് വഴി തേടണം ഒരു മാരിവിൽ ചിറകേറണം…
ആശതൻ തേരിതിൽ പറന്നു വാനിൽ നീ ഉയരണം
ഇടനെഞ്ചിലെ മുറിവാറണം ഇരുകണ്ണിലും മിഴിവേറണം
നന്മകൾ പൂക്കുമീ പുലരി തേടി നീ ഒഴുകണം…”

Share with:


About the Author

ശിൽപ നിരവിൽപുഴ
B'Tech Graduate. Blogger. Passionate about books and movies.

1 Comment on "Thaniye Mizhikal Lyrics, the Beauty and the Pain it carries"

  1. Adipoli song tovino my farovite nayakan

Leave a comment

Your email address will not be published.